"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ശനിയാഴ്‌ച, ജനുവരി 28, 2012

Why...
-ILHAM-

When I was a kid
I used to keep questioning
And with a tender smile
they answered me all the while


When I grew up
I kept questioning
But now,those tender smiles were gone
With no promises of an answer

I was the same ever
but they changed
And I didnt know
that time would betray me
But all the same
I kept questioning
With revulsion and pain
They would ask 'Why'?

'Why'?...
I retreat in vain.

There's nothing to do
With my voice sinking
into a sea of silence
No words
No more questions
And 'Why's in return
And no more of myself....


A LIE
--ILHAM-

I looked into the mirror
to read myself
trying hard
but the face wouldnt speak out
ever the same
But,I could see those eyes
they said something sad
pleading for something,
something very tender
Wanting to help
my fingers lept
to wipe those tears
but the polished mirror wouldnt let.

I tried to smile
as radiant as it could ever be
to dry up those tears.
Yes ,true...
The smile was weird
and ugly too
But I was desperate to help
and now the tears were gone!


I felt my heart
beating as hard as ever
A protest or a warning??
Be it either,
Knowing that it would silence one day
I walked away from the mirror.


തിങ്കളാഴ്‌ച, ജനുവരി 23, 2012

ഓര്‍മകള്‍ക്കെന്തു സുഗന്ധം...

ഷിബി..

    ഓര്‍മ്മകള്‍ ചിലപ്പോള്‍ അങ്ങനെയാണ്,മഞ്ചാടി കുരുക്കള്‍ വീണുകിടക്കുന്ന മനസ്സിന്റെ ഇടവഴികളിലൂടെ പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ അത് കടന്നു വരും.ചിലപ്പോള്‍ ചുണ്ടില്‍ ഒരു പുഞ്ചിരിപ്പൂ വിരിയിച്ചു കടന്നു പോകും.മറ്റു ചിലപ്പോള്‍ കവിളില്‍ ഒരിറ്റു കണ്ണീര്തുള്ളിയായ് പെയ്തൊഴിയും.......
                           പഴയപുസ്തകങ്ങള്‍ക്കിടയില്‍ എന്തിനെന്നില്ലാതെ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ആ ഡയറി വീണ്ടും എന്റെ കണ്ണില്‍പ്പെട്ടത്.എന്റെ  ഓട്ടോഗ്രാഫ്...............ഒരു വസന്തകാലത്തിന്റെ അവശേഷിപ്പ്......ഹൃദയത്തിന്റെ ഭാഷയില്‍ സ്നേഹത്തിന്റെ മഷികൊണ്ട് സ്വന്തം കൂട്ടുകാരന് വേണ്ടി എഴുതിവേച്ചുപോയ ജീവന്‍ തുടിക്കുന്ന വരികള്‍.......
              ഓട്ടോഗ്രാഫിനു ചരമക്കുറിപ്പ് എഴുതിത്തുടങ്ങിയ കാലത്താണ് ഞങ്ങള്‍ സ്കൂളിന്റെ
പടിയിറങ്ങുന്നത്.ഒരുപക്ഷെ ഓട്ടോഗ്രാഫ് എഴുതുന്ന അവസാനത്തെ തലമുറ ഞങ്ങളുടേതായിരിക്കാം.ശേഷം സ്കൂള്‍ വിട്ട അനിയനോ അനിയത്തിയോ ഓട്ടോഗ്രാഫ്  എഴുതിയതായി കണ്ടിട്ടില്ല.സാങ്കേതിക വിദ്യയുടെ ചിലന്തിവലയ്ക്കുള്ളില്‍ അനുദിനം കാണുന്ന നമുക്കെല്ലാം ഓട്ടോഗ്രാഫ് എന്നത് വെറുമൊരു മേഗാസീരിയലിന്റെ പെരുമാത്രമാവാം.....എന്നാല്‍ അത് ഒരു കാലഘട്ടത്തിന്റെ എന്തെല്ലാമോ ആയിരുന്നു.......കാലത്തിന്റെ മരണപ്പാച്ചിലില്‍ എവിടെയെങ്കിലും വെച്ച്  കണ്ടുമുട്ടാം എന്ന പ്രതീക്ഷയെ താലോലിച്ചു കലാലയതിന്റെ പടിയിറങ്ങുമ്പോള്‍ സ്വന്തം ഹൃദയം പറിച്ചെടുത്ത് പലരും ഓട്ടോഗ്രാഫ്  എഴുതിയിരുന്നു........ഹൃദയത്തുടിപ്പായി കൂടെ നടന്നിരുന്ന ചങ്ങാതിക്ക്.........ജീവനായ പ്രണയിനിക്ക്......മയില്‍പ്പീലിതുണ്ടുപോലെ വര്‍ഷങ്ങളായി വെളിച്ചം കാണാതെ സൂക്ഷിച്ചു വെച്ച പ്രണയം ചിലര്‍ ഓട്ടോഗ്രാഫിന്റെ താളുകളില്‍ കോറിയിടാറുണ്ടായിരുന്നു........അതുകൊണ്ട് പഴയ കോളേജ് കുമാരികളെല്ലാം കല്യാണത്തിന് മുന്‍പ് കത്തിച്ചു കളയാറുണ്ടത്രേ.............!
                                  പത്താം ക്ലാസ് അവസാനിക്കാറായപ്പോഴേക്കും മൂസാക്കാന്റെ കടയില്‍ വര്‍ണശബളമായ പലതരം  ഓട്ടോഗ്രാഫ് പുസ്തകങ്ങള്‍ എത്തി.ഓട്ടോഗ്രാഫ് വാങ്ങല്‍ തന്നെ വലിയൊരാഘോഷമാണ്.നിരത്തിയിട്ട ഒരുപാടെണ്ണത്തില്‍  നിന്നു ഭംഗിയുള്ളതും വ്യത്യസ്തവുമായ ഒന്ന് കണ്ടുപിടിക്കണം...........കാശുള്ളവന്റെ ഓട്ടോഗ്രാഫിനു ഭംഗി കൂടും.....
                  
              കൂട്ടുകാരെല്ലാം പുസ്തകങ്ങള്‍ വാങ്ങി.അത്യാവശ്യം കുഴപ്പമില്ലാത്ത ഒരെണ്ണം ഞാനും കാണട് പിടിച്ചു.വൈകുന്നേരം അച്ഛന്റെയടുത്ത് കാര്യം അവതരിപ്പിച്ചു.അച്ഛന്‍ ഷര്‍ട്ടിന്റെ കീശ കാണിച്ചുതന്നപ്പോഴേക്കും   ഓട്ടോഗ്രാഫ് പുസ്തകം വാങ്ങാനുള്ള പൂതി അവസാനിച്ചു. LIC ഏജെന്റ്റ്  ആയ ഇളയച്ചനെ സോപ്പിട്ട് നല്ലൊരു ഡയറി സംഘടിപ്പിച്ചു.അല്ലെങ്കിലും  ഓട്ടോഗ്രാഫ് ബുക്കിനെക്കാള്‍ ഈടുനില്‍ക്കുക ഡയറി തന്നെയാണ്.കൂടുതല്‍ പേജുകളും ഉണ്ടാകും  (കിട്ടാത്ത മുന്തിരി.......).ആദ്യ പേജില്‍ ഓട്ടോഗ്രാഫ്  എഴുതുന്നവര്‍ക്കുള്ള ആശംസ ഭംഗിയായ്‌ എഴുതി.പിന്നീടുള്ള കുറച്ചു താളുകള്‍ പ്രിയപ്പെട്ടവര്‍ക്കായി ബുക്ക്‌ ചെയ്ത് വെച്ചു.പല കൈകളില്‍ കയറിയിറങ്ങി ഒരുപാട് അക്ഷരക്കൂട്ടങ്ങളുമായി   തിരിച്ചെത്തുമ്പോഴേക്കും  എന്റെ ഡയറി നിറഞ്ഞിരുന്നു.....

                               വര്‍ഷങ്ങള്‍ക്കപ്പുറം ഓട്ടോഗ്രാഫിന്റെ താളുകള്‍ മറിച്ചിടുമ്പോള്‍ ഓര്‍മ്മത്തിരകള്‍   മനസ്സിന്റെ തീരത്തെ തഴുകി മറയുന്നു."ഓര്‍ക്കാന്‍ നല്ല മനസ്സുള്ളപ്പോള്‍ എന്തിനാണീ ചിതലരിക്കുന്ന 
ഓട്ടോഗ്രാഫ് " എന്ന് ചോദിച്ച കൂട്ടുകാരാ സോറി......ചിതലരിക്കാതെ ഞാന്‍ സൂക്ഷിച്ച ഓട്ടോഗ്രാഫ് നോക്കി ഒരു നിമിഷമെങ്കിലും ഞാനെന്റെ വസന്ത കാലത്തില്‍  വീണ്ടും ജീവിക്കുകയാണ്.....
                            വ്രണിത കാലത്തിന്റെ ചൂടേറിയ ഓര്‍മ്മ സുഖമാര്‍ന്നൊരു  നൊമ്പരമാനെന്നു പറഞ്ഞ പ്രിയപ്പെട്ട അദ്ധ്യാപകന്‍,ചട്ടയില്‍ എഴുതുന്നതുകൊണ്ട് ചട്ടമ്പിയെന്നു വിളിക്കരുതെന്നു മുന്‍‌കൂര്‍ ജാമ്യമെടുത്ത് ചട്ട വൃത്തികേടാക്കിയ കുസൃതിക്കാരനായ ചങ്ങാതി..........മുന്നിലെ മഹാശൂന്യതയ്ക്കുമപ്പുറം    ഒരിത്തിരി വെട്ടമെങ്കിലും എറിയുന്നുന്ടെന്ന സത്യം തിരിച്ചറിയാന്‍ ഓര്‍മിപ്പിച്ച സ്നേഹനിധിയായ ടീച്ചര്‍............ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് മഞ്ചാടി ചോട്ടിക്കളിച്ച കഥയെഴുതിയ കൂട്ടുകാരി..........ഒടുവില്‍ പെരെഴുതാതെ എഴുതിവെച്ച പ്രണയലേഖനം.............ഓട്ടോഗ്രാഫിന്റെ ഓരോ താളുകള്‍ക്കും എത്രയെത്ര കഥകളാണ് പറയാനുള്ളത്.............
                           ഓട്ടോഗ്രാഫില്‍  അന്നത്തെ ഇരട്ടപ്പേര് കണ്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി....ഇപ്പൊ അതൊന്നും ആരും വിളിക്കാറില്ല.ഇത്തരം പേരുകളും,കളിയാക്കലുകളും,തമാശകളും,പിണക്കങ്ങളും ഒക്കെത്തന്നെയാണ് ഓരോ ചാങ്ങാത്തത്തെയും  ഊട്ടിയുറപ്പിക്കുന്നത് .അതുകൊണ്ടായിരിക്കാം പഴയ കൂട്ടുകാര്‍ ഇപ്പോഴും ആ ഇരട്ടപ്പെരുതന്നെ വിളിച്ച് കേള്‍ക്കാന്‍ നാം ആഗ്രഹിക്കുന്നത്.വിരഹത്തിന്റെ നിമിഷങ്ങളിലും തമാശയൊപ്പിക്കുന്ന കൂട്ടുകാര്‍ ചിരിക്കാന്‍ ഒരുപാടവസരങ്ങള്‍ ബാക്കി വെച്ചിരുന്നു.പഴയ എട്ടാം ക്ലാസ്സുകാരിയെക്കൊണ്ട് അവര്‍ നിര്‍ബന്ധിച്ച് എഴുതിവാങ്ങിയ ഓട്ടോഗ്രാഫ് ഒരുവരിയില്‍ അവസാനിച്ചു."എല്ലാവിധ വിജയാശംസകളും നേരുന്നു" ഒടുവില്‍ വടിവൊത്ത കൈപ്പടയില്‍ പേര്, 8 c , ഒപ്പ്........പ്രണയമെന്നു വിശേഷിപ്പിക്കാമോ എന്നുപോലും അറിയാത്ത കടിഞ്ഞൂല്‍ പ്രണയത്തിന്റെ അവസാന ശേഷിപ്പ്.
                          "എവിടെയെന്നറിയില്ലെന്നാലും  എന്നോര്മയില്‍
       അവളുണ്ടൊരേ കുടക്കീഴിലിന്നും......."
           +2 ലെ ഓട്ടോഗ്രാഫിനു കുറച്ചുകൂടി പക്വത വന്നിരുന്നു.സ്ഥിരം ഓട്ടോഗ്രാഫ്  ഡയലോഗുകള്‍ക്കും  സാഹിത്യങ്ങള്‍ക്കും പകരം സ്വന്തം എഴുത്തുകള്‍ വന്നുതുടങ്ങി.പ്രകടമായ മറ്റൊരു മാറ്റം ആരും അഡ്രസ്‌ എഴുതാതെയായി എന്നതായിരുന്നു.വല്ലപ്പോഴും കത്തയക്കണേ  എന്ന് പറഞ്ഞു അഡ്രസ്‌ എഴുതിയിടത്ത് ഫോണ്‍ നമ്പരും ഇമെയില്‍ അഡ്രസ്സും ഇടംപിടിച്ചു.വിരഹം നിറഞ്ഞ വരികള്‍ക്കുപകരം തെറിവിളികളും കളിയാക്കലും ഒക്കെയായിരുന്നു കൂടുതല്‍.ചാറ്റിങ്ങും,കോളിങ്ങും ,ഓര്‍ക്കുട്ടും എല്ലാം അന്നത്തെ പിരിയുംബോഴുണ്ടാകുന്ന വേദന കുറച്ചു എന്നുവേണം കരുതാന്‍.എങ്കിലും ഞങ്ങളുടെ കൊച്ചു സ്വര്‍ഗത്തിന്റെ പടിയിറങ്ങണം എന്ന ദുഖം എല്ലാവരിലും  പ്രകടമായിരുന്നു.             
                          നിസ്സാരമായ ഒരു  തമാശയില്‍ തുടങ്ങി,തെറ്റിദ്ധാരണയുടെ പേരില്‍ പിണങ്ങേണ്ടി വന്ന ഒരു കൂട്ടുകാരന്‍ ഒരുമിച്ചുണ്ടായിരുന്ന നാളുകളിലെ ഓര്‍മ്മകള്‍ ഓട്ടോഗ്രാഫില്‍ കുറിച്ച് വെച്ചു.ഒടുവില്‍ ഇങ്ങനെ ഉപസംഹരിച്ചു." നിന്റെ പ്രിയ സുഹൃത്തായിരുന്ന,ഇപ്പോഴത്തെ വെറും സുഹൃത്തുമായ..........." എന്റെ ഓട്ടോഗ്രാഫിലെ എന്നെ ഏറെ സ്പര്‍ശിച്ച വരികള്‍ അതായിരുന്നു.ബുക്ക്‌ കയ്യില്‍ കിട്ടി വായിച്ച ഉടനെ ഞാന്‍ അവനെപ്പോയി കണ്ടു.അതുവരെ മനസ്സിലുണ്ടായിരുന്ന ഈഗോയ്ക്കും,വാശിക്കും,ദേഷ്യത്തിനും അടിയില്‍ നിന്നും വന്ന സോറി എന്ന രണ്ടക്ഷരം ഞങ്ങളെ വീണ്ടും ചങ്ങാതിമാരാക്കി.നിസ്സാരമായ പിണക്കത്തിന്റെ പേരില്‍ എത്ര മനോഹരമായ നിമിഷങ്ങളാണ് നശിപ്പിച്ചത് എന്നോര്‍ത്ത് ഞങ്ങള്‍ സങ്കടപ്പെട്ടിട്ടുണ്ട്‌.
                             കുഞ്ഞുനാളില്‍ നഷ്ട്ടപ്പെട്ട സഹോദരന്റെ സ്ഥാനത്ത്‌ കാണട് സ്നേഹിച്ച കൂട്ടുകാരി (സഹോദരി) ഓട്ടോഗ്രാഫിന്റെ താളുകളിലെഴുതി "എന്റെ ജോ യെ തിരിച്ചുകിട്ടിയതുപോലെ" എന്ന്. ഞാന്‍ ബുക്ക്ഡ് എന്നെഴുതിയ  ആദ്യ പേജുകള്‍ ഇന്നും ഒഴിഞ്ഞു കിടക്കുന്നു.ആര്‍ക്കുവേണ്ടിയാണോ ആ പേജുകള്‍ ഒഴിച്ചിട്ടത് അവരാരും എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയില്ല."ഒരു ഓട്ടോഗ്രാഫിന്റെ പിന്‍ബലമില്ലാതെ നിനക്ക് ഓര്‍ക്കാന്‍ പറ്റുമെങ്കില്‍ മതി...."എന്ന് പറഞ്ഞ ആ കൂട്ടുകാരും മങ്ങാത്ത ഓര്‍മയായി നെഞ്ചില്‍ ഇപ്പോഴും ഉണ്ട്. 
                             ഓട്ടോഗ്രാഫിന്റെ അവസാന താളുകളും മറച്ചിട്ടു ഒരു ദീര്‍ഘമായ നിശ്വാസം അവസാനിക്കുമ്പോഴേക്കും മനസ്സിന്റെ വെള്ളിത്തിരയില്‍ ഒരുപാട് ചിത്രങ്ങള്‍ മിന്നിമറഞ്ഞിരുന്നു........
                              "ആത്മബന്ധത്തിന് വില പറയുന്ന 
                                ദൈവത്തിന്റെ കോടതിയില്‍
                                രക്ത ബന്ധത്തേക്കാള്‍  വലുത്
                                സ്നേഹബന്ധമാണ് സഹോദരാ................" എന്നെഴുതിവെച്ച കൂട്ടുകാരാ നന്ദി............ഓര്‍മകളുടെ അനന്തമായ  പാലത്തിലൂടെ മനസ്സ് കൂകിപ്പായുമ്പോള്‍ നമുക്കിനിയും കണ്ടുമുട്ടാം...........


    ജന്മദിനം 
 -ഗുല്‍മോഹര്‍-
 ആയുസ്സിന്‍റെ പുസ്തകത്തിലെ
ഒരു താള് കൂടി വായിച്ചു മറിച്ചിടുന്നു...
താരാട്ടിന്‍റെ മധുരമുള്ള കവിതകളും 
മാമ്പഴച്ചാര്‍ ഒളിപ്പിച്ച ബാല്യകാലത്തിന്റെ 
കഥകളും പഠിച്ചു തീര്‍ന്നിരിക്കുന്നു.
ഇനിയെത്ര താളുകളെന്നറിയില്ല...
വായിച്ചിട്ടും വായിച്ചിട്ടും 
ജീവിതം മനസ്സിലാകാത്ത പാഠഭാഗമായി 
അവശേഷിക്കുന്നു.
ഞാനിപ്പോഴും അവസാനത്തെ ബെന്‍ജിലിരുന്നു
കിനാവ്‌ കാണുന്ന പഠിക്കാത്ത കുട്ടി തന്നെ... 


വാക്ക്
-ഗുല്‍മോഹര്‍-

വാക്കുകള്‍ അക്ഷരങ്ങളുടെ തടവറയിലാണ്
അര്‍ത്ഥങ്ങള്‍ ചിലപ്പോള്‍ 
അക്ഷരങ്ങള്‍ക്കിടയില്‍ കിടന്നു
ഞെരിപിരി കൊള്ളും.
ഒടുവില്‍
കേട്ടതും,
പറഞ്ഞതും,
മനസ്സിലാക്കിയതും
വെറും വാക്കുകളായിരുന്നെന്നു 
അനുഭവത്തിന്‍റെ ടീച്ചര്‍
ചുട്ടയടി തന്നു പഠിപ്പിക്കുമ്പോള്‍ 
വ്യാകരണവും, നിഖന്ടുവും ഇല്ലാത്ത 
മൗനത്തിന്റെ ഭാഷ 
സംസാരിക്കുവാനാണെനിക്കിഷ്ടം.

വ്യാഴാഴ്‌ച, ജനുവരി 19, 2012

ആത്മഹത്യ

-അവന്തിക -


എല്ലാ ബന്ധങ്ങളും എനിക്ക് മുന്നില്‍
 നിരന്നു നില്‍ക്കുന്നു......
ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്ന 
ബന്ധങ്ങള്‍.....
അവ ഓരോന്നായ്  സ്വയം 
ജീവനോടുക്കിക്കൊണ്ടിരിക്കുമ്പോ്‍
അരുതെന്ന് പറയാന്‍പോലും പറ്റാതെ
എന്റെ സ്വരം എന്റെ കണ്ടത്തില്‍ 
വച്ചുതന്നെ വിറച്ച്‌ ഇല്ലാതാകുന്നു......
                                                 ചില ബന്ധങ്ങളാവട്ടെ ബന്ധനങ്ങളായ്
                                                  എന്റെ കഴുത്തിനെ ചുറ്റിപ്പിടിച്ച് എന്നെ 
                                                   ശ്വാസം മുട്ടിക്കുന്നു.......
ബന്ധങ്ങള്‍ സ്വയം ഇല്ലാതാകുമ്പോള്‍ 
ബന്ധനങ്ങള്‍ എന്നെത്തന്നെ ഇല്ലാതാക്കുന്നു........
മരണം എന്ന സത്യം എന്നെ തേടി വരികയാണോ?
അതിന്റെ കാലടി സ്വരം എന്റെ കാതിനു 
ആനന്തം പകരുന്നുവോ?

നിനക്ക് വേണ്ടി

-അവന്തിക -

കരഞ്ഞു തളര്‍ന്നു അമ്മയില്‍ നിന്നും അടര്‍ന്നു വീണ 
ചോരക്കുഞ്ഞ്‌ അറിഞ്ഞിരുന്നുവോ 
അവളില്‍ ഒരു തലമുറ വളരാനിരിക്കുന്നുവെന്നു
കുസൃതിയായ്‌ പാറിപ്പറന്നിരുന്നപ്പോള്‍ 
അവള്‍ അറിഞ്ഞിരുന്നുവോ ഇനിയുള്ള ദിനങ്ങള്‍ ബന്ധനങ്ങളുടെതാകുമെന്ന്
നിറമാര്‍ന്ന സ്വപ്നങ്ങളില്‍ മുഴുകിയിരുന്നപ്പോള്‍ അവള്‍ അറിഞ്ഞിരുന്നുവോ
ജീവിതമേറെയും നിറം നഷ്ടപ്പെട്ട ചിത്രം പോലെയാണെന്ന്
ലോകം കീഴടക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നപ്പോള്‍ അവള്‍ അറിഞ്ഞില്ല,
സ്വയം കീഴടങ്ങാന്‍ വിധിക്കപ്പെട്ടവളാണ് അവളെന്ന്
ഒരു സിന്ധൂരക്കുറിയില്‍  മാത്രം ഒതുങ്ങെണ്ടവളാണ്  അവളെന്ന്
പട്ടടയില്‍ എടുക്കും വരെ,
ഒരു താലിച്ചരടില്‍ അവളെ ബന്ധിക്കുമെന്ന്
കണ്ണീരാകും  അവളുടെ കൂട്ടുകാരെന്ന്
സ്വന്തം ശരീരം പോലും അവള്‍ക്കു സ്വന്തമല്ലെന്ന്
എല്ലാം അറിഞ്ഞു തുടങ്ങിയപ്പോഴെങ്ങിലും അവള്‍ അറിഞ്ഞിരുന്നുവോ,
ജീവിതം ഒരു കടപ്പാടാണെന്ന്
മരണം വരെ ആരൊക്കെയോ ഉള്ള കടപ്പാട്
സ്വന്തം ജീവിതം കുരുതി കൊടുക്കുംബോഴെങ്കിലും,
അവള്‍ ആഗ്രഹിച്ചിരുന്നോ 
അമ്മയില്‍ത്തന്നെ ജന്മം ഓടുക്കാമായിരുന്നുവെന്ന്‌...

സ്വപ്നം

-നിത്യ-
 
ഇളം തെന്നലിന്‍  തലോടലോടുമയങ്ങുന്ന       
സ്വപ്നത്തില്‍ ഞാനെന്‍ സ്വര്‍ഗഭുവിലെത്തി 

കൊലുസിട്ട നദികളുമതിന്‍ ചാരത്ത്
ഓര്‍മ്മകള്‍ കൂടുകൂട്ടിയ തേന്മാവും
അതിന്‍ പ്രിയതരമാം തെനോറും കനികളും
സ്വപ്നത്തിനു നിര ചാര്‍ത്തുന്നു

നെന്മണികള്‍ വിളഞ്ഞ വയലോലകളെ
തഴുകിയിരികുമ്പോള്‍ കാണാറുണ്ട് ഞാന്‍
കൊറ്റികള്‍  പാറിക്കളിക്കുമെന്‍  ഗ്രാമഭംഗി

മാരുതന്‍ എന്നെ തഴുകി കടന്നപ്പോള്‍ 
പതിയെ ഞാന്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നു
സ്നേഹിക്കുന്നു ഞാനെന്‍ സ്വപ്ന ഗ്രാമത്തെ
ഇന്ന് സ്വപ്നങ്ങളിലേക്ക് ചേക്കേറിയ ആ ഗ്രാമ ഭംഗിയെ ...

ശനിയാഴ്‌ച, ഡിസംബർ 31, 2011

മായുന്ന കാല്‍പ്പാടുകള്‍ 
-അവന്തിക -


മാഞ്ഞു തുടങ്ങിയ കാല്‍പ്പാടുകള്‍ തേടിയുള്ള 
യാത്രയിലായിരുന്നു ഞാന്‍.....
പിന്നാലെ തിരഞ്ഞു നടന്നുവെങ്കിലും
കാല്‍പ്പാടുകള്‍ പാതിയും മാഞ്ഞുകഴിഞ്ഞുരുന്നു.......
എന്നെ വിട്ടകലുന്ന കാല്‍പ്പാടുകള്‍
വീശിയടിച്ച പൊടിക്കാറ്റില്‍ മാഞ്ഞുതുടങ്ങിയപ്പോള്‍ 
ആ പൊടിക്കാറ്റില്‍ മൂടിപ്പോയത്
ഞാനായിരുന്നു......
എന്റെ കണ്ണുകള്‍ക്ക്‌ അന്ധത ബാധിച്ചു കഴിഞ്ഞിരുന്നു.
അന്ധത ബാധിച്ചു തുടങ്ങിയ കണ്ണുകളുമായ് 
ഏറെ അലഞ്ഞു നടന്നുവെങ്കിലും 
തേടിയവഴികളിലെല്ലാം കാണാനായത്
കണ്നീര്തുള്ളികള്‍ മാത്രം.
നീയെനിക്കായ് ഉപേക്ഷിച്ച 
സ്നേഹതുള്ളികള്‍........


സ്വന്തം MH

-ഷിബി-



നവാഗതന്റെ അപരിചിതത്വം തുളുമ്പുന്ന മുഖവുമായി മെന്‍സ് ഹോസ്റ്റലിന്റെ  ഇരുണ്ട ഇടനാഴിയിലൂടെ സുഹൈലിന്റെ പിറകെ ഞാന്‍ നടന്നു......പലരും പറഞ്ഞ കഥകളില്‍ നിന്നും മെനഞ്ഞെടുത്ത സങ്കല്‍പ്പത്തിലെ ഹോസ്റ്റലില്‍ നിന്നും, യഥാര്‍ത്ഥ ഹോസ്റ്റലിന്റെ മറ്റൊരു ലോകത്തേക്ക് കോണിപ്പടികള്‍ കയറി 208 നമ്പര്‍ മുറിയുടെ മുന്നിലെത്തി.ആരെങ്കിലും പൂട്ടി പോയാലും ഉള്ളില്‍ കടക്കാന്‍ സൗകര്യത്തില്‍ വലിയ ദ്വാരതോടു കൂടിയ വാതില്‍ എന്നെ സ്വാഗതം ചെയ്തു.ഒരുപാടുപേര്‍ പിരിയാന്‍ വയ്യാത്ത മനസ്സുമായി ഹൃദയം പറിച്ചെടുത്ത് അവശേഷിപ്പിച്ചുപോയ ചുവരുകള്‍ പലതും സംസാരിച്ചു.........നഷ്ടപ്രണയത്തിന്റെ കഥകള്‍ , കൂടപ്പിറപ്പിനോളം  വളര്‍ന്ന സൌഹൃദത്തിന്റെ തുടിപ്പുകള്‍ ,യുവത്വത്തിന്റെ ആവേശത്തോടൊപ്പം തിളച്ച തോന്നിവാസ സാഹിത്യങ്ങള്‍ .........ഹോസ്റ്റലിലെ ചുവരുകള്‍ക്കപ്പുറം വളരാതെപോയ എത്ര സാഹിത്യകാരന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവുക.

ഈ ചുവരില്‍ ഇനി ഒരിറ്റു സ്ഥലം ഞങ്ങള്‍ക്ക് കളിക്കാനില്ല എന്നതുകൊണ്ട്തന്നെ ചുവര് ഞങ്ങള്‍ പെയിന്റ് ചെയാന്‍ തീരുമാനിച്ചു.കോപ്പ അമേരിക്ക ഫുട്ബോളിന്റെ ആവേശം കത്തിക്കാളി നില്‍ക്കുന്ന സമയമായിരുന്നു ആ ദിവസങ്ങള്‍...ഞങ്ങള്‍ എല്ലാവരുംതന്നെ അര്‍ജന്റീന ഫാന്‍സ്‌ ആയതുകൊണ്ട് ചുവരിനെ നീല,വെള്ള പെയിന്റുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്തു.പലര്‍ക്കും പെയിന്റിംഗ് ആദ്യാനുഭവമായിരുന്നു.ഒടുവില്‍ നാട്ടിലുള്ള പെയിന്റെര്‍ വിജയെട്ടനെ വിളിച്ച് ഉപദേശം സ്വീകരിക്കേണ്ടി വന്നു.

ഹോസ്റ്റലിലേക്ക് താമസം മാറി രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം സുഹൈല്‍ ഒരുപാട് പറഞ്ഞു സുപരിചിതമാക്കിയ ആ സ്ഥലത്തേക്ക് എന്നെയു കൂട്ടിപ്പോയി.ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ ബാത്ത് റൂമില്‍ സ്ഥാപിച്ച ചെറിയ ഏണിയിലൂടെ  പറ്റിപ്പിടിച്ച് മുകളിലോട്ടു കയറി.ഒടുവില്‍ ഹോസ്റ്റലിന്റെ ചരിഞ്ഞ ടെറസ്സിന്റെ മുകളിലെത്തി.ഭയം അവിടുത്തെ കാഴ്ചകളെല്ലാം 
എന്നില്‍നിന്നും മായ്ച്ചു കളഞ്ഞു.ഭഗവാനെ...........ഈ പണിക്കു ഇറങ്ങെണ്ടിയിരുന്നില്ലെന്നു ഒരു നിമിഷം തോന്നിപ്പോയി.....ഒടുവില്‍ അവന്റെ കൈ പിടിച്ചു  പതുക്കെ മുകളിലേക്ക് കയറി ഇരുന്നു.പേടിച്ചു അതുവരെ അടച്ചു പിടിച്ചിരുന്ന കണ്ണുകള്‍ വിഷുവിനു കണികാണാന്‍ തുറക്കുന്നതുപോലെ പതുക്കെ തുറന്നു.അകലെ നക്ഷത്രക്കുഞ്ഞുങ്ങള്‍  ഭൂമിയില്‍ നീന്തിക്കളിക്കുന്നു.അകലെ കുന്നിന്‍ മുകളിലും താഴ്വാരങ്ങളിലും ഉള്ള വെളിച്ചങ്ങള്‍ ആകാശം മണ്ണിലേക്ക് പൊട്ടിവീണ പോലെ തോന്നിച്ചു....



പിന്നീടുള്ള ദിവസങ്ങളില്‍ ഈ ടെറസ്സില്‍ കയറ്റം ഒരു പതിവായി.ഇളം കാറ്റേറ്റ്  കുറെ നേരം മത്തുപിടിച്ച മട്ടില്‍ കിടക്കും.സ്ഥലം അത്യാവശ്യം പരിചയമായി,പേടി വിട്ടൊഴിഞ്ഞ ശേഷം സുഹൈല്‍ അടുത്ത സ്ഥലം കൂടി എന്നെ കാണിച്ചുതന്നു.വാട്ടര്‍ ടാങ്കിന്റെ മുകളിലെ ഇത്തിരിപ്പോന്ന സ്ഥലം.ചരിഞ്ഞ സ്ലാബില്‍ നിന്നും ചെറിയ കോണി,അതിനു മുന്നില്‍ പ്രത്യേക രീതിയില്‍ കൈ വെച്ച്  മാത്രം കയറാവുന്ന ടാങ്ക്.ഹോസ്റ്റലിന്റെ ഏറ്റവും ഉയരത്തില്‍ കയറി ഇരുട്ടത്ത്‌ ഇരിക്കുമ്പോള്‍ ശരിക്കും ആകാശത്തില്‍ ഇരിക്കുന്നതുപോലെ തോന്നും.ലോകം മുഴുവന്‍ നമ്മുടെ താഴെ....അങ്ങനെ ഈ അഭ്യാസങ്ങള്‍ ഒരു ശീലമായ് മാറി......






സന്ധ്യയ്ക്കും രാത്രിയും ഇത്രയധികം 
സൗന്ദര്യമുന്ടെന്നു അറിയുന്നത് ഹോസ്റ്റലില്‍ 
എത്തിയ ശേഷമാണ്.ടെറസ്സിനു മുകളിലെ വൈകുന്നെരങ്ങള്‍ക്ക് ഓരോ ദിവസവും ഓരോ മുഖമാണ്......ചിലപ്പോ ചുവന്നു തുടുത്ത് മുഖം വീപ്പിച്ചു പരിഭവത്തോടെ പോകുന്ന അവളുടെ മുഖം മറ്റു ചിലപ്പോള്‍ ചന്ദനക്കുറിയിട്ട് മൂളിപ്പാട്ടുപാടുന്ന കൂട്ടുകാരന്റെ  മുഖം ,വേദനപേറുന്ന  മനസ്സുമായിരിക്കുമ്പോള്‍ ഇളം കാറ്റായി വന്നു തലോടി നിറഞ്ഞ പുഞ്ഞിരിയുമായി ചക്രവാള സീമയില്‍ നില്‍ക്കുന്ന സന്ധ്യയ്ക്ക് അമ്മയുടെ മുഖം.........

നക്ഷത്രങ്ങള്‍ നിറഞ്ഞ  ആകാശം നോക്കി കിടക്കാന്‍ ഒരു പ്രത്യേക സുഖംതന്നെയാണ്.കാലവും സമയവും പായുന്നതറിയാതെ വിശാലമായ ആകാശത്ത് സങ്കല്‍പ്പങ്ങളുടെ കൊട്ടാരം പണിതു പതിയെ എണീറ്റ്‌ പോവുംബോഴേക്കും ചിലപ്പോള്‍ നാട്ടപ്പാതിരയാവും.ചില ദിവസങ്ങളില്‍ എല്ലാവരുംകൂടി ടെറസ്സില്‍ കയറും,പിന്നെ നിറയെ ബഹളമായിരിക്കും......കളിയാക്കല്‍ , തെറി വിളികള്‍, പെണ്‍കുട്ടികളെ  വിളിച്ച് പറ്റിക്കല്‍, ക്ലാസ്സില്‍ ഒപ്പിക്കേണ്ട തരികിടകളുടെ പ്ലാനിംഗ്.....മറ്റു ചിലപ്പോള്‍ ഭയങ്കര നിശബ്ദതയായിരിക്കും.........വെറുതെ മാനം നോക്കി കിടക്കുമ്പോള്‍ ജെറിയുടെ ഫോണ്‍ ഇടയ്ക്ക് പാടും
 " When the blue night is over my face
on the dark side of world in space
when I'm all alone with stars above
you are the one I love........"

ചില സന്ധ്യകള്‍ക്ക് സംഗീതം പകരാന്‍ ഫസ്റ്റ് ഇയറിലെ മിസോറാമുകാരന്‍ പയ്യനുണ്ടാവും.ടെറസ്സിന്റെ ഒരറ്റത്ത് ഗിറ്റാറും പിടിച്ചു അവനിരിക്കും.കുറെ നേരം ഗിറ്റാര്‍ വായിച്ച ശേഷം അവന്‍ പാടിത്തുടങ്ങും......ഇംഗ്ലീഷും , മിസോയും, ഹിന്ദിയുമെല്ലാം.....കുറെ നേരം അങ്ങനെ അവന്റെയടുത്തിരിക്കും, പിന്നീടൊരു പുഞ്ചിരിയും സമ്മാനിച്ച്  അവനും ഇറങ്ങി പോകും....

വിനുവിന് പ്രേമത്തിന്റെ അസുഖം വന്ന ശേഷം ടെറസ്സിന്റെ മുകളില്‍ കയറാന്‍ അവനു ഭയങ്കര
ആവേശമാണ്.ഉറങ്ങിക്കിടക്കുന്ന എന്നെ വന്ന്‌ തല്ലിയുണര്‍ത്തി അവന്‍ ടെറസ്സില്‍ കയറ്റിയിട്ടുണ്ട്.ഒരുപാട് പ്രണയ രോഗികളുടെ സ്ഥിരം സ്ഥലം കൂടിയാണിത്.ഓരോ അറ്റത്തും ഫോണും പിടിച്ച് നാട്ടപ്പാതിരയോളം പഞാരയടിക്കുന്ന പഞാരക്കുട്ടന്മാരെ വെറുതെയെങ്കിലും പുച്ചിക്കാന്‍ രസമാണ്.ഇവിടെയിരിക്കുമ്പോള്‍ മനസ്സിന്റെ മറകള്‍ താനേ പൊളിഞ്ഞു വീഴാറുണ്ട്...........വെറും ചാങ്ങാതിമാരായിരുന്നവര്‍ എന്റെ നല്ല ചാങ്ങാതിമാരായത് ഇവിടെ വെച്ചായിരുന്നു.....ഒരുപാട് തുറന്നു പറച്ചിലുകള്‍ നടന്നതും ഇവിടുന്നുതന്നെ...അവര്‍ ചിരികൊണ്ട് നീറുന്ന വേദനകളെ മായ്ക്കാം എന്ന് പഠിപ്പിച്ച   ഇടവും ഇതുതന്നെയായിരുന്നു....

സാങ്കേതികവിദ്യയുടെ ക്വിന്റെല്‍ ഭാരമുള്ള പുസ്തകങ്ങളില്‍ നിന്നും അക്ഷരങ്ങള്‍ എന്നെ കൊഞ്ഞനം കുത്തുമ്പോഴും, പരീക്ഷയ്ക്ക് തോറ്റു തുന്നംബാടുമ്പോഴും , മനസ്സ് കടിഞ്ഞാണില്ലാതെ പാറി നടക്കുമ്പോഴും ,ഒരുപാട് സംസാരിക്കാനുന്ടെങ്ങിലും കേള്‍ക്കാന്‍ ആരുമില്ലാതിരിക്കുമ്പോഴും ,വെറുതെ സങ്കടം വരുമ്പോഴും ,ഒരുപാട് സന്തോഷം വരുമ്പോഴും ഞാന്‍ എന്റെ പ്രിയപ്പെട്ട സ്ഥലത്തെത്തും.അപ്പോഴേക്കും ഒരുറ്റ ചങ്ങാതിയുടെ കരസ്പര്‍ശം പോലെ ഒരു കാറ്റെന്നെ തഴുകി മറയും.....

ചില കാര്യങ്ങള്‍ പ്രിയപ്പെട്ടതാവാന്‍ വര്‍ഷങ്ങളും മാസങ്ങളും  വേണ്ടി വരും.എന്നാല്‍ ചുരുങ്ങിയ
ദിവസങ്ങള്‍ കൊണ്ടുതന്നെ ഈ സ്ഥലം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.പാതിപോലും പിന്നിട്ടിട്ടില്ലാത്ത ഈ യാത്രയില്‍ ഇനിയും ഒരുപാട് അനുഭവങ്ങള്‍ അവിടെ ഞങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.ഒരവധിക്കാലം തുടങ്ങുന്നതിനു തലേ ദിവസം ടെറസ്സില്‍ നിന്നിറങ്ങുമ്പോള്‍ വിനു പറഞ്ഞു "ഡ നാളെ മുതല്‍ നമ്മുടെ ടെറസ്സ് ഒറ്റയ്ക്കായിരിക്കുമല്ലോ......."



 
 





ബുധനാഴ്‌ച, ഡിസംബർ 21, 2011



 -അവന്തിക -


                                                         ശാപങ്ങള്‍  
 പൊരിവെയിലില്‍ പൊടിയും പുകയുമേറ്റ്
പാതിവെന്ത വയറുമായ് നഗര ഹൃദയത്തിലൂടെ
ജീവിത ഭാരവും പേറി അലഞ്ഞുതിരിയുമ്പോള്‍,
കൂടെ നടക്കുന്ന കുഞ്ഞു പാതത്തിന്റെ വേദനയില്‍
പരിതപിക്കാനെ അവള്‍ക്കായുള്ളൂ...
ഒരു രാത്രിയുടെ മറവു സമ്മാനിച്ച സന്താനം...
സ്വന്തം ഗര്‍ഭപാത്രത്തെ ശപിക്കാനോരുങ്ങുംബോഴേക്കും,
മറ്റൊരു രാത്രിയുടെ ഇരുട്ട് സമാനിച്ച,
അപരിചിതന്റെ ചെറുമുകുളം
അവളില്‍ പിറവിയെടുത് കഴിഞ്ഞിരുന്നു...






കടല്‍.....
ഓര്‍മകളുടെ ഇരമ്പലും
കണ്ണീരിന്റെ ഉപ്പും
ദുരന്തങ്ങളുടെ തിരയും പേറി
വറ്റാത്ത മോഹങ്ങളുമായ്
എന്നെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന
എന്റെ മനസ്സ്................




                                         




 കണ്ണാടി....
പോറലുകള്‍ ഏറെ ഏറ്റുവാങ്ങിയ
എന്റെ ആത്മാവ്......
വികലമായ്തുടങ്ങിയ  പ്രതിരൂപങ്ങള്‍ക്കും
മുഷിഞ്ഞു തുടങ്ങിയ ചിന്തകള്‍ക്കും
മുറിവേല്‍പ്പിക്കുന്ന ഓര്‍മകള്‍ക്കും മുന്നില്‍
തല്ലിയുടയ്ക്കപ്പെട്ട എന്റെ ആത്മാവ്.......









വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

-ഹര്‍ഷ -

ഇന്നലെ
ഞാന്‍ എന്റെ നഷ്ടങ്ങളുടെ
കണക്കുപുസ്തകം തയ്യാറാക്കി  ...
ആദ്യം നഷ്ടമായത്
ബാല്യമായിരുന്നു ...
പിന്നെ ആദ്യ പ്രണയവും
കൗമാരവും ...
ഇനി ഒരു നഷ്ടം കൂടി രേഖപ്പെടുത്താനുള്ള മഷി
എന്റെ പേനയിലില്ല
ഞാന്‍ മായ്ക്ക്കുകയാണ്
എന്നെന്നേക്കുമായി
നിന്നെ എന്നില്‍ നിന്നും ...

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

അപ്പൂപ്പന്‍താടി

-അവന്തിക -

എനിക്കും പറക്കണം ഒരു അപ്പൂപ്പന്‍ താടി കണക്കെ....
തീരാ മോഹങ്ങളുമായ് പറന്നു പറന്നു ഒടുവില്‍
തളര്‍ന്നു വീഴണം ഭൂമിയുടെ ചിതലരിച്ച വിരിമാറില്‍ .....
പിന്നെയൊരു പുതുമഴയില്‍ തളിരിട്ട്ട്,
ഒരു വസന്തത്തില്‍ പൂത്തു തളിര്‍ത്ത്,
ഒരു വേനലില്‍ പിന്നെയും 
ഒരായിരം മോഹങ്ങളും പേറി......
പാറിപ്പറക്കണം അകലങ്ങളിലേക്ക്.......
വീണ്ടും നില  തെറ്റി വീഴാനായ്....

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

നീര്‍ക്കുമിളകള്‍....

 -അവന്തിക-


ആരോ  കളിയായ്‌ ഊതിവിട്ട നീര്‍ക്കുമിളകള്‍ മാത്രമായിരുന്നു എന്റെ സ്വപ്നങ്ങളും....
കാലം പോലും അതിനെ ഉയരങ്ങളിലേക്ക്  പറക്കാന്‍ അനുവദിച്ചപ്പോള്‍,
ഉയര്ന്നുപോങ്ങിയ എന്റെ നീര്‍ക്കുമിളകളില്‍,
ജീവിതത്തിന്റെ ഏഴു വര്‍ണങ്ങളും ഞാന്‍ കണ്ടു...
കാലത്തിന്റെ കുസൃതിയില്‍ എന്റെ കുമിളകള്‍ 
പൊട്ടിച്ചിതറിയപ്പോള്‍ 
ജീവിതത്തിനു നിറം ഇല്ലാതായിക്കഴിഞ്ഞിരുന്നു...
എന്റെ സ്വപനങ്ങള്‍ക്കും  അതിരുകളുണ്ടായിരുന്നെന്നു  ഞാന്‍ ഇന്നറിയുന്നു...
എന്റെ സ്വപ്നങ്ങള്‍ക്ക് ഒരു നീര്‍ക്കുമിളയുടെ  ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും....

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

ഫേസ് ബുക്ക്

-ഷിബി-
എന്തുകൊണ്ടാണെന്ന് അറിയില്ല,എനിക്ക് നായകന്മാരെക്കാള്‍ ഏറെ ഇഷ്ടം വില്ലന്മാരെയാണ്.ജയിക്കുന്നവനെക്കാള്‍ തോല്‍ക്കുന്നവനെയാണ്.....അംഗീകരിക്കപ്പെടുന്നവനെക്കാള്‍  അവഗണിക്കപ്പെടുന്നവനെയാണ്.......
കുട്ടിക്കാലത് അഗടനും കുക്കുടനും ഡാക്കിനിയും ലുട്ടാപ്പിയുമൊക്കെ ഒരിക്കലെങ്കിലും ജയിക്കണമേ എന്നാഗ്രഹിച്ചിട്ടുണ്ട്...
ഇഷ്ട ടീം ലോകകപ്പ്‌ നേടിയാലും തോറ്റവരുടെ  ദുഃഖം ചങ്കിലേറ്റി ടീവിക്ക്  മുന്നില്‍ നിന്നും എനീട്ടിട്ടുണ്ട്.
പിന്നീട്  വില്ലന്മാരില്‍ നന്മ കണ്ടെത്തുന്ന പുസ്തകങ്ങളോടായി  താല്പര്യം.''ഇനി ഞാന്‍ ഉറങ്ങട്ടെ'' വായിച്ച്‌ കര്‍ണനെയും കൌരവരേയും അറിഞ്ഞു.......
'താടക" വായിച്ച്‌  ആരോ പറഞ്ഞു വെറുപ്പിച്ച താടകയെന്ന രാക്ഷസ കുമാരിയുടെ അവഗണിക്കപ്പെട്ട പ്രണയത്തെ മനസ്സോടുചെര്‍ത്തു......
"ലങ്കാലക്ഷ്മിയില്‍ വില്ലനായ രാവണനില്‍ മകള്‍ക്കുവേണ്ടി പിടയുന്ന ഒരച്ഛന്റെ വേദന അനുഭവിച്ചു.....
"ഒരു വടക്കന്‍ വീര ഗാഥയില്‍"ചതിയന്‍ ചന്തുവിന്റെയും "ചയാമുഖി" നാടകത്തില്‍ ദുഷ്ടനായ കീചകന്റെ  ആരും കാണാത്ത മുഖം കണ്ടു.
ഓരോരുത്തരും വില്ലനാകപ്പെടുന്നതിന്റെ കാരണങ്ങള്‍ ആരും അന്വേഷിക്കാറില്ല എന്നതാണ് സത്യം.....
തോല്‍ക്കുന്നവന്റെ കണ്ണീര്‍ ആരും കാണാറില്ല...............
                കോളേജില്‍ ചേര്‍ന്ന് കുറച്ചു  കാലത്തിനുള്ളിലാണ് ഞാന്‍ ചാറ്റിങ്ങിനും ഫേസ്ബുക്കിനും അടിക്ടാവുന്നത്.ഇന്നത്തെ യൂത്തിനിടയില്‍ ആരു ട്രെന്റാനല്ലോ ഇത് രണ്ടും.ആത്മാര്‍ഥതയുടെ അംശം ഒരിറ്റുപോലുമില്ലാത്ത പ്രണയ,സൌഹൃദ മെസ്സേജുകള്‍ ,യാന്ത്രികമായ കുശലാന്വേഷണങ്ങള്‍......നാട്ടപ്പാതിരവരെ  മൊബൈലും നെറ്റും ഒക്കെയായി ഇരുന്നിട്ടുണ്ട്.....അങ്ങനെ മനസ്സുതുറന്നു സംസാരിക്കുന്നതെങ്ങനെയാണെന്ന് ഞാന്‍ മറന്നു പോയി......നേരില്‍ കണ്ടാല്‍ ചിരിക്കാന്‍ പോലും മടിക്കുന്നവര്‍  ചാറ്റിങ്ങിനിടക്ക് വാചാലരാകുന്നു ......പലര്‍ക്കും ബോറടിക്കുമ്പോള്‍ മാത്രം ആവശ്യം വരുന്ന ഒന്നാണ് സൗഹൃദം  എന്നെനിക്കു തോന്നിയിട്ടുണ്ട്....പക്ഷെ അതിനിടയില്‍ വേറിട്ട്‌ നില്‍ക്കുന്ന വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ ഓര്‍ത്തപ്പോള്‍ ഇത് നിര്‍ത്താനും തോന്നിയില്ല........ഒരു മഴയുള്ള രാത്രി ജോലിക്ക് ചേരാനുള്ള രേഖകളെല്ലാം നന്നായി എടുത്ത് വെച്ച് പഴയ കോളേജ് സുഹൃത്തുക്കളെയും തേടി ഞാന്‍ ഫേസ്ബുക്കിലെത്തി.എന്നെക്കാത്ത് ഒരു ഫ്രെണ്ട് റിക്വസ്റ്റ് കിടക്കുന്നു....ഞാന്‍ ആ പേര് ഒന്നുകൂടെ നോക്കി....അത് അവന്‍ തന്നെ...
                      സ്കൂളിന്റെ പടവുകള്‍ ഇറങ്ങുമ്പോള്‍ മനസ്സില്‍ വിചാരിച്ചതാണ് ഇനി ഒരിക്കലും അവരെ രണ്ടുപേരെയും കാണാനിടയാകരുതെയെന്നു ....ഒരാളോടുള്ള അടങ്ങാത്ത പ്രേമം,രണ്ടാമത്തെയാളോടുള്ള  തീവ്രമായ വെറുപ്പ്‌......ഓരോരുത്തരുടെ ജീവിതത്തിലും ഓരോരുത്തരും നായകന്മാരാണ്,വെറുപ്പുതോന്നുന്നവരെല്ലാം വില്ലന്മാരും.ജീവിതത്തില്‍ എപ്പോഴെങ്കിലും  ഒരാളെ ശത്രുവായി കണ്ടിട്ടുണ്ടെങ്കില്‍  അത് അവനെ മാത്രമായിരുന്നു,ഹേമന്ത്.......
                           "hemanth wants you to be your friend in facebook"
ഞാന്‍ അവന്റെ മെസ്സേജ് വായിച്ചു...."ഡാ  നമുക്ക് വീണ്ടും തല്ലുകൂടാം.........accept ചെയ്തില്ലെങ്കില്‍ നിന്റെ തലമണ്ട ഞാന്‍ തല്ലിപ്പോളിക്കും.....ഓര്‍മയുണ്ടല്ലോ?
അതൊന്നും ഞാന്‍ ഇപ്പോള്‍  ഓര്‍ക്കാന്‍ ശ്രമിക്കാറില്ല...പക്ഷെ അവന്‍ വീണ്ടും എന്നെ ഓര്‍മിപ്പിക്കുന്നു....സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞു റിസള്‍ട്ട്‌ വന്നു  മഴയത്ത് ചുവന്ന  റിബണും വെള്ളക്കൊടിയുമായി ഈന്‍ഖിലാബ് വിളിച്ചുള്ള വിജയാഘോഷത്തിന്റെ സമയം....നല്ല മഴയുണ്ട്......ഞങ്ങളുടെ ആവേശത്തെ മഴക്കും കെടുത്താനായില്ല...അതിനിടക്ക് തോറ്റത്തിന്റെ ദേഷ്യം തീര്‍ക്കാന്‍ വടിയും കല്ലും എടുത്ത് അവനും അവന്റെ ചങ്ങാതിമാരും വരുന്നത്....അടിക്കിടയ്ക്കു അവന്റെ തല്ലു കൊണ്ട് നെറ്റിയില്‍ നിന്നും ചോര ഒലിപ്പിച്ചു ഞാന്‍ ഗ്രൗണ്ടില്‍ വീണു കിടന്നു....ഓര്‍മ വരുമ്പോള്‍ തലയില്‍ ഒരു കെട്ടുമായി ഞാന്‍ ഹോസ്പിറ്റലില്‍ കിടക്കുകയായിരുന്നു....എല്ലാം  ഇന്നലെ കഴിഞ്ഞ പോലെ ...അവന്‍ ചെയ്ത ക്രൂരതകളുടെ ലിസ്റ്റ്  ഇനിയും ഉണ്ട്.....
                അവന്റെ മെസ്സേജ് എനിക്ക് ഇഷ്ട്ടപ്പെട്ടു....പതിവുപോലെ വില്ലനെ ഞാന്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങി....ഇപ്പോള്‍ പിരിഞ്ഞിട്ടു അഞ്ചാറു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ....ഞാന്‍ ആ ഫ്രെണ്ട് റിക്വസ്റ്റ് സ്വീകരിച്ചു....
                 ഹേമന്ത്  ഇപ്പോള്‍ ഹിന്തു പത്രത്തില്‍ ഒരേ സമയം ഫോട്ടോഗ്രാഫറും കാര്‍ട്ടൂണിസ്റ്റും  ആണ്.പത്രത്തില്‍ അവന്റെ ഫോട്ടോകളും കാര്‍ട്ടൂണുകളും അടിച്ചു വരുന്നത് മേഘനാഥന്‍  എന്ന പേരിലായിരുന്നു......ആ പേരില്‍ എന്തോ ഉള്ളത് പോലെ തോന്നി....പിന്നീടുള്ള വൈകുന്നേരങ്ങളിലും രാത്രികളിലും ഫെസ്ബുക്കിന്റെ താളുകളില്‍ ഞങ്ങള്‍ കണ്ടുമുട്ടി....നിഷ്കളങ്കമായ  അവന്റെ തമാശകള്‍ക്കായി  ഞാന്‍ കാത്തിരിക്കും....രാഷ്ട്രീയ രംഗങ്ങളില്‍ കാര്യമായ ഒച്ചപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ പത്രത്തില്‍ മേഘനാഥന്റെ കാര്‍ട്ടൂണുകള്‍ക്കായി തിരയും......അവന്റെ കാര്‍ട്ടൂണുകളില്‍ വിരിയുന്ന  ചിരിക്കിടയില്‍ പൊള്ളുന്ന സാമുഹ്യ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു........
                      നല്ല മഴയുള്ള രാത്രികളില്‍ ഹേമന്ത് പഴയ  കാര്യങ്ങള്‍ പലതും എന്നെ ഓര്‍മിപ്പിച്ചു  കൊണ്ടിരിക്കും.....സ്ക്കൂളിനടുത്തുള്ള കനാലില്‍ എന്ന തള്ളിയിട്ടു കൈകൊട്ടി ചിരിച്ചതും,ഫുള്‍ മാര്‍ക്ക് കിട്ടിയ എന്റെ ഉത്തരക്കടലാസ് തുണ്ട് തുണ്ടമാക്കി കീറി ക്കളഞ്ഞതും ,വിജയന്‍  മാഷിന്റെ തല്ലു കിട്ടിയതും.അവന്റെ കൈ മുറിഞ്ഞതും...എല്ലാം  പറഞ്ഞിട്ട്  ചോദിക്കും നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ ?
ഞാന്‍ തമാശയ്ക്ക് മറുപടി പറയും "ഉണ്ട് ?
ഉടന്‍ അവന്റെ മറുപടി വരും 'ഉണ്ടെങ്കില്‍ നീയത് മനസ്സില്‍ വെച്ച മതി അതെങ്ങാനും പുറത്ത് കാണിച്ചാല്‍ അറിയാലോ? ഞാന്‍ നിന്നെ ശരിയാകും....
                        അവന്‍ ഇപ്പോഴും പഴയ ഗുണ്ട കുട്ടിതന്നെ ..കുട്ടിക്കളി ഒട്ടും മാറീട്ടില്ല......
                   ഫേസ്ബുക്കില്‍ ദിവസവും എന്തെങ്കിലും ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യും...എല്ലാം അവന്റെ ക്യാമറയില്‍ ഒപ്പിക്കുന്ന കുസൃതിത്തരങ്ങള്‍.......ചിത്രങ്ങളില്‍ പലതിലും മനോഹരമായ കവിത ഒളിഞ്ഞു കിടന്നിരുന്നു.....മഴയെ ക്യാമറയില്‍ പകര്‍ത്തുന്നതില്‍ അവന്റെ വിരുത് അപാരമായിരുന്നു......മേഘനാഥന്റെ മഴ ചിത്രങ്ങള്‍ക്ക്  ഫേസ്ബുക്കില്‍ ആയിരക്കണക്കിന് ആരാധകരുണ്ട്....അതില്‍ ഒരു പുതിയ ആരാധകനായി ഞാനും.......
                  ഒരു ഇടവപ്പാതി കഴിഞ്ഞു കോരിച്ചൊരിയുന്ന മഴയത് അവന്‍ ഫേസ്ബുക്കില്‍ പുതിയൊരു ചിത്രം അപ്‌ലോഡ്‌ ചെയ്തു.....ഇലത്തുമ്പില്‍ നിന്നും ഇട്ടിവീഴാറായ  മഴതുള്ളി........ചിത്രത്തിന്റെ പേര് "മഴതുള്ളി ഇലയോട് പറഞ്ഞത്..."ചിത്രവും പേരും എന്നെ വല്ലാതെ അസ്വസ്ഥനാക്കി....മഴതുള്ളി എന്താവും ഇലയോട് പറഞ്ഞിട്ടുണ്ടാവുക....ഇലയുടെ ജീവിതത്തില്‍ ആനന്തം നിറച്ചു വിരലിലെണ്ണാവുന്ന നിമിഷങ്ങള്‍ മാത്രം മഴതുള്ളി ജീവിക്കുന്നു.....ഒടുവില്‍ മരണത്തിനും ജീവിതതിനുമിടയ്ക്കു പിരിയാന്‍ വയ്യാതെ,ഇലതുമ്പത്  തൂങ്ങിക്കിടക്കുന്നു......
പിന്നെ താഴെ വീണുടഞ്ഞു ഇല്ലാതായിത്തീരുന്നു .....ഇതിനിടയില്‍ തീര്‍ച്ചയായും പറഞ്ഞതിലേറെ പറയാന്‍ ബാക്കിയുണ്ടാകും.........
                         കുറെ കാലാമായി ചോദിക്കണമെന്ന് വിചാരിച്ച ആ ചോദ്യം ഞാന്‍ അപ്പോള്‍ തന്നെ അവനോട ചോദിച്ചു.....'എന്താടാ നിനക്ക് മഴയോട് നിനക്കിത്ര ഇഷ്ടം?
അഞ്ചു മിനിട്ടിനുള്ളില്‍ വലിയൊരു മറുപടി കിട്ടി........
"ദാ,ഞാന്‍ ജനിച്ചത്‌ നല്ല ഇടിയും മഴയും ഉള്ള ഒരു ദിവസമായിരുന്നു.....പിന്നീടങ്ങോട്ട് ഓര്‍മകള്‍ക്കെല്ലാം  മഴയുടെ അകമ്പടിയുണ്ടായിരുന്നു....മുത്തശ്ശിയുടെ മടിയിലിരുന്നു മഴയത്ത്‌ ആലിപ്പഴം വീഴുന്നത് നോക്കിയിരുന്നത് മനസ്സില്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമായി ഫ്രൈം ചെയ്തു കിടപ്പുണ്ട്,പിന്നെ അച്ഛന്റെ കൈപിടിച്ച് ആദ്യമായി സ്കൂളില്‍ പോയപ്പോള്‍ എന്റെ പുള്ളിക്കുട  നനയ്ക്കാന്‍ മഴ പെയ്തിരുന്നു.....എന്റെ കുഞ്ഞനിയത്തിയെ  ദൈവം തന്നതും ഒരു മഴക്കാലത്തായിരുന്നു.....മഴയത്ത്‌ വയലില്‍ വെള്ളം കയറുമ്പോള്‍ കൂട്ടുകാരുടെ കൂടെ ചൂണ്ടയിടാന്‍ പോകുന്നത് കുട്ടിക്കാലത്തെ മഴ ഓര്‍മയാണ്.......ഒടുവില്‍ വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്ന ഇഷ്ടം,നിന്റെതാനെന്നറിഞ്ഞിട്ടും അവളോട്‌ പോയി പറഞ്ഞതും ഒരു പേരുംമഴയത്തായിരുന്നു,നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല അവളുടെ ചിലങ്കയുടെ താളം പോലെയായിരുന്നു അന്നൊക്കെ മഴ പെയ്തിരുന്നത്........
                     വായിച്ചവസാനിച്ചപ്പോള്‍  കണ്ണടയുരി  മേശപ്പുറത്ത് വെച്ച്  ഞാന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു....ആ ചിലങ്ങയുടെ താളം ഇന്നും മനസ്സിലുണ്ട്.....അന്നത്തെ മഴയ്ക്ക്‌ മാത്രമല്ല ഇന്നത്തെ മഴയ്ക്കും അവളുടെ ചിലങ്കയുടെ മിടിപ്പുതന്നെയാണ്......ഞങ്ങളുടെ പ്രണയം രണ്ടുപേരുടെയും വീട്ടില്‍ അറിയിച്ച് പ്രശ്നമാക്കിയാണ് അന്നവന്‍ പ്രതികാരം ചെയ്തത്...പിന്നീടൊരിക്കലും പരസ്പരം സംസാരിച്ചിട്ടില്ല....കണ്ണുകളില്‍ നോക്കിയിട്ടില്ല,പിന്നീടെപ്പോഴോ അവള്‍ കോളേജില്‍ വേറെ ഏതോ ഒരുത്തനുമായി പ്രണയത്തിലായെന്നു  മാത്രം കേട്ടു.....    
               ഇവിടെ അവഗണിക്കപ്പെട്ട ആത്മാര്‍ത്ഥ പ്രണയത്തിന്റെ വേദന പേറുന്ന വില്ലനെ ഇഷ്ട്ടപ്പെടാണോ അതോ നായകനെ ഇഷ്ട്ടപ്പെടാണോ........? സത്യത്തില്‍ കഥയിലെ നായകനും വില്ലനും ഒരേ തരക്കാരാണല്ലോ .............?
                 ഹേമന്ത് വീണ്ടും എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും  പലതും ഓര്‍മിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു....അലസമായി കയറിയിറങ്ങിയിരുന്ന   ഫേസ്ബുക്കില്‍ ഞാന്‍ പ്രതീക്ഷയോടെ കയറിച്ചെല്ലാന്‍ തുടങ്ങി.....യാന്ത്രികമായ ജോലിത്തിരക്കുകള്‍ കഴിഞ്ഞാല്‍ അവന്‍ എനിക്കൊരാശ്വാസമായി മാറി.....     
                കഴിഞ്ഞ ഒരാഴ്ചയായി ഹെമന്തിനെ കണ്ടതേയില്ല....അവസാനമായി ഒരു ചിത്രവും മെസ്സേജും മാത്രം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്....ഇലത്തുമ്പില്‍ നിന്നും ഇറ്റിവീഴുന്ന മഴതുള്ളി.......വളരെ സൂക്ഷ്മമായി ക്യാമറയില്‍ പകര്‍ത്തിയതാണ്......ചിത്രത്തിന് കൊടുത്തിരിക്കുന്ന പേര് "പറഞ്ഞു കൊതി തീര്‍ന്നിട്ടില്ല" എന്നായിരുന്നു.....ഇടുക്കിയില്‍ ആദിവാസികളുടെ മഴയാഘോഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ പോവാനുള്ള കാര്യം അവന്‍ പറഞ്ഞിരുന്നു,ഞാന്‍ കാത്തിരുന്നു........ 
               രാവിലെ പത്രമെടുത്ത്‌ വന്ന മണിക്കുട്ടി വിളിച്ചു പറഞ്ഞു "ഇടുക്കിയില്‍ ഉരുള്‍പ്പോട്ടി  എട്ടു ആളുകള്‍ മരിച്ചു....ഈ മഴ വല്യ ശല്യമായല്ലോ......" കേട്ടപ്പോള്‍ നെഞ്ജോന്നു പിടഞ്ഞു.പെട്ടെന്ന് പേപ്പര്‍ പിടിച്ചു വാങ്ങി എട്ടു പേരില്‍ അവന്നുണ്ടാവരുതെ എന്ന് മാത്രം പ്രാര്‍ഥിച്ചു പേപ്പര്‍ തുറന്നു ...... main heading നു താഴെയ്യുള്ള ചെറിയ വാര്‍ത്ത കണ്ണിലുടക്കി "മഴയുടെ കാമുകന്‍ യാത്രയായി"
                    പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ ഫേസ്ബുക്കില്‍ കയറിയില്ല.അവന്റെ ചിത്രങ്ങളും തമാശകളും മരിക്കാത്ത ഓര്‍മകളുമായി അവിടെ എന്നെ കാത്തു കിടപ്പുണ്ടാവും.....ഏറെ നാളുകള്‍ക്കു ശേഷം നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്ക്‌ അവളുടെ ചിലങ്കയെക്കാള്‍ അവന്റെ  ചിത്രങ്ങളുടെ സൗന്ദര്യമുണ്ടായിരുന്നു...ആ മഴ എന്നെ വീണ്ടും ഫേസ്ബുക്കില്‍ എത്തിച്ചു.ഫ്രെണ്ട് ലിസ്റ്റില്‍ അവന്റെ മഴതുള്ളി ഫോട്ടോ അവിടെത്തന്നെയുണ്ട്....മരിച്ചിട്ടും മരിക്കാതെ എത്രയോ പേര്‍ ഇതുപോലെ ഫേസ്ബുക്കില്‍ ജീവിക്കുന്നുണ്ടാകും....അവരുടെ അക്കൌണ്ടില്‍ സ്വീകരിക്കപ്പെടാന്‍ കാത്തുകിടക്കുന്ന ഫ്രെണ്ട് ലിസ്റ്റുകള്‍.....ഞാന്‍ എന്റെ ഫേസ്ബുക്ക് അക്കൊണ്ട് ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചു....അപ്പോഴേക്കും പുതിയൊരു ഫ്രെണ്ട് റിക്വസ്റ്റ്.......പഴയ ചിലങ്കയുടെ താളം......"ഡാ നമുക്ക് ഫ്രെന്സാവാം.."...കണ്ടപ്പോള്‍ ഒരുതരം നിര്‍വികാരത മാത്രം.........ഹും പ്രണയത്തിന്റെ അവസാന വാകാനല്ലോ സൗഹൃദം......ആത്മാര്‍ഥമായ  സൗഹൃദം മരണത്തിനപ്പുറം ഹൃദയത്തിലൊരു മഴത്തുള്ളിയായ് പെയ്തൊഴിയാതെ കിടക്കുന്നു.....ഡിലീറ്റ് ചെയ്തു കണ്ണ് തുടച്ചു എണീറ് വരുമ്പോള്‍ മണിക്കുട്ടിയുടെ fm റേഡിയോ പാടിതുടങ്ങിയിരുന്നു.
                                               ഗാനമായ് വന്നു നീ......
                                                     മൌനമായ്   മാഞ്ഞു നീ....
മായുകില്ലെന്‍ ഓര്‍മയില്‍.....

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഞാന്‍ ഒരു മഴ

-അവന്തിക-

എനിക്ക് മുകളില്‍ ഇരുണ്ട് കൂടുന്ന മേഘങ്ങള്‍ 
ഒന്ന് പെയ്തു തോര്ന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു...
തോരാതെ പെയ്യുന്ന ആ മഴ എന്നെ 
അകലേക്ക്‌ ഒഴുക്കി കൊണ്ടുപോയിരുന്നെങ്കില്‍...
ഒഴുകിയൊഴുകി പുഴയോടും പിന്നെ കടലിനോടും ചേര്‍ന്ന്...
തിരയായ്‌ ഉയര്‍ന്നു പൊങ്ങി...
നിന്റെ കാലിനെ തഴുകി തലോടി...
ആകാശത്തെ പ്രണയിച്ചു ജലബാഷ്പമായ്‌ മുകളിലേക്ക്...
നിന്റെ ശിരസ്സിനു മുകളില്‍ പഞ്ഞിക്കെട്ടു കണക്കെയുള്ള  മേഘമായ്
മതിവരുവോളം പാറി നടന്നു...
ഒരു നാള്‍ ഞാനും മഴയായ് 
നിന്നില്‍ പെയ്തിറങ്ങും...

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

ഓര്‍മ്മകള്‍......

-അവന്തിക -

ദൂരെ എവിടെയോ ആരു അഗ്നി പര്‍വതം  പുകയുകയാണ്...........
ഓര്‍മ്മകള്‍  കറുത്ത പുകച്ചുരുളായ് ഉയര്‍ന്നു പൊങ്ങുന്നു..........
അതെന്റെ സ്വപ്നങ്ങളെ മായ്ക്കുന്നു.....
എന്റെ ആത്മാവിനെ ഉരുക്കുന്നു.......

                            ഭൂമിയുടെ മാറിലൂടെ നീ ഒഴുക്കുന്നത്,
                           നിന്റെ തീരാ നൊമ്പരങ്ങളോ അതോ ചുടു കണ്ണീരോ?
                           ആ കണ്ണീരില്‍ എന്റെ സ്വപ്‌നങ്ങള്‍ അലിഞ്ഞില്ലാതാവുകയാണ്......
                           ആ കണ്ണീര്‍ എന്റെ സ്വപനങ്ങളെ പൊള്ളിച്ച കാലത്തിന്റെ വെറും വികൃതി മാത്രമോ ?

പാഴ്ക്കിനാക്കള്‍..................
ഒരു നാള്‍ എന്റെ സ്വപ്‌നങ്ങള്‍ പൂത്തതും തളിര്‍ത്തതും
മറ്റൊരുനാല്‍ കൊഴിഞ്ഞു മണ്ണോട് ചേര്‍ന്നതും
അതേ മരച്ചുവട്ടില്‍...........
ഈ മണ്ണില്‍ അലിഞ്ഞില്ലാതാകുന്നത് എന്റെ സ്വപ്‌നങ്ങള്‍ മാത്രമോ ?
അതോ ഞാന്‍ തന്നെയോ?
ഒരു കൊടും വേനലില്‍ തളിരിട്ട മോഹങ്ങള്‍
ഒരു മഹാമാരിയില്‍ കത്തിയമരുന്നു.......
           
                      *      *      *      *      *      *      *      *      *      *      *
Protected by Copyscape DMCA Takedown Notice Infringement Search Tool