"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

വ്യാഴാഴ്‌ച, മേയ് 17, 2012

ചങ്ങായി ജീവിതം ഇങ്ങനെയൊക്കെയാണ്....

-ഷിബി-

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പടവുകളിറങ്ങുമ്പോള്‍ മനസ്സ് നിറയെ സിനിമ മാത്രമായിരുന്നു.
ബെര്‍ഗ്മാനും, സത്യജിത്ത് റായും,ഡിസീക്കയും,ഖട്ടക്കും  ഒക്കെ കാണിച്ചു തന്ന  സങ്കല്പങ്ങള്‍. ചുറ്റുപാടിന്റെ പച്ചയായ യാഥാര്‍ത്‌ഥ്‌യങ്ങളുടെ  ചലിക്കുന്ന ചിത്രങ്ങള്‍.ചിന്തകളില്‍ സിനിമ കാട്ടുവള്ളി മരത്തെ എന്ന പോലെ ചുറ്റിപ്പിടിച്ച് വളര്‍ന്ന നിമിഷങ്ങള്‍.
                           തന്റെ സങ്കല്‍പ്പത്തിനുമപ്പുറം  വ്യഭിച്ചരിച്ചുപോയ ഒരു കലാ രൂപമായി  സിനിമ  മാറിയിരിക്കുന്നു.താന്‍ പഠിച്ചതില്‍ നിന്നും വിഭിന്നമായ എന്തെല്ലാമോ തിയേറ്റര്‍ അടക്കി ഭരിക്കുന്നു.ചൂടന്‍ രംഗങ്ങളും,പഞ്ച് ഡയലോഗുകളും ,ഐറ്റം നമ്പരുകളും തിരുകി കയറ്റി പണം വാരുന്ന വ്യവസായം മാത്രമാകുന്ന സിനിമ.പെണ്‍ ശരീരത്തെ തുറിച്ചു നോക്കുന്ന ക്യാമറ,അവയവ പ്രദര്‍ശനം മാത്രമായി തരംതാഴ്ന്നു പോകുന്ന സിനിമ.....ഇവിടെ ഞാന്‍ വ്യത്യസ്തനാവണം. കവിത പോലെ മനോഹരമായ സിനിമ, കാഴ്ച പ്രതികരിക്കാനുള്ള ഉപാധിയാവണം, പ്രേക്ഷകര്‍ സിനിമ മനസ്സ് കൊണ്ടല്ല ഹൃദയം കൊണ്ട് ആസ്വദിക്കണം.സ്വപ്‌നങ്ങള്‍ അനവധിയാണ്.
                              ഇനിയെന്ത്? മുന്നില്‍ ഒരു പാത നീണ്ട നിവര്‍ന്നു കിടക്കുന്നു.സ്വന്തമായി സിനിമ ചെയ്യണം.കുറെ ചിന്തകളും,സ്വപ്നങ്ങളും,സ്വന്തം കഴിവിലുള്ള വിശ്വാസവും പിന്നെ കോളേജ് കാലം മുതല്‍ നിഴലായി ഒപ്പം നടക്കുന്ന എന്റെ കിണ്ണനും (കിരണ്‍ ദാസ്‌) കൂട്ടിനുണ്ട്.ആവേശം പകരാന്‍ ഇതൊക്കെ ധാരാളം.
                             കഥയ്ക്കായുള്ള അന്വേഷണത്തിന്റെ നാളുകള്‍.ഊണിലും, ഉറക്കത്തിലും, രാവും പകലും ചിന്ത ഒരു പട്ടം പോലെ എവിടെയൊക്കെയോ പാറി നടന്നു.
                              കിണ്ണന് പണ്ടുമുതലേ ക്യാമറയോടായിരുന്നു  ആവേശം.കാഴ്ച അവനു അനന്തമായിരുന്നു.മറ്റുള്ളവരേക്കാള്‍ പൊക്കം കുറഞ്ഞ അവന്‍ തടിയന്‍ മന്‍സൂറിന്റെ ചുമലില്‍ കയറിയിരുന്നു 'പ്ലാവിലതോപ്പി' എന്ന ഞങ്ങളുടെ ക്യാമ്പസ് ഫിലിം ക്യാമറയില്‍ പകര്‍ത്തിയത് ഇന്നും ഓര്‍മയിലുണ്ട്.എഞ്ചിനീയറിംഗ് കോളേജ് വിട്ട ശേഷം പൂനെ  ഫിലിം ഇന്‍സ്റ്റിറ്റ്യുട്ടില്‍ അവന്‍ ചായാഗ്രഹണവും ഞാന്‍ സംവിധാനവും പഠിച്ചു. അടൂരിനേയും,ഷാജി എന്‍ കരുനിനെയും പോലുള്ള മഹാന്മാര്‍ പഠിച്ചിറങ്ങിയ ആ കലാലയം ഞങ്ങള്‍ക്ക് അനുഭവങ്ങളുടെ വലിയൊരു ലോകം സമ്മാനിച്ചു .
                               വൈകുന്നേരം കിണ്ണനും ഞാനും അല്‍പ്പം നടക്കാനിറങ്ങി.കീശയില്‍ തപ്പിയപ്പോള്‍ രണ്ടു  ചായക്കുമാത്രം പൈസയുണ്ട്.ചായ കുടിക്കുന്നതിനിടയില്‍ ടീവിയില്‍ വെറുതെ ശ്രദ്ധിച്ചു.
'ശ്രീദേവി വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം'.
 കണ്ണ് വീണ്ടും ടീവിയില്‍ ഉടക്കി.
'ഡാ, ലോകത്തിന്റെ ഏതോ ഒരു കോണില്‍ ഇരുന്നു അവനിപ്പോ സന്തോഷിക്കുന്നുണ്ടാവും'
'ഉം, ഞാന്‍ പതിയെ മൂളി'
'എടാ കുഞ്ഞൂഞ്ഞേ നമുക്ക് അവന്റെ കഥ സിനിമയാക്കിയാലോ?'
പുതിയ ആശയം കിട്ടിയതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടാന്‍ തോന്നി.ലോകം മുഴുവന്‍ ആരാധിക്കുന്ന സംഗീത മാന്ത്രികന്‍ ഹരികിഷോറിന്റെ ആരോരുമറിയാത്ത ജീവിതം സിനിമയാകുന്നു.ആ കഥ ശരിക്കും ഞങ്ങളുടെ കൂടി ജീവിതമാണല്ലോ.
'ഡാ അവനോട്  സമ്മതം വാങ്ങണ്ടേ?
'എന്തിന്? ഈ കഥയുടെ മുഴുവന്‍ ക്രഡിറ്റും  നമുക്കല്ലേഡാ'
പിന്നെ, സംഗീതം നമുക്ക് അവനെക്കൊണ്ട് ചെയ്യിക്കാം.
                              ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രിയില്‍ ഞാന്‍ എഴുതി തുടങ്ങി.കിണ്ണന്‍ സിഗരറ്റ് പുകച്ച് അടുത്തിരുന്നു.പതിയെ പതിയെ എഴുത്തിനു ഒഴുക്ക് വന്ന്‌ തുടങ്ങി.'അനുരാഗിണി ഇതാ എന്‍' എന്ന പാട്ടിന്റെ മനോഹരമായ ഓടക്കുഴല്‍ സ്വരത്തില്‍ കിണ്ണന്റെ ഫോണ്‍ റിംഗ് ചെയ്തു,കേട്ടപ്പോഴെക്ക് ആളാരാണെന്ന് മനസ്സിലായി.അവന്‍ ഒരു കള്ളച്ചിരിയോടെ  ഫോണും എടുത്തു പോയി.ഇനി ഒരു മണിക്കൂര്‍ നേരത്തേക്ക് അവനെ നോക്കണ്ട.ഇന്‍സ്റ്റിറ്റ്യുട്ടില്‍ നിന്നും  പരിചയപ്പെട്ട ഗുജറാത്തി പെണ്‍കുട്ടിയുമായി അവനറിയാവുന്ന  ഭാഷയില്‍ സോള്ളിക്കൊണ്ടിരുന്നു.
                             എന്‍ജിനീയറിങ്ങിന് പഠിക്കുന്ന നാളുകള്‍......ചില്ലറ തരികിടകളും തമാശകളും ഗുണ്ടായിസവും ഒക്കെയായി ക്ലാസ് ഭരിച്ചിരുന്ന മൂന്നു തലതിരിഞ്ഞ പയ്യന്മാര്‍.കാര്‍ത്തിക് വേണുഗോപാല്‍ എന്ന ഞാനും, കിണ്ണനും  പിന്നെ തമിം അബ്ദുള്ള എന്ന 'എലുംബനും'.അവരാരും കാര്‍ത്തിക് എന്ന് എന്നെ വിളിക്കാറില്ല.ചിലപ്പോ കുഞ്ഞുഞ്ഞ് എന്ന് തികച്ചു വിളിക്കും.അല്ലെങ്ങില്‍ 'കുഞ്ഞു' വില്‍ ഒതുങ്ങും.പെണ്‍കുട്ടികളുടെ മുന്നില്‍ സ്റ്റൈല്‍ ആക്കിയും വായ നോക്കിയും നടന്നിരുന്ന ഞങ്ങള്‍ക്ക് പെണ്‍ സുഹൃത്തുക്കള്‍ തീരെ ഇല്ലായിരുന്നു.പക്ഷെ പിന്നെ എപ്പോഴോ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു മണ്ടൂസ് (സുന്ദരിപ്പെ ണ്ണ്‍) കയറിക്കൂടി.പേര് 'സീതാലക്ഷ്മി'.എല്ലാവരും അവളെ സീത എന്ന് വിളിച്ചു.എനിക്ക് ലക്ഷ്മി എന്ന് വിളിക്കാനായിരുന്നു ഇഷ്ടം. പാവം പെണ്ണ്, മിക്കപ്പോഴും ഞങ്ങളുടെ അസൈന്‍മെന്റുകളും റെക്കോര്‍ഡുകളും  എഴുതലായിരിക്കും അവളുടെ ജോലി. തമീം ഞങ്ങളുടെ സ്വഭാവം പോലെ ഗ്യാങ്ങിനു ഒരു പേരിട്ടു 'കാസാ-മുസാക്കോ-1947 '. ഇതിന്റെ അര്‍ഥം അവനു പോലും അറിയില്ല. പക്ഷെ -1947 സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നു.
                                  തമീം ഞങ്ങള്‍ക്ക് ഒരു അദ്ഭുതമായിരുന്നു. ജീവിതം നിറയെ വേദനകളുടെ ഭാരം പേറുന്നവന്‍. അവന്റെ കഥകള്‍ കേട്ട്‌ ചിലപ്പോള്‍ ഞങ്ങള്‍ കരഞ്ഞുപോയിട്ടുണ്ട്‌.പക്ഷെ അവന്‍ കരയില്ലായിരുന്നു.ചിരിക്കാന്‍ മാത്രം അറിയുന്നവന്‍, എല്ലാ പ്രശ്നങ്ങളും മറന്നു അവന്‍ കളിക്കും,തമാശ പറയും,ഒരുപാട് സ്നേഹിക്കും.അവന്‍ ഞങ്ങളോട് പറയും 
 'ചങ്ങായി, കണ്ണൂരിലെ തെയ്യത്തിന്റെ കഥപോലെ ഉമിത്തീയില്‍  എരിയുമ്പോഴും കുളിരാനെന്നു പറയണം'
ഞാനും കിണ്ണനും സിനിമയും സാഹിത്യവും തലയ്ക്കു കയറി നടന്നപ്പോഴും അവന്‍ ആവേശത്തോടെ പഠിച്ചു.ക്ലാസ്സില്‍ ഒന്നാമനായി.ചിലപ്പോള്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കാനായി അവന്‍ പറയും
'എടാ സിനമ ഭ്രാന്തന്മാരെ ,ഞാന്‍ പഠിച്ച്‌ വലിയ എന്ജിനീയറായി കുറെ കാശ് സമ്പാദിച്ച്‌ നിങ്ങളുടെ ആദ്യത്തെ സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്യും'
                                പറഞ്ഞതുപോലെ അവന്‍ വലിയ ആളായി. HTC യുടെ തലപ്പത്തിരുന്നു കോടികള്‍ സമ്പാദിക്കുന്നു.സ്വന്തമായി BMW കാര്‍ ,ഫ്ലാറ്റ്,എല്ലാം ഉണ്ട്.കഴിഞ്ഞ വര്ഷം മഞ്ചേരിക്കാരി   ഒരു മൊഞ്ചത്തിപ്പെണ്ണിനെ  കല്യാണം കഴിക്കുകയും ചെയ്തു. അവനിന്ന് കൃഷ്ണനും ഞങ്ങള്‍ വെറും കുചേലന്‍മാരും.ചോദിച്ചാല്‍ അവന്‍ സഹായിക്കാതിരിക്കില്ല.സഹായിക്കും............. 
                                മനസ്സിന്റെ താഴ്വരയില്‍ പ്രണയത്തിന്റെ ഒരു പൂവ് മൊട്ടിട്ടിരുന്നു.പക്ഷെ പറയാതെ അറിയാതെ അത് അവസാനിച്ചു.മനപ്പൂര്‍വം പറയാതിരുന്നതല്ല.കിണ്ണനും തമീമിനും ആ കഥ അറിയാം.പറയാനുറച്ച് മനസ്സിനെ തയ്യാറാക്കിയപ്പോഴേക്കും ഞങ്ങളുടെ ജീവിതത്തിലേക്ക് അവന്‍ കടന്നു വന്നിരുന്നു.ഇപ്പോഴും മനസ്സിന്റെ ഓളങ്ങളില്‍ ആ പ്രണയത്തിന്റെ കടലാസ്  തോണി വെറുതെ ഒഴുകിക്കൊണ്ടിരിക്കുന്നു.
                               ഒരു വെള്ളിയാഴ്ച ഉച്ചനേരം,ക്ലാസ്സില്‍ എല്ലാവരും റെക്കോര്‍ഡ്‌ എഴുതി തീര്‍ക്കാനുള്ള തിരക്കിലാണ്.ലക്ഷ്മിക്ക് ഡയറി മില്‍ക്ക് വാങ്ങി കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഒടുവില്‍  എനിക്ക് വരച്ചു തരാം എന്ന് സമ്മതിച്ചു .സ്വന്തമായി പെന്‍സിലും റബ്ബറും ഒന്ന് ഇല്ലാത്തതുകൊണ്ട് അവസാന ബെഞ്ചില്‍ വെറുതെ കിടന്നിരുന്ന ബാഗ് തപ്പി.ഒരു നിമിഷം ഞാന്‍ ഞെട്ടി.'മയക്കു മരുന്ന്,സിറിഞ്ച്,കഞ്ചാവ് '.....

                            ക്ലാസ്സിനു പുറത്തു തൂണ്‍ ചാരി നിന്നു കമ്മന്റ് അടിച്ചുകൊണ്ടിരുന്ന തമീമിനെ പതുക്കെ വിളിച്ച്‌ ഞാന്‍ സംഭവം പറഞ്ഞു.ഞങ്ങള്‍ പതിയെ ബാഗിന്റെ പുറത്തെ കള്ളി തുറന്നു നോക്കി.പുസ്തകത്തിന്‌ ഇടയില്‍ ഒരു ഓടക്കുഴല്‍,കുറച്ചു കടലാസ് തുണ്ടുകള്‍.മനസ്സില്‍ എന്തൊക്കെയോ ചോദ്യങ്ങള്‍ നിറഞ്ഞു.കണ്ണുകള്‍ പതിയെ കടലാസ് തുണ്ടുകളില്‍ ഉടക്കി.കാച്ചിക്കുറുക്കിയ ചെറിയ ചെറിയ വരികള്‍, വരികള്‍ക്കിടയില്‍ പിടയുന്ന ജീവിതം.....ജീവിതത്തോടുള്ള  പ്രധിഷേധം......ആരോടൊക്കെയോ ഉള്ള പ്രതികാരം.......പ്രതികരിക്കാനാവാത്തതിലുള്ള നിസ്സഹായത..............
                            ബാഗ് പഴയത് പോലെ വെച്ചു.കിണ്ണനെയും ലകഷ്മിയെയും വിളിച്ച്‌ കാര്യം പറഞ്ഞു.
    'എന്നാലും ആവനെന്താ ഇത്രമാത്രം പ്രശ്നങ്ങള്‍?  ഒട്ടു  വഴങ്ങാത്ത പ്രകൃതക്കാരന്‍, ഞാന്‍ പലവട്ടം മുട്ടി നോക്കിയതാണ്,ആരോടും മിണ്ടാന്‍ പോലും അവനു ഇഷ്ടമല്ല.' ഡസ്ക്കില്‍ കേറി ഇരിക്കുകയായിരുന്ന തമീം പറഞ്ഞു .
                             അവന്‍ അങ്ങനെയായിരുന്നു.'ഹരികിഷോര്‍' ഒരു പാവം പയ്യന്‍.പോപ്പും റോക്കും പണക്കൊഴുപ്പിന്റെ മേനി പ്രദര്‍ശനവും അടക്കി വാഴുന്ന കോളേജ് ജീവിതത്തിന്റെ ആനന്തങ്ങള്‍ക്ക് കണ്ണും ചെവിയും കൊടുക്കാതെ  ഒരു ഒച്ചിനെപ്പോലെ ഒതുങ്ങി കഴിയുന്നവന്‍.താടിയും മുടിയും നീട്ടി ആകര്‍ഷകമല്ലാത്ത വസ്ത്രമണിഞ്ഞു ആരോടും മിണ്ടാട്ടമില്ലാതെ ഇരിക്കുന്ന അവനെ ചിലര്‍ക്കൊക്കെ പേടിയായിരുന്നു.അവന്റെ നോട്ടത്തിന്റെ തീക്ഷ്ണതയും ,അലസഭാവത്തിനും അപ്പുറം എന്തോ ഒരു ആകഷകത എനിക്ക് അവനോട് തോന്നിയിരുന്നു. 
                            ഞങ്ങള്‍ പതിയെ അവനോടു അടുക്കാന്‍ ശ്രമിച്ചു.ഞാനും തമീമും ഇരിപ്പ് അവന്റെ ബെഞ്ചിലേക്ക്  മാറ്റി.പക്ഷെ പലപ്പോഴും അവന്‍ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.എന്തോ....... ചില ദിവസങ്ങളില്‍ അവന്‍ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു..........പിന്നീട് ഞങ്ങളുടെ യാത്രാ അവനിലേക്കുള്ള അന്വേഷണമായിരുന്നു. 
                             ഓഫീസില്‍  നിന്നും അവന്റെ അഡ്രസ്‌ സംഘടിപ്പിച്ചു.ഒരു ദിവസം ക്ലാസ്സ് കട്ടുചെയ്ത് ഞങ്ങള്‍ അവന്റെ വീട് തേടി പുറപ്പെട്ടു.ഒടുവില്‍ നഗരത്തിന്റെ ഒരു കോണില്‍ ആ വീട് കണ്ടു പിടിച്ചു.ചെറുതെങ്കിലും  മനോഹരമായ വീട്,കുറെ കാലമായി വൃത്തിയാക്കാതെ  കിടക്കുന്നത്കൊണ്ട് മുറ്റത്തു ഇലകള്‍ നിറഞ്ഞിരിക്കുന്നു.പൂട്ടിക്കിടക്കുന്ന വീടിന്റെ കോലായില്‍ മാറാല പിടിച്ചു കിടക്കുന്ന ഫോട്ടോയില്‍ കണ്ണ് ചെന്നിരുന്നു.ഹരിയും ചേച്ചിയും അമ്മയും അച്ഛനും കൂടിയുള്ള ഒരു പഴയ ഫോട്ടോ.വീടിനു മുന്നില്‍ ചുറ്റിക്കളിക്കുന്നത് കണ്ടാവണം അടുത്ത വീട്ടിലെ അല്പം പ്രായം ചെന്ന മനുഷ്യന്‍ മുന്നില്‍ വന്ന്‌ ഞങ്ങളോട് കാര്യം അന്വേഷിച്ചു.കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു.ഇരിക്കാന്‍ പറഞ്ഞ ശേഷം തന്റെ ചാരുകസേരയില്‍ ചാരിയിരുന്നു ആ കഥ പറഞ്ഞു.വിധി ഹരിയെ വേട്ടയാടിയ കഥ. 
                            റെയില്‍വേയി കാറ്ററിംഗ് ജോലിക്കാരനായിരുന്നു ഹരിയുടെ അച്ഛന്‍.ചെറിയ വരുമാനം ആണെങ്കില്‍  കൂടിയും ഇല്ലായ്മയിലും ആ കുടുംബം സന്തോഷം കണ്ടെത്തി.ഹരിക്ക് ഒരു ചേച്ചി,പേര് ശ്രീദേവി.ഡിഗ്രി പാസ്സായ ശേഷം അടുത്ത കോളേജില്‍ പീ.ജി ക്ക് ചേര്‍ന്നു.ഹരിക്ക് അമ്മ ജീവനായിരുന്നു.അമ്മയുടെ മുഖം കണ്ടുകൊണ്ടേ അവന്‍ ഉണരൂ,അമ്മ മുത്തം കൊടുത്താലേ കിടക്കയില്‍ നിന്നും എനീക്കു.....
                           പത്താം   ക്ലാസ് പരീക്ഷ നന്നായി എഴുതി വേനലവധി ആഘോഷിച്ചു നടക്കുകയായിരുന്നു ഹരി .ഒരു ദിവസം ഹരിയെയു ശ്രീദേവിയും ചേര്‍ത്ത് പിടിച്ചു അച്ഛന്‍ ചോദിച്ചു.
                         'എടീ , നമുക്ക് നമ്മുടെ മക്കളെയും കൊണ്ട് ഒരു യാത്രാ പോയാലോ?'
                          'ഇതെന്തു പുതുമ'? ചപ്പാത്തി പരത്തുന്നതിനിടയില്‍ അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.
'നമ്മളുടെ മക്കള്‍ക്ക്‌ ഇത്തിരി സന്തോഷം കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍  പിന്നെ നമ്മള്‍ എന്ത് അച്ഛനും അമ്മയുമാ?'
                          പതിവിലും സന്തോഷത്തോടെ ഹരിയും ശ്രീദേവിയും എണീറ്റു.പുതിയ ഡ്രസ്സ്‌ ഇട്ടു ചേച്ചിയോട്  വാതോരാതെ സംസാരിച്ച് അവര്‍ യാത്രാ തുടങ്ങി.കടല് കണ്ടു,പാര്‍ക്കില്‍ പോയി,സിനിമ കണ്ടു,തിരികെ വരുമ്പോള്‍ താന്‍ ചായ വില്‍ക്കാന്‍ മാത്രം കയറാറുള്ള ട്രെനില്‍ സന്തോഷത്തോടെ  മക്കളെയും ഭാര്യയേയും കൂട്ടി അയാള്‍ കയറി.തീവണ്ടി ഒരു ഞെരുക്കത്തോടെ  നീങ്ങി തുടങ്ങി.തന്റെ യൂണിഫോമായ നീല ഷര്‍ട്ടിനു പകരം കറുത്ത കള്ളി ഷര്‍ട്ടാണെന്നു കണ്ടപ്പോള്‍ അയാള്‍ മന്തഹസിച്ചു.
                          അന്ന് കടലുണ്ടി പാലം വേദന കൊണ്ട്  പതിവിലും അധികം കരഞ്ഞു.ഒറ്റ നിമിഷത്തെ നിശ്വാസം അവസാനിക്കുമ്പോഴേക്കും പാലത്തിന്റെ കരച്ചിലിനേക്കാള്‍ ശബ്ദത്തില്‍ മുറവിളികള്‍ ഉയര്‍ന്നു.പാലം തകര്‍ന്നു.......കടലുണ്ടി പുഴയില്‍ ശവങ്ങള്‍ പൊന്തി...... ബോധം  വരുമ്പോള്‍ ഹരിയും ശ്രീദേവിയും ആശുപത്രി കിടക്കയില്‍ കറങ്ങുന്ന ഫാനിനു ചുവട്ടില്‍ ആയിരുന്നു.സുഖമില്ലാതെ കിടക്കുമ്പോള്‍ നെറ്റിയില്‍ കൈവെച്ചു കൂട്ടിരിക്കുന്ന അമ്മയെ അവന്‍ തിരഞ്ഞു.കാലിനടുത്തു  തന്നെ നോക്കിയിരിക്കാറുള്ള അച്ഛനെ ഓര്‍ത്തു.....ചേച്ചിയുടെ കണ്ണില്‍ നിന്നും ഇറ്റി വീണ കണ്ണീര്‍ അവനോടു എല്ലാം പറഞ്ഞു......
                            ശ്രീദേവി പഠിത്തം നിര്‍ത്തി,ദൂരെ ടൌണില്‍ ഒരു ടെക്സ്റ്റില്‍സില്‍ ജോലിക്ക് ചേര്‍ന്നു.പിന്നീട് ഹരിയുടെ അച്ഛനും അമ്മയും എല്ലാം അവളായിരുന്നു.ചേച്ചി കഷ്ട്ടപ്പെടുന്നത് കാണുമ്പോള്‍ അവന്‍ നീറുന്ന മനസ്സുമായി ആവേശത്തോടെ പഠിച്ചു. +2 നു സ്കൂളില്‍ ഒന്നാമനായി പാസ്സായി.എന്ട്രന്‍സ്സിനു നല്ല റാങ്ക് കിട്ടി.ദൂരെ നല്ല കോളേജുകളില്‍  അഡ്മിഷന്‍ കിട്ടുമായിരുന്നിട്ടും ചേച്ചിയുടെ കാര്യം ഓര്‍ത്തപ്പോള്‍ അവന്‍ അടുത്തുള്ള കോളേജില്‍ ചേരുവാന്‍ തീരുമാനിച്ചു.
                            കോളേജില്‍ ചേരാന്‍ പോകേണ്ട ദിവസം. രാവിലെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയില്‍ തൊഴുത്‌ ചേച്ചിയുടെ കാല്‍ തോട്ടു വണങ്ങി പോവാന്‍ ഇറങ്ങുമ്പോള്‍ ഹരിയുടെ മനസ്സ് ഏറെ കനത്തിരുന്നു.അമ്മ പുറകില്‍ തന്നെ നോക്കി നില്‍പ്പുണ്ടെന്ന് അവനു തോന്നി.വെറുതെ അവന്‍ തിരിഞ്ഞു നോക്കി.
                                ശ്രീദേവി അന്ന് പതിവിലും ഏറെ സന്തോഷത്തിലായിരുന്നു.ചുണ്ടില്‍ പുഞ്ചിരി തത്തിക്കളിച്ചു.കോളേജില്‍ രേഖകളെല്ലാം ശരിയാക്കിയ ശേഷം ഹരിയെ സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ചു.ജോലിസ്ഥലത്തെ കൂട്ടുകാരികള്‍ക്ക് മധുരം കൊടുക്കാന്‍ പോവാന്‍ ട്രെനില്‍ കയറി.ഹരി പിന്നീട് ആ ചിരിക്കുന്ന മുഖം കണ്ടിട്ടില്ല.പെണ്ണിനെ രുചിക്കാന്‍ മാത്രമുള്ള വസ്തുവായി കരുതുന്ന കണ്ണില്‍ ചോരയില്ലാത്ത ഒരു കൂട്ടം തെരുവ് നായ്ക്കള്‍  ട്രാക്കിലിട്ടു പിച്ചിച്ചീന്തുകയായിരുന്നു.
                                 കണ്ണടയെടുത്ത്‌ പതിയെ കണ്ണുതുടച്ച ശേഷം അയാള്‍ പറഞ്ഞു.
'ഹരി ഇപ്പൊ ഓര്‍ഫനേജിലാ , അവന്റെ പഠിത്തം ഒക്കെ അവരാ നോക്കുന്നെ.പാവം കുട്ടി........ചേച്ചിയുടെ ഇഷ്ട്ടത്തെയോര്‍ത്താ അവനിപ്പോ പഠികാന്‍ പോകുന്നെ.'
                                  ഞങ്ങള്‍ മൂന്നുപേരും ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു. തിരികെ പോരുമ്പോള്‍ അദ്ദേഹം വിളിച്ച് പറഞ്ഞു.
 'മക്കളെ അവന്‍ അസ്സല് പാട്ടുകാരനാണ് കേട്ടോ ,നിങ്ങള് അവനെ ശ്രദ്ദിക്കണം.'
                                  വരുന്ന വഴി ഓര്‍ഫനേജില്‍ കയറി,ഫാതറിനെ കണ്ടു.ഹരിയുടെ മയക്കു മരുന്ന് ഉപയോഗത്തെപ്പറ്റി   അദ്ദേഹത്തിന് അറിവില്ലായിരുന്നു.അവന്റെ ഭാവിയെപ്പറ്റി ഒരുപാട് സംസാരിച്ചു.അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ എല്ലാ സഹായങ്ങളും ഞങ്ങള്‍ വാഗ്ദാനം ചെയ്തു.അപ്പോഴേക്കും ഹരിയെ മനസ്സ് കൊണ്ട് ഞങ്ങള്‍ ഒരുപാട് സ്നേഹിച്ചു തുടങ്ങിയിരുന്നു.
                                    ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.അവന്‍ ഞങ്ങളില്‍ ഒരാളായി മാറി.അവനില്‍ മാറ്റങ്ങള്‍ വന്ന്‌ തുടങ്ങി.മയക്കു മരുന്ന് ഉപേക്ഷിച്ചു.താടിയും മുടിയും വെട്ടി വൃത്തിയാക്കിയപ്പോള്‍ ക്ലാസ്സിലെ ഏറ്റവും സുന്ദരന്‍  അവനാണെന്ന് തോന്നി.
                                    ഒരു ദിവസം അവനെ കുറിച്ച് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ കിണ്ണന്‍ പറഞ്ഞു.
'ഡാ അവനൊന്നു പ്രേമിച്ചാല്‍ ഉഷാറായിക്കോളും.....അവന്റെ എല്ലാ സങ്കടങ്ങളും പങ്കു വെക്കാന്‍ ഒരാള്‍ '
                                        'അതിപ്പോ എങ്ങനാഡാ ?'
'എടാ കുഞ്ഞു നമ്മള്‍ സിനിമയിലൊക്കെ കാണുന്നപോലെ ഒരു അദൃശ്യ കാമുകി.അവന്‍ ഒന്ന് നോര്‍മല്‍ ആകുന്നതു വരെ മതി; നമുക്ക് മെസ്സേജ് അയച്ചു തുടങ്ങാം.'

                                  ആദ്യം മെസ്സേജിംഗ് ജോലി തമീമിനായിരുന്നു.പിന്നെ കിണ്ണന്‍ ....ഒടുവില്‍ ലക്ഷ്മിയും.കിണ്ണന്റെ ആശയം ശരിക്കും ഏറ്റിരിക്കണം.ഒരു ദിവസം നെല്ലിമരത്തിന്റെ തണലില്‍ ഇരിക്കുമ്പോള്‍ അവനെഴുതിയ പ്രണയ ഗാനം ഞങ്ങള്‍ക്കായി ഈണമിട്ടു പാടി.അവസാനം കരഞ്ഞു കൊണ്ട് അവന്‍ ഞങ്ങളെ നോക്കി.ഞാന്‍ അവനെ നെഞ്ചോടു ചേര്‍ത്ത് ആശ്വസിപ്പിച്ചു.ഹരി ഞങ്ങള്‍ക്ക്  കൂടപ്പിറപ്പിനെ പോലെയായി.അവന്‍ പിന്നെയും പാടി ഒരുപാട്.........അവന്റെ പാട്ടിനായി കലാലയം കാതോര്‍ത്തു.......പിന്നെ ലോകം മുഴുവന്‍ അവന്റെ ശബ്ദത്തിനായി കാത്തിരുന്നു.
                                 ഇന്റര്‍സോണ്‍ കലോത്സവത്തിലെ ഹരിയുടെ വിജയം ഞങ്ങള്‍ ശരിക്കും ആഘോഷിച്ചു.ചെലവ്  മുഴുവന്‍ ലക്ഷ്മിയുടെ വകയായിരുന്നു.തമീം ഒന്ന് കളിയാക്കി ചിരിച്ചു.ഞാന്‍ കണ്ടില്ലെന്നു നടിച്ചു.ആഘോഷങ്ങള്‍ അവസാനിക്കാറായപ്പോള്‍  ട്രോഫിയും കൊണ്ട് അടുത്തിരുന്ന ഹരി കണ്ണ് നിറച്ച് എന്നോട് ചോദിച്ചു.
                            'ഡാ ആ മെസ്സേജ് അയച്ചതൊക്കെ നിങ്ങളാണല്ലേ ....?'
ഒരു സ്വപ്നം തകര്‍ന്നടിയുന്നത്തിന്റെ  വേദന കൂടി അവന്‍ അനുഭവിക്കുന്നത് ഞങ്ങള്‍ കണ്ടു.ഞാനും കിന്നനും തമീമും താഴോട്ടു നോക്കി ഇരുന്നു.പെട്ടെന്ന് ഒരു ശബ്ദം എന്റെ ഹൃദയം തുളച്ചു കടന്നു പോയി.
                                     'ഹരി അവരല്ല,ഞാനാണ്.....
                                       "ya really I Love You"
ലക്ഷ്മി പറഞ്ഞ് അവസാനിപ്പിച്ച് അല്‍പ്പം നാണത്തോടെ ഞങ്ങളെ നോക്കി.തമീം ഒന്നും പറഞ്ഞില്ല,കിണ്ണന്‍ എന്നെ ഒന്ന് നോക്കി.ഒടുവില്‍ മൗനം ഭേദിച്ച് കൊണ്ട് ഞാന്‍ അവര്‍ക്ക് ആശംസ നേര്‍ന്നു.എല്ലാം മറന്ന് അവര്‍ക്ക് വേണ്ടി കളിച്ചു,ചിരിച്ചു.
                                ഭാരം കൂടിയ ഹൃദയവും താങ്ങി ഹോസ്റ്റലിലേക്ക് തിരികെ നടക്കുമ്പോള്‍ കിണ്ണന്‍ ചോദിച്ചു 
                                'എങ്ങനാഡാ  നീ ചിരിക്കുന്നെ?'
'നമുക്ക് ഹരിയല്ലേഡാ  വലുത്,അവന്റെ ജീവിതം മറ്റാരേക്കാളും അറിയുന്നവരല്ലേഡാ നമ്മള്‍, പാവം......'
കരയാതെ പറഞ്ഞ് ഒപ്പിച്ചു.പിന്നീടുള്ള ജീവിതം ചരിത്രമാണ്.ഹരികിഷോര്‍  എന്ന സംഗീത മാന്ത്രികന്‍ ലോക മനസ്സ് കീഴടക്കിയ ജൈത്രയാത്ര.ഞങ്ങളുടെ റോള്‍ ഇവിടെ അവസാനിക്കുന്നു.
                             തമീം പഴയ വാക്ക് പാലിച്ചു.ഞങ്ങളുടെ സിനിമ അവന്‍ പ്രൊഡ്യുസ്  ചെയ്യാമെന്ന് ഏറ്റു.സ്ക്രിപ്റ്റ് എഴുത്ത് കഴിഞ്ഞു ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു.ഇതിനിടെ പലതവണ ഹരിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.അവന്റെ സംഗീതം ഇല്ലാതെ ഞങ്ങളുടെ കല അപൂര്‍ണമാണല്ലോ.
                            ഒരു തവണ വീട്ടില്‍ പോയപ്പോള്‍  അവന്‍ പാരീസില്‍ എന്തോ പ്രോഗ്രാമിന് പോയതാണെന്ന് അറിഞ്ഞു.ലകഷ്മിയെയും കാണാന്‍ പറ്റിയില്ല.വിളിക്കുമ്പോള്‍ പി.എ ഒഴിവു കഴിവുകള്‍ പറഞ്ഞ് കൊണ്ടിരുന്നു.അവസാനം ഞങ്ങള്‍ ഹരിയുടെ പഴയ കൂട്ടുകാര്‍ ആണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
'ഹരി സാറിനു ഇങ്ങനെ ഒരുപാട് കൂട്ടുകാരുണ്ട്. നിങ്ങളെപ്പോലെ പഴയ ബന്ധത്തിന്റെ പേരും പറഞ്ഞു  സഹായവും പണവും ചോദിക്കാന്‍ വരുന്നവര്‍.അദ്ദേഹം തിരക്കേറിയ സംഗീതജ്ഞനാണ്, ശല്യം ചെയ്യരുത്.'
                             ഒടുവില്‍,നെല്ലി മരത്തണലില്‍  വെച്ചു ഓടക്കുഴലില്‍ ഞങ്ങള്‍ക്കായി പാടിയ പാട്ട് അതുപോലെ ഉപയോഗിച്ച് സിനിമ പൂര്‍ത്തിയാക്കി.
                                                             A   Film  by       
                                                      kunjunju   &   Friends
                                                           Camara: Kinnan 
                                                       Produced by: Elumban
                               ഞങ്ങളുടെ വിളിപ്പേരുകള്‍ സിനിമ കഴിഞ്ഞ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.                 
'എപ്പോഴെങ്കിലും  പടം കാണുമ്പോള്‍ അവന്‍ നമ്മളെ തിരിച്ചറിയട്ടെ അല്ലെഡാ ' കിണ്ണന്‍ എന്നെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു.
                            ദൈവാനുഗ്രഹം,ഭാഗ്യം,ഒരുപാട് നല്ല മനസ്സുകളുടെ പ്രാര്‍ത്ഥന പടം ഹിറ്റായി...........കാന്‍    ഫിലിംഫെസ്റ്റിവെല്ലിലേക്ക്  നേരിട്ട് തിരഞ്ഞ്ര്ടുക്കപ്പെട്ടു.ഫെസ്റ്റിവെല്ലില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ കാണാന്‍ പോകാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.നിറയെ പ്രശ്നങ്ങള്‍ക്കിടയില്‍പ്പെട്ട് യാത്രാ നടന്നില്ല.അതിനിടയില്‍ കിണ്ണന്‍ അവന്റെ പെണ്ണിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവന്നു.അതുകൊണ്ട് ഉണ്ടായ പൊല്ലാപ്പുകള്‍ വേറെ.പക്ഷെ കാനില്‍ നിന്നും വന്ന വാര്‍ത്ത ഞങ്ങളെ ഒരുപാട് സന്തോഷിപ്പിച്ചു.ഞങ്ങളുടെ പടത്തിന്റെ  പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നത് mr & mrs  ഹരികിഷോര്‍.
                 ഉദ്ഘാടന ശേഷം ആരാധകരെ അഭിവാദ്യം ചെയ്ത് ഹരി വേദിയില്‍ സിനിമ കാണാന്‍ ഇരുന്നു.ക്യാമറ കണ്ണുകള്‍ മുഴുവന്‍ ആ ദമ്പദികള്‍ക്ക് പുറകെയായിരുന്നു.സ്ക്രീനില്‍ സിനിമ പ്രത്യക്ഷപ്പെട്ടു തുടങ്ങി.പേര് കാണിച്ചു.
                            ''ചങ്ങായി" , ഹരി ഒന്ന് പുഞ്ചിരിച്ചു.
             പഴയ കോളേജ്, നെല്ലി മരം,ഓടക്കുഴല്‍.............ഹരിക്ക് വിശ്വസിക്കാനായില്ല.
അഭ്രപാളികളില്‍ ഞങ്ങള്‍ ജീവിക്കുന്നത് പറയാനാവാത്ത വികാരത്തോടെ അവന്‍ കണ്ടിരുന്നു.പഴയ ആ പാട്ട് കേട്ടപ്പോള്‍ ലക്ഷ്മി  ഏതോ ചിന്തയില്‍ എന്നപോലെ ഹരിയുടെ ചുമലിലേക്ക് തലചായ്ച്ചു.സിനിമ തുടങ്ങുമ്പോള്‍ ഉള്ള ഹരിയായിരുന്നില്ല ഇടവേളയില്‍  സീറ്റില്‍ നിന്നും എഴുന്നേറ്റ ഹരി.അയാള്‍ തന്റെ കൂട്ടുകാരെ എങ്ങും അന്വേഷിച്ചു.ഫോണില്‍ ആരെയൊക്കെയോ വിളിച്ചു.സീറ്റില്‍ നിരാശനായി ഇരുന്നു.ലക്ഷ്മി പതുക്കെ പറഞ്ഞു.
                                'നമ്മുടെ കുഞ്ഞു,തമീം,കിണ്ണന്‍ .............'
                                'ഉം ,' ഹരി വേദനയോടെ മൂളി.
അവസാന സീനുകളില്‍ എത്തിയപ്പോള്‍ ഹരിയുടെ കണ്ണ് നിശ്ചലമായി നിന്നു.മനസ്സ് അയാളോട് എന്തോ മന്തിച്ചു.സ്ക്രീനില്‍ ഒരു എഴുത്ത് പ്രത്യക്ഷപ്പെട്ടു.
                             " വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഫെബ്രുവരി  14
നെല്ലിമരത്തണലില്‍  കുറെ കൂട്ടുകാര്‍ ഒത്തു ചേര്‍ന്നു.ആഘോഷങ്ങള്‍ക്കിടയില്‍ ഒടക്കുഴലിന്റെ  നേര്‍ത്ത സംഗീതം അവസാനിക്കുമ്പോള്‍ കറുത്ത സ്ക്രീനില്‍ അക്ഷരങ്ങള്‍ തെളിഞ്ഞു.
                                "മനസ്സില്‍ സ്നേഹത്തിന്റെ ഒരിറ്റുതുള്ളി
                                 അവശേഷിക്കുന്നിടത്തോളം  കാലം 
                                 ആര്‍ക്കും ആരെയും മറക്കാനാവില്ല."
ഹരി തന്റെ കൈ ലക്ഷ്മിയുടെ കയ്യോട് ചേര്‍ത്തു.എല്ലാവരും എണീറ്റ് പോയിട്ടും അവര്‍ പിന്നേയും  ഇരുന്നു.


  2011 ഫെബ്രുവരി 14 പ്രശസ്തിയുടെ,സമ്പത്തിന്റെ,അഹങ്കാരത്തിന്റെ  മൂടുപടങ്ങള്‍ ഉപേക്ഷിച്ചു വെറും സാധാരണക്കാരായി ഹരിയും ലക്ഷ്മിയും യാത്ര ആരംഭിച്ചു, നഷ്ട്ടപ്പെട്ട സൗഹൃദയത്തിന്റെ പച്ചപ്പുകള്‍ തേടി.സെറ്റ് സാരി ഉടുത്തപ്പോള്‍ ലക്ഷ്മി ശരിക്കും ഒരു നാടന്‍ പെണ്ണായി.ഹരി മുണ്ടും ഷര്‍ട്ടും  അണിഞ്ഞു.
                                 ഹരി, കാര്‍ കോളേജ് ഗേറ്റിന്റെ പുറത്തു നിര്‍ത്തിയിട്ടു.മനോഹരമായ പൂന്തോട്ടത്തിനിടയിലൂടെ ലക്ഷ്മിയുടെ കൈപിടിച്ച് അയാള്‍ നടന്നു.രണ്ടുപേരും ഒന്നും സംസാരിച്ചില്ല.പക്ഷെ പറയാതെ തന്നെ പലതും പറയുന്നുണ്ടായിരുന്നു.


                                 തന്റെ കുഞ്ഞി ശരീരത്തില്‍ ജുബ്ബയണിഞ്ഞു പീ പീ വിളിക്കുന്ന ഷൂ ഇട്ടു തുള്ളിച്ചാടി ഒരു കൊച്ചു കുട്ടി ഹരിയുടെ അടുത്ത്‌ വന്ന്‌ നിന്നു.വലതു കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ഓടക്കുഴല്‍ പതുക്കെ ഹരിയുടെ കയ്യില്‍ കൊടുത്തു.അവനു തമീമിന്റെ അതെ മുഖം.ലക്ഷ്മി പതുക്കെ അവനെ എടുത്തു.ചിരിച്ചു കൊണ്ട് അവന്‍ കുഞ്ഞി കൈ കോളേജിന്റെ പടികളിലേക്ക് ചൂണ്ടി.പുഞ്ചിരിക്കുന്ന ഒരുപാട് മുഖങ്ങള്‍ അവരെ സ്വീകരിച്ചു.തമീം, അവന്റെ തട്ടമിട്ട സുന്ദരി, കിണ്ണന്‍ അവന്റെ ഗുജറാത്തിപെണ്ണ്, കാര്‍ത്തിക്ക്. ഹരിയും   ലക്ഷ്മിയും ഒന്നുകൂടെ നോക്കി....., അവന്‍ ഒറ്റയ്ക്കാണ്.കിണ്ണനും  തമീമും കാര്‍ത്തിക്കും ഹരിയെ ചേര്‍ത്ത് പിടിച്ചു.ഒരുപാട് കാലത്തെ ഇടവേള അവര്‍ക്ക് തോന്നിയില്ല, ഇന്നലെ കണ്ടു പിരിഞ്ഞ സുഹൃത്തുക്കളെ പോലെ ഹൃദയം തുറന്നു, സ്നേഹം അണപൊട്ടി.കുഞ്ഞു തമീമിനെ എലുംബാന്നു വിളിച്ചപ്പോള്‍ പതിവുപോലെ അവന്‍ തന്തയ്ക്കു വിളിച്ചു.കാര്‍ത്തിക്ക് സന്തോഷം കൊണ്ട് പതിവിലും ഉച്ചത്തില്‍ സംസാരിച്ചു.സൂര്യന്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തതും ചന്ദ്രിക അവരെ നോക്കി പുഞ്ചിരിച്ചതും അവര്‍ അറിഞ്ഞില്ല.   



ചങ്ങാത്തത്തിന്റെ ഉത്സവം കഴിഞ്ഞ് നീണ്ട ഇടനാഴിയിലൂടെ തിരികെ നടക്കുമ്പോള്‍ ലക്ഷ്മി കുഞ്ഞുവിന്റെ ചെവിയില്‍ പതുക്കെ മന്ത്രിച്ചു
                                         'ഒരുവാക്ക് നിനക്ക് പറയാമായിരുന്നില്ലേഡാ...................'


                                               *********************************

2 comments:

sudhee..... പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
sudhee..... പറഞ്ഞു...

നന്നായിരിക്കുന്നു ......
ഇത് വല്ലതും ഉള്ളതാണോ ഭായ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Protected by Copyscape DMCA Takedown Notice Infringement Search Tool