"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ശനിയാഴ്‌ച, ഡിസംബർ 31, 2011

മായുന്ന കാല്‍പ്പാടുകള്‍ 
-അവന്തിക -


മാഞ്ഞു തുടങ്ങിയ കാല്‍പ്പാടുകള്‍ തേടിയുള്ള 
യാത്രയിലായിരുന്നു ഞാന്‍.....
പിന്നാലെ തിരഞ്ഞു നടന്നുവെങ്കിലും
കാല്‍പ്പാടുകള്‍ പാതിയും മാഞ്ഞുകഴിഞ്ഞുരുന്നു.......
എന്നെ വിട്ടകലുന്ന കാല്‍പ്പാടുകള്‍
വീശിയടിച്ച പൊടിക്കാറ്റില്‍ മാഞ്ഞുതുടങ്ങിയപ്പോള്‍ 
ആ പൊടിക്കാറ്റില്‍ മൂടിപ്പോയത്
ഞാനായിരുന്നു......
എന്റെ കണ്ണുകള്‍ക്ക്‌ അന്ധത ബാധിച്ചു കഴിഞ്ഞിരുന്നു.
അന്ധത ബാധിച്ചു തുടങ്ങിയ കണ്ണുകളുമായ് 
ഏറെ അലഞ്ഞു നടന്നുവെങ്കിലും 
തേടിയവഴികളിലെല്ലാം കാണാനായത്
കണ്നീര്തുള്ളികള്‍ മാത്രം.
നീയെനിക്കായ് ഉപേക്ഷിച്ച 
സ്നേഹതുള്ളികള്‍........


സ്വന്തം MH

-ഷിബി-നവാഗതന്റെ അപരിചിതത്വം തുളുമ്പുന്ന മുഖവുമായി മെന്‍സ് ഹോസ്റ്റലിന്റെ  ഇരുണ്ട ഇടനാഴിയിലൂടെ സുഹൈലിന്റെ പിറകെ ഞാന്‍ നടന്നു......പലരും പറഞ്ഞ കഥകളില്‍ നിന്നും മെനഞ്ഞെടുത്ത സങ്കല്‍പ്പത്തിലെ ഹോസ്റ്റലില്‍ നിന്നും, യഥാര്‍ത്ഥ ഹോസ്റ്റലിന്റെ മറ്റൊരു ലോകത്തേക്ക് കോണിപ്പടികള്‍ കയറി 208 നമ്പര്‍ മുറിയുടെ മുന്നിലെത്തി.ആരെങ്കിലും പൂട്ടി പോയാലും ഉള്ളില്‍ കടക്കാന്‍ സൗകര്യത്തില്‍ വലിയ ദ്വാരതോടു കൂടിയ വാതില്‍ എന്നെ സ്വാഗതം ചെയ്തു.ഒരുപാടുപേര്‍ പിരിയാന്‍ വയ്യാത്ത മനസ്സുമായി ഹൃദയം പറിച്ചെടുത്ത് അവശേഷിപ്പിച്ചുപോയ ചുവരുകള്‍ പലതും സംസാരിച്ചു.........നഷ്ടപ്രണയത്തിന്റെ കഥകള്‍ , കൂടപ്പിറപ്പിനോളം  വളര്‍ന്ന സൌഹൃദത്തിന്റെ തുടിപ്പുകള്‍ ,യുവത്വത്തിന്റെ ആവേശത്തോടൊപ്പം തിളച്ച തോന്നിവാസ സാഹിത്യങ്ങള്‍ .........ഹോസ്റ്റലിലെ ചുവരുകള്‍ക്കപ്പുറം വളരാതെപോയ എത്ര സാഹിത്യകാരന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവുക.

ഈ ചുവരില്‍ ഇനി ഒരിറ്റു സ്ഥലം ഞങ്ങള്‍ക്ക് കളിക്കാനില്ല എന്നതുകൊണ്ട്തന്നെ ചുവര് ഞങ്ങള്‍ പെയിന്റ് ചെയാന്‍ തീരുമാനിച്ചു.കോപ്പ അമേരിക്ക ഫുട്ബോളിന്റെ ആവേശം കത്തിക്കാളി നില്‍ക്കുന്ന സമയമായിരുന്നു ആ ദിവസങ്ങള്‍...ഞങ്ങള്‍ എല്ലാവരുംതന്നെ അര്‍ജന്റീന ഫാന്‍സ്‌ ആയതുകൊണ്ട് ചുവരിനെ നീല,വെള്ള പെയിന്റുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്തു.പലര്‍ക്കും പെയിന്റിംഗ് ആദ്യാനുഭവമായിരുന്നു.ഒടുവില്‍ നാട്ടിലുള്ള പെയിന്റെര്‍ വിജയെട്ടനെ വിളിച്ച് ഉപദേശം സ്വീകരിക്കേണ്ടി വന്നു.

ഹോസ്റ്റലിലേക്ക് താമസം മാറി രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം സുഹൈല്‍ ഒരുപാട് പറഞ്ഞു സുപരിചിതമാക്കിയ ആ സ്ഥലത്തേക്ക് എന്നെയു കൂട്ടിപ്പോയി.ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ ബാത്ത് റൂമില്‍ സ്ഥാപിച്ച ചെറിയ ഏണിയിലൂടെ  പറ്റിപ്പിടിച്ച് മുകളിലോട്ടു കയറി.ഒടുവില്‍ ഹോസ്റ്റലിന്റെ ചരിഞ്ഞ ടെറസ്സിന്റെ മുകളിലെത്തി.ഭയം അവിടുത്തെ കാഴ്ചകളെല്ലാം 
എന്നില്‍നിന്നും മായ്ച്ചു കളഞ്ഞു.ഭഗവാനെ...........ഈ പണിക്കു ഇറങ്ങെണ്ടിയിരുന്നില്ലെന്നു ഒരു നിമിഷം തോന്നിപ്പോയി.....ഒടുവില്‍ അവന്റെ കൈ പിടിച്ചു  പതുക്കെ മുകളിലേക്ക് കയറി ഇരുന്നു.പേടിച്ചു അതുവരെ അടച്ചു പിടിച്ചിരുന്ന കണ്ണുകള്‍ വിഷുവിനു കണികാണാന്‍ തുറക്കുന്നതുപോലെ പതുക്കെ തുറന്നു.അകലെ നക്ഷത്രക്കുഞ്ഞുങ്ങള്‍  ഭൂമിയില്‍ നീന്തിക്കളിക്കുന്നു.അകലെ കുന്നിന്‍ മുകളിലും താഴ്വാരങ്ങളിലും ഉള്ള വെളിച്ചങ്ങള്‍ ആകാശം മണ്ണിലേക്ക് പൊട്ടിവീണ പോലെ തോന്നിച്ചു....പിന്നീടുള്ള ദിവസങ്ങളില്‍ ഈ ടെറസ്സില്‍ കയറ്റം ഒരു പതിവായി.ഇളം കാറ്റേറ്റ്  കുറെ നേരം മത്തുപിടിച്ച മട്ടില്‍ കിടക്കും.സ്ഥലം അത്യാവശ്യം പരിചയമായി,പേടി വിട്ടൊഴിഞ്ഞ ശേഷം സുഹൈല്‍ അടുത്ത സ്ഥലം കൂടി എന്നെ കാണിച്ചുതന്നു.വാട്ടര്‍ ടാങ്കിന്റെ മുകളിലെ ഇത്തിരിപ്പോന്ന സ്ഥലം.ചരിഞ്ഞ സ്ലാബില്‍ നിന്നും ചെറിയ കോണി,അതിനു മുന്നില്‍ പ്രത്യേക രീതിയില്‍ കൈ വെച്ച്  മാത്രം കയറാവുന്ന ടാങ്ക്.ഹോസ്റ്റലിന്റെ ഏറ്റവും ഉയരത്തില്‍ കയറി ഇരുട്ടത്ത്‌ ഇരിക്കുമ്പോള്‍ ശരിക്കും ആകാശത്തില്‍ ഇരിക്കുന്നതുപോലെ തോന്നും.ലോകം മുഴുവന്‍ നമ്മുടെ താഴെ....അങ്ങനെ ഈ അഭ്യാസങ്ങള്‍ ഒരു ശീലമായ് മാറി......


സന്ധ്യയ്ക്കും രാത്രിയും ഇത്രയധികം 
സൗന്ദര്യമുന്ടെന്നു അറിയുന്നത് ഹോസ്റ്റലില്‍ 
എത്തിയ ശേഷമാണ്.ടെറസ്സിനു മുകളിലെ വൈകുന്നെരങ്ങള്‍ക്ക് ഓരോ ദിവസവും ഓരോ മുഖമാണ്......ചിലപ്പോ ചുവന്നു തുടുത്ത് മുഖം വീപ്പിച്ചു പരിഭവത്തോടെ പോകുന്ന അവളുടെ മുഖം മറ്റു ചിലപ്പോള്‍ ചന്ദനക്കുറിയിട്ട് മൂളിപ്പാട്ടുപാടുന്ന കൂട്ടുകാരന്റെ  മുഖം ,വേദനപേറുന്ന  മനസ്സുമായിരിക്കുമ്പോള്‍ ഇളം കാറ്റായി വന്നു തലോടി നിറഞ്ഞ പുഞ്ഞിരിയുമായി ചക്രവാള സീമയില്‍ നില്‍ക്കുന്ന സന്ധ്യയ്ക്ക് അമ്മയുടെ മുഖം.........

നക്ഷത്രങ്ങള്‍ നിറഞ്ഞ  ആകാശം നോക്കി കിടക്കാന്‍ ഒരു പ്രത്യേക സുഖംതന്നെയാണ്.കാലവും സമയവും പായുന്നതറിയാതെ വിശാലമായ ആകാശത്ത് സങ്കല്‍പ്പങ്ങളുടെ കൊട്ടാരം പണിതു പതിയെ എണീറ്റ്‌ പോവുംബോഴേക്കും ചിലപ്പോള്‍ നാട്ടപ്പാതിരയാവും.ചില ദിവസങ്ങളില്‍ എല്ലാവരുംകൂടി ടെറസ്സില്‍ കയറും,പിന്നെ നിറയെ ബഹളമായിരിക്കും......കളിയാക്കല്‍ , തെറി വിളികള്‍, പെണ്‍കുട്ടികളെ  വിളിച്ച് പറ്റിക്കല്‍, ക്ലാസ്സില്‍ ഒപ്പിക്കേണ്ട തരികിടകളുടെ പ്ലാനിംഗ്.....മറ്റു ചിലപ്പോള്‍ ഭയങ്കര നിശബ്ദതയായിരിക്കും.........വെറുതെ മാനം നോക്കി കിടക്കുമ്പോള്‍ ജെറിയുടെ ഫോണ്‍ ഇടയ്ക്ക് പാടും
 " When the blue night is over my face
on the dark side of world in space
when I'm all alone with stars above
you are the one I love........"

ചില സന്ധ്യകള്‍ക്ക് സംഗീതം പകരാന്‍ ഫസ്റ്റ് ഇയറിലെ മിസോറാമുകാരന്‍ പയ്യനുണ്ടാവും.ടെറസ്സിന്റെ ഒരറ്റത്ത് ഗിറ്റാറും പിടിച്ചു അവനിരിക്കും.കുറെ നേരം ഗിറ്റാര്‍ വായിച്ച ശേഷം അവന്‍ പാടിത്തുടങ്ങും......ഇംഗ്ലീഷും , മിസോയും, ഹിന്ദിയുമെല്ലാം.....കുറെ നേരം അങ്ങനെ അവന്റെയടുത്തിരിക്കും, പിന്നീടൊരു പുഞ്ചിരിയും സമ്മാനിച്ച്  അവനും ഇറങ്ങി പോകും....

വിനുവിന് പ്രേമത്തിന്റെ അസുഖം വന്ന ശേഷം ടെറസ്സിന്റെ മുകളില്‍ കയറാന്‍ അവനു ഭയങ്കര
ആവേശമാണ്.ഉറങ്ങിക്കിടക്കുന്ന എന്നെ വന്ന്‌ തല്ലിയുണര്‍ത്തി അവന്‍ ടെറസ്സില്‍ കയറ്റിയിട്ടുണ്ട്.ഒരുപാട് പ്രണയ രോഗികളുടെ സ്ഥിരം സ്ഥലം കൂടിയാണിത്.ഓരോ അറ്റത്തും ഫോണും പിടിച്ച് നാട്ടപ്പാതിരയോളം പഞാരയടിക്കുന്ന പഞാരക്കുട്ടന്മാരെ വെറുതെയെങ്കിലും പുച്ചിക്കാന്‍ രസമാണ്.ഇവിടെയിരിക്കുമ്പോള്‍ മനസ്സിന്റെ മറകള്‍ താനേ പൊളിഞ്ഞു വീഴാറുണ്ട്...........വെറും ചാങ്ങാതിമാരായിരുന്നവര്‍ എന്റെ നല്ല ചാങ്ങാതിമാരായത് ഇവിടെ വെച്ചായിരുന്നു.....ഒരുപാട് തുറന്നു പറച്ചിലുകള്‍ നടന്നതും ഇവിടുന്നുതന്നെ...അവര്‍ ചിരികൊണ്ട് നീറുന്ന വേദനകളെ മായ്ക്കാം എന്ന് പഠിപ്പിച്ച   ഇടവും ഇതുതന്നെയായിരുന്നു....

സാങ്കേതികവിദ്യയുടെ ക്വിന്റെല്‍ ഭാരമുള്ള പുസ്തകങ്ങളില്‍ നിന്നും അക്ഷരങ്ങള്‍ എന്നെ കൊഞ്ഞനം കുത്തുമ്പോഴും, പരീക്ഷയ്ക്ക് തോറ്റു തുന്നംബാടുമ്പോഴും , മനസ്സ് കടിഞ്ഞാണില്ലാതെ പാറി നടക്കുമ്പോഴും ,ഒരുപാട് സംസാരിക്കാനുന്ടെങ്ങിലും കേള്‍ക്കാന്‍ ആരുമില്ലാതിരിക്കുമ്പോഴും ,വെറുതെ സങ്കടം വരുമ്പോഴും ,ഒരുപാട് സന്തോഷം വരുമ്പോഴും ഞാന്‍ എന്റെ പ്രിയപ്പെട്ട സ്ഥലത്തെത്തും.അപ്പോഴേക്കും ഒരുറ്റ ചങ്ങാതിയുടെ കരസ്പര്‍ശം പോലെ ഒരു കാറ്റെന്നെ തഴുകി മറയും.....

ചില കാര്യങ്ങള്‍ പ്രിയപ്പെട്ടതാവാന്‍ വര്‍ഷങ്ങളും മാസങ്ങളും  വേണ്ടി വരും.എന്നാല്‍ ചുരുങ്ങിയ
ദിവസങ്ങള്‍ കൊണ്ടുതന്നെ ഈ സ്ഥലം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.പാതിപോലും പിന്നിട്ടിട്ടില്ലാത്ത ഈ യാത്രയില്‍ ഇനിയും ഒരുപാട് അനുഭവങ്ങള്‍ അവിടെ ഞങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.ഒരവധിക്കാലം തുടങ്ങുന്നതിനു തലേ ദിവസം ടെറസ്സില്‍ നിന്നിറങ്ങുമ്പോള്‍ വിനു പറഞ്ഞു "ഡ നാളെ മുതല്‍ നമ്മുടെ ടെറസ്സ് ഒറ്റയ്ക്കായിരിക്കുമല്ലോ......." 
 

ബുധനാഴ്‌ച, ഡിസംബർ 21, 2011 -അവന്തിക -


                                                         ശാപങ്ങള്‍  
 പൊരിവെയിലില്‍ പൊടിയും പുകയുമേറ്റ്
പാതിവെന്ത വയറുമായ് നഗര ഹൃദയത്തിലൂടെ
ജീവിത ഭാരവും പേറി അലഞ്ഞുതിരിയുമ്പോള്‍,
കൂടെ നടക്കുന്ന കുഞ്ഞു പാതത്തിന്റെ വേദനയില്‍
പരിതപിക്കാനെ അവള്‍ക്കായുള്ളൂ...
ഒരു രാത്രിയുടെ മറവു സമ്മാനിച്ച സന്താനം...
സ്വന്തം ഗര്‍ഭപാത്രത്തെ ശപിക്കാനോരുങ്ങുംബോഴേക്കും,
മറ്റൊരു രാത്രിയുടെ ഇരുട്ട് സമാനിച്ച,
അപരിചിതന്റെ ചെറുമുകുളം
അവളില്‍ പിറവിയെടുത് കഴിഞ്ഞിരുന്നു...


കടല്‍.....
ഓര്‍മകളുടെ ഇരമ്പലും
കണ്ണീരിന്റെ ഉപ്പും
ദുരന്തങ്ങളുടെ തിരയും പേറി
വറ്റാത്ത മോഹങ്ങളുമായ്
എന്നെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന
എന്റെ മനസ്സ്................
                                         
 കണ്ണാടി....
പോറലുകള്‍ ഏറെ ഏറ്റുവാങ്ങിയ
എന്റെ ആത്മാവ്......
വികലമായ്തുടങ്ങിയ  പ്രതിരൂപങ്ങള്‍ക്കും
മുഷിഞ്ഞു തുടങ്ങിയ ചിന്തകള്‍ക്കും
മുറിവേല്‍പ്പിക്കുന്ന ഓര്‍മകള്‍ക്കും മുന്നില്‍
തല്ലിയുടയ്ക്കപ്പെട്ട എന്റെ ആത്മാവ്.......