ആയുസ്സിന്‍റെ പുസ്തകത്തിലെ
ഒരു താള് കൂടി വായിച്ചു മറിച്ചിടുന്നു...
താരാട്ടിന്‍റെ മധുരമുള്ള കവിതകളും
മാമ്പഴച്ചാര്‍ ഒളിപ്പിച്ച ബാല്യകാലത്തിന്റെ
കഥകളും പഠിച്ചു തീര്‍ന്നിരിക്കുന്നു.
ഇനിയെത്ര താളുകളെന്നറിയില്ല...
വായിച്ചിട്ടും വായിച്ചിട്ടും
ജീവിതം മനസ്സിലാകാത്ത പാഠഭാഗമായി
അവശേഷിക്കുന്നു.
ഞാനിപ്പോഴും അവസാനത്തെ ബെന്‍ജിലിരുന്നു
കിനാവ് കാണുന്ന പഠിക്കാത്ത കുട്ടി തന്നെ...
വാക്കുകള്‍ അക്ഷരങ്ങളുടെ തടവറയിലാണ്
അര്‍ത്ഥങ്ങള്‍ ചിലപ്പോള്‍
അക്ഷരങ്ങള്‍ക്കിടയില്‍ കിടന്നു
ഞെരിപിരി കൊള്ളും.
ഒടുവില്‍
കേട്ടതും,
പറഞ്ഞതും,
മനസ്സിലാക്കിയതും
വെറും വാക്കുകളായിരുന്നെന്നു
അനുഭവത്തിന്‍റെ ടീച്ചര്‍
ചുട്ടയടി തന്നു പഠിപ്പിക്കുമ്പോള്‍
വ്യാകരണവും, നിഖന്ടുവും ഇല്ലാത്ത
മൗനത്തിന്റെ ഭാഷ
സംസാരിക്കുവാനാണെനിക്കിഷ്ടം.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ