"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

തിങ്കളാഴ്‌ച, ജനുവരി 23, 2012

ഓര്‍മകള്‍ക്കെന്തു സുഗന്ധം...

ഷിബി..

    ഓര്‍മ്മകള്‍ ചിലപ്പോള്‍ അങ്ങനെയാണ്,മഞ്ചാടി കുരുക്കള്‍ വീണുകിടക്കുന്ന മനസ്സിന്റെ ഇടവഴികളിലൂടെ പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ അത് കടന്നു വരും.ചിലപ്പോള്‍ ചുണ്ടില്‍ ഒരു പുഞ്ചിരിപ്പൂ വിരിയിച്ചു കടന്നു പോകും.മറ്റു ചിലപ്പോള്‍ കവിളില്‍ ഒരിറ്റു കണ്ണീര്തുള്ളിയായ് പെയ്തൊഴിയും.......
                           പഴയപുസ്തകങ്ങള്‍ക്കിടയില്‍ എന്തിനെന്നില്ലാതെ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ആ ഡയറി വീണ്ടും എന്റെ കണ്ണില്‍പ്പെട്ടത്.എന്റെ  ഓട്ടോഗ്രാഫ്...............ഒരു വസന്തകാലത്തിന്റെ അവശേഷിപ്പ്......ഹൃദയത്തിന്റെ ഭാഷയില്‍ സ്നേഹത്തിന്റെ മഷികൊണ്ട് സ്വന്തം കൂട്ടുകാരന് വേണ്ടി എഴുതിവേച്ചുപോയ ജീവന്‍ തുടിക്കുന്ന വരികള്‍.......
              ഓട്ടോഗ്രാഫിനു ചരമക്കുറിപ്പ് എഴുതിത്തുടങ്ങിയ കാലത്താണ് ഞങ്ങള്‍ സ്കൂളിന്റെ
പടിയിറങ്ങുന്നത്.ഒരുപക്ഷെ ഓട്ടോഗ്രാഫ് എഴുതുന്ന അവസാനത്തെ തലമുറ ഞങ്ങളുടേതായിരിക്കാം.ശേഷം സ്കൂള്‍ വിട്ട അനിയനോ അനിയത്തിയോ ഓട്ടോഗ്രാഫ്  എഴുതിയതായി കണ്ടിട്ടില്ല.സാങ്കേതിക വിദ്യയുടെ ചിലന്തിവലയ്ക്കുള്ളില്‍ അനുദിനം കാണുന്ന നമുക്കെല്ലാം ഓട്ടോഗ്രാഫ് എന്നത് വെറുമൊരു മേഗാസീരിയലിന്റെ പെരുമാത്രമാവാം.....എന്നാല്‍ അത് ഒരു കാലഘട്ടത്തിന്റെ എന്തെല്ലാമോ ആയിരുന്നു.......കാലത്തിന്റെ മരണപ്പാച്ചിലില്‍ എവിടെയെങ്കിലും വെച്ച്  കണ്ടുമുട്ടാം എന്ന പ്രതീക്ഷയെ താലോലിച്ചു കലാലയതിന്റെ പടിയിറങ്ങുമ്പോള്‍ സ്വന്തം ഹൃദയം പറിച്ചെടുത്ത് പലരും ഓട്ടോഗ്രാഫ്  എഴുതിയിരുന്നു........ഹൃദയത്തുടിപ്പായി കൂടെ നടന്നിരുന്ന ചങ്ങാതിക്ക്.........ജീവനായ പ്രണയിനിക്ക്......മയില്‍പ്പീലിതുണ്ടുപോലെ വര്‍ഷങ്ങളായി വെളിച്ചം കാണാതെ സൂക്ഷിച്ചു വെച്ച പ്രണയം ചിലര്‍ ഓട്ടോഗ്രാഫിന്റെ താളുകളില്‍ കോറിയിടാറുണ്ടായിരുന്നു........അതുകൊണ്ട് പഴയ കോളേജ് കുമാരികളെല്ലാം കല്യാണത്തിന് മുന്‍പ് കത്തിച്ചു കളയാറുണ്ടത്രേ.............!
                                  പത്താം ക്ലാസ് അവസാനിക്കാറായപ്പോഴേക്കും മൂസാക്കാന്റെ കടയില്‍ വര്‍ണശബളമായ പലതരം  ഓട്ടോഗ്രാഫ് പുസ്തകങ്ങള്‍ എത്തി.ഓട്ടോഗ്രാഫ് വാങ്ങല്‍ തന്നെ വലിയൊരാഘോഷമാണ്.നിരത്തിയിട്ട ഒരുപാടെണ്ണത്തില്‍  നിന്നു ഭംഗിയുള്ളതും വ്യത്യസ്തവുമായ ഒന്ന് കണ്ടുപിടിക്കണം...........കാശുള്ളവന്റെ ഓട്ടോഗ്രാഫിനു ഭംഗി കൂടും.....
                  
              കൂട്ടുകാരെല്ലാം പുസ്തകങ്ങള്‍ വാങ്ങി.അത്യാവശ്യം കുഴപ്പമില്ലാത്ത ഒരെണ്ണം ഞാനും കാണട് പിടിച്ചു.വൈകുന്നേരം അച്ഛന്റെയടുത്ത് കാര്യം അവതരിപ്പിച്ചു.അച്ഛന്‍ ഷര്‍ട്ടിന്റെ കീശ കാണിച്ചുതന്നപ്പോഴേക്കും   ഓട്ടോഗ്രാഫ് പുസ്തകം വാങ്ങാനുള്ള പൂതി അവസാനിച്ചു. LIC ഏജെന്റ്റ്  ആയ ഇളയച്ചനെ സോപ്പിട്ട് നല്ലൊരു ഡയറി സംഘടിപ്പിച്ചു.അല്ലെങ്കിലും  ഓട്ടോഗ്രാഫ് ബുക്കിനെക്കാള്‍ ഈടുനില്‍ക്കുക ഡയറി തന്നെയാണ്.കൂടുതല്‍ പേജുകളും ഉണ്ടാകും  (കിട്ടാത്ത മുന്തിരി.......).ആദ്യ പേജില്‍ ഓട്ടോഗ്രാഫ്  എഴുതുന്നവര്‍ക്കുള്ള ആശംസ ഭംഗിയായ്‌ എഴുതി.പിന്നീടുള്ള കുറച്ചു താളുകള്‍ പ്രിയപ്പെട്ടവര്‍ക്കായി ബുക്ക്‌ ചെയ്ത് വെച്ചു.പല കൈകളില്‍ കയറിയിറങ്ങി ഒരുപാട് അക്ഷരക്കൂട്ടങ്ങളുമായി   തിരിച്ചെത്തുമ്പോഴേക്കും  എന്റെ ഡയറി നിറഞ്ഞിരുന്നു.....

                               വര്‍ഷങ്ങള്‍ക്കപ്പുറം ഓട്ടോഗ്രാഫിന്റെ താളുകള്‍ മറിച്ചിടുമ്പോള്‍ ഓര്‍മ്മത്തിരകള്‍   മനസ്സിന്റെ തീരത്തെ തഴുകി മറയുന്നു."ഓര്‍ക്കാന്‍ നല്ല മനസ്സുള്ളപ്പോള്‍ എന്തിനാണീ ചിതലരിക്കുന്ന 
ഓട്ടോഗ്രാഫ് " എന്ന് ചോദിച്ച കൂട്ടുകാരാ സോറി......ചിതലരിക്കാതെ ഞാന്‍ സൂക്ഷിച്ച ഓട്ടോഗ്രാഫ് നോക്കി ഒരു നിമിഷമെങ്കിലും ഞാനെന്റെ വസന്ത കാലത്തില്‍  വീണ്ടും ജീവിക്കുകയാണ്.....
                            വ്രണിത കാലത്തിന്റെ ചൂടേറിയ ഓര്‍മ്മ സുഖമാര്‍ന്നൊരു  നൊമ്പരമാനെന്നു പറഞ്ഞ പ്രിയപ്പെട്ട അദ്ധ്യാപകന്‍,ചട്ടയില്‍ എഴുതുന്നതുകൊണ്ട് ചട്ടമ്പിയെന്നു വിളിക്കരുതെന്നു മുന്‍‌കൂര്‍ ജാമ്യമെടുത്ത് ചട്ട വൃത്തികേടാക്കിയ കുസൃതിക്കാരനായ ചങ്ങാതി..........മുന്നിലെ മഹാശൂന്യതയ്ക്കുമപ്പുറം    ഒരിത്തിരി വെട്ടമെങ്കിലും എറിയുന്നുന്ടെന്ന സത്യം തിരിച്ചറിയാന്‍ ഓര്‍മിപ്പിച്ച സ്നേഹനിധിയായ ടീച്ചര്‍............ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് മഞ്ചാടി ചോട്ടിക്കളിച്ച കഥയെഴുതിയ കൂട്ടുകാരി..........ഒടുവില്‍ പെരെഴുതാതെ എഴുതിവെച്ച പ്രണയലേഖനം.............ഓട്ടോഗ്രാഫിന്റെ ഓരോ താളുകള്‍ക്കും എത്രയെത്ര കഥകളാണ് പറയാനുള്ളത്.............
                           ഓട്ടോഗ്രാഫില്‍  അന്നത്തെ ഇരട്ടപ്പേര് കണ്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി....ഇപ്പൊ അതൊന്നും ആരും വിളിക്കാറില്ല.ഇത്തരം പേരുകളും,കളിയാക്കലുകളും,തമാശകളും,പിണക്കങ്ങളും ഒക്കെത്തന്നെയാണ് ഓരോ ചാങ്ങാത്തത്തെയും  ഊട്ടിയുറപ്പിക്കുന്നത് .അതുകൊണ്ടായിരിക്കാം പഴയ കൂട്ടുകാര്‍ ഇപ്പോഴും ആ ഇരട്ടപ്പെരുതന്നെ വിളിച്ച് കേള്‍ക്കാന്‍ നാം ആഗ്രഹിക്കുന്നത്.വിരഹത്തിന്റെ നിമിഷങ്ങളിലും തമാശയൊപ്പിക്കുന്ന കൂട്ടുകാര്‍ ചിരിക്കാന്‍ ഒരുപാടവസരങ്ങള്‍ ബാക്കി വെച്ചിരുന്നു.പഴയ എട്ടാം ക്ലാസ്സുകാരിയെക്കൊണ്ട് അവര്‍ നിര്‍ബന്ധിച്ച് എഴുതിവാങ്ങിയ ഓട്ടോഗ്രാഫ് ഒരുവരിയില്‍ അവസാനിച്ചു."എല്ലാവിധ വിജയാശംസകളും നേരുന്നു" ഒടുവില്‍ വടിവൊത്ത കൈപ്പടയില്‍ പേര്, 8 c , ഒപ്പ്........പ്രണയമെന്നു വിശേഷിപ്പിക്കാമോ എന്നുപോലും അറിയാത്ത കടിഞ്ഞൂല്‍ പ്രണയത്തിന്റെ അവസാന ശേഷിപ്പ്.
                          "എവിടെയെന്നറിയില്ലെന്നാലും  എന്നോര്മയില്‍
       അവളുണ്ടൊരേ കുടക്കീഴിലിന്നും......."
           +2 ലെ ഓട്ടോഗ്രാഫിനു കുറച്ചുകൂടി പക്വത വന്നിരുന്നു.സ്ഥിരം ഓട്ടോഗ്രാഫ്  ഡയലോഗുകള്‍ക്കും  സാഹിത്യങ്ങള്‍ക്കും പകരം സ്വന്തം എഴുത്തുകള്‍ വന്നുതുടങ്ങി.പ്രകടമായ മറ്റൊരു മാറ്റം ആരും അഡ്രസ്‌ എഴുതാതെയായി എന്നതായിരുന്നു.വല്ലപ്പോഴും കത്തയക്കണേ  എന്ന് പറഞ്ഞു അഡ്രസ്‌ എഴുതിയിടത്ത് ഫോണ്‍ നമ്പരും ഇമെയില്‍ അഡ്രസ്സും ഇടംപിടിച്ചു.വിരഹം നിറഞ്ഞ വരികള്‍ക്കുപകരം തെറിവിളികളും കളിയാക്കലും ഒക്കെയായിരുന്നു കൂടുതല്‍.ചാറ്റിങ്ങും,കോളിങ്ങും ,ഓര്‍ക്കുട്ടും എല്ലാം അന്നത്തെ പിരിയുംബോഴുണ്ടാകുന്ന വേദന കുറച്ചു എന്നുവേണം കരുതാന്‍.എങ്കിലും ഞങ്ങളുടെ കൊച്ചു സ്വര്‍ഗത്തിന്റെ പടിയിറങ്ങണം എന്ന ദുഖം എല്ലാവരിലും  പ്രകടമായിരുന്നു.             
                          നിസ്സാരമായ ഒരു  തമാശയില്‍ തുടങ്ങി,തെറ്റിദ്ധാരണയുടെ പേരില്‍ പിണങ്ങേണ്ടി വന്ന ഒരു കൂട്ടുകാരന്‍ ഒരുമിച്ചുണ്ടായിരുന്ന നാളുകളിലെ ഓര്‍മ്മകള്‍ ഓട്ടോഗ്രാഫില്‍ കുറിച്ച് വെച്ചു.ഒടുവില്‍ ഇങ്ങനെ ഉപസംഹരിച്ചു." നിന്റെ പ്രിയ സുഹൃത്തായിരുന്ന,ഇപ്പോഴത്തെ വെറും സുഹൃത്തുമായ..........." എന്റെ ഓട്ടോഗ്രാഫിലെ എന്നെ ഏറെ സ്പര്‍ശിച്ച വരികള്‍ അതായിരുന്നു.ബുക്ക്‌ കയ്യില്‍ കിട്ടി വായിച്ച ഉടനെ ഞാന്‍ അവനെപ്പോയി കണ്ടു.അതുവരെ മനസ്സിലുണ്ടായിരുന്ന ഈഗോയ്ക്കും,വാശിക്കും,ദേഷ്യത്തിനും അടിയില്‍ നിന്നും വന്ന സോറി എന്ന രണ്ടക്ഷരം ഞങ്ങളെ വീണ്ടും ചങ്ങാതിമാരാക്കി.നിസ്സാരമായ പിണക്കത്തിന്റെ പേരില്‍ എത്ര മനോഹരമായ നിമിഷങ്ങളാണ് നശിപ്പിച്ചത് എന്നോര്‍ത്ത് ഞങ്ങള്‍ സങ്കടപ്പെട്ടിട്ടുണ്ട്‌.
                             കുഞ്ഞുനാളില്‍ നഷ്ട്ടപ്പെട്ട സഹോദരന്റെ സ്ഥാനത്ത്‌ കാണട് സ്നേഹിച്ച കൂട്ടുകാരി (സഹോദരി) ഓട്ടോഗ്രാഫിന്റെ താളുകളിലെഴുതി "എന്റെ ജോ യെ തിരിച്ചുകിട്ടിയതുപോലെ" എന്ന്. ഞാന്‍ ബുക്ക്ഡ് എന്നെഴുതിയ  ആദ്യ പേജുകള്‍ ഇന്നും ഒഴിഞ്ഞു കിടക്കുന്നു.ആര്‍ക്കുവേണ്ടിയാണോ ആ പേജുകള്‍ ഒഴിച്ചിട്ടത് അവരാരും എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയില്ല."ഒരു ഓട്ടോഗ്രാഫിന്റെ പിന്‍ബലമില്ലാതെ നിനക്ക് ഓര്‍ക്കാന്‍ പറ്റുമെങ്കില്‍ മതി...."എന്ന് പറഞ്ഞ ആ കൂട്ടുകാരും മങ്ങാത്ത ഓര്‍മയായി നെഞ്ചില്‍ ഇപ്പോഴും ഉണ്ട്. 
                             ഓട്ടോഗ്രാഫിന്റെ അവസാന താളുകളും മറച്ചിട്ടു ഒരു ദീര്‍ഘമായ നിശ്വാസം അവസാനിക്കുമ്പോഴേക്കും മനസ്സിന്റെ വെള്ളിത്തിരയില്‍ ഒരുപാട് ചിത്രങ്ങള്‍ മിന്നിമറഞ്ഞിരുന്നു........
                              "ആത്മബന്ധത്തിന് വില പറയുന്ന 
                                ദൈവത്തിന്റെ കോടതിയില്‍
                                രക്ത ബന്ധത്തേക്കാള്‍  വലുത്
                                സ്നേഹബന്ധമാണ് സഹോദരാ................" എന്നെഴുതിവെച്ച കൂട്ടുകാരാ നന്ദി............ഓര്‍മകളുടെ അനന്തമായ  പാലത്തിലൂടെ മനസ്സ് കൂകിപ്പായുമ്പോള്‍ നമുക്കിനിയും കണ്ടുമുട്ടാം...........


2 comments:

അജ്ഞാതന്‍ പറഞ്ഞു...

സൗഹൃദം എനിക്ക് ദൈവം തന്ന നിധി .......
ഓര്‍ക്കുന്നു ഞാന്‍ എന്‍ ഹൃദയങ്ങളെ ...
ഷിബി, you are great..

Vyshakh E പറഞ്ഞു...

നീ പറഞ്ഞ ഓരോ വാക്കുകളും , എന്റെ പഴയ കാലങ്ങള്‍ ഓര്‍ത്തു പോയി..,
i can't say how is my feelingsss..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Protected by Copyscape DMCA Takedown Notice Infringement Search Tool