"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ഞായറാഴ്‌ച, ഒക്‌ടോബർ 13, 2013

ബ്ലാക്ക്‌ സെപ്റ്റംമ്പർ

-ഷിബിൻ-

*** ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയ്ക്ക് ആരാലും തിരിച്ചറിയപ്പെടാതെ ഒറ്റയ്ക്ക് നടന്നുപോയവർക്ക്... ***


രാവിലെ പത്രം വായിക്കുന്നതിനിടയിലാണ് യാദൃശ്ചികമായി ആ ചിത്രം കണ്ണിൽപ്പെട്ടത് .
' ജോജി ജെയിംസ്   ഏഴാം ചരമ വാർഷികം.' 

          മനസ്സിന്റെ റീസൈക്കിൾ ബിന്നിൽ ഡിലീറ്റ് ചെയ്ത ഒർമകൾക്കിടയിൽ ഞാനാമുഖം കണ്ടെത്തി. ചുരുണ്ട മുടിയും  ഫ്രേമുള്ള കണ്ണടയും പൂശാൻ താടിയും ... ബ്രാൻഡട് ടീ ഷർട്ടുകൾ മാത്രം ധരിക്കുന്ന ഒരു ഫ്രീക്ക് ബുദ്ധിജീവി. അവന്റെ മരണം കോളേജിൽ അന്ന് വലിയൊരു വാർത്ത  ആയിരുന്നില്ല.ക്ലാസ്സിലെ ഏതോ  ഒരുത്തൻ ബൈക്കപകടത്തിൽ മരിച്ചു എന്നതിനപ്പുറം അവനുവേണ്ടി  കരയാനോ സങ്കടപ്പെടാനോ കോളേജിൽ ആരും ഇല്ലായിരുന്നു. 
                       ജോജി എനിക്ക് ആരായിരുന്നു? അവൻ എന്റെ റൂംമേറ്റായിരുന്നു. പക്ഷെ സഹമുറിയന്മാർക്കിടയിലുള്ള  ഒരു സൌഹൃദം ഫൈനൽ ഇയർ   ആകുന്നതു വരെ ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. കാരണം ഹൊസ്റ്റലിലെ എന്റെ റൂം എനിക്കൊരു ഇടത്താവളം മാത്രമായിരുന്നു. വെള്ളമടിയും ആഘോഷങ്ങളും കഴിഞ്ഞു നട്ടപ്പാതിരായ്ക്ക് ബോധമില്ലാതെ കയറിച്ചെന്നു കിടക്കാൻ മാത്രമുള്ള സ്ഥലം. രാവിലെ പത്തോ പതിനൊന്നോ മണിക്ക് കിക്ക് മാറി എഴുന്നെൽക്കുംബോഴേക്കും അവൻ പോയിട്ടുണ്ടാവും. ജോജി നല്ല ഒരു ബുജി കൂടി ആയിരുന്നു. എനിക്കാണെങ്കിൽ അത്തരക്കാരെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അത്യാവശ്യം തല്ലിപ്പോളിയും ഗുണ്ടായിസവും ഷോയും ഒക്കെയായി ക്യാമ്പസ്സിൽ അടിച്ചു പൊളിച്ചു നടന്നിരുന്ന ഒരു കൂട്ടുകെട്ടിലായിരുന്നു ഞാൻ. ക്യാമ്പസ്സിലെ രാജാക്കന്മാരാനെന്നു അന്ന് സ്വകാര്യമായി ഞങ്ങൾ അഹങ്കരിച്ചിരുന്നു. അന്നത്തെ  കളികൾ  വെച്ച് നോക്കുമ്പോൾ ഒരു  പരിധി വരെ അങ്ങനെതന്നെ ആയിരുന്നു. ഒതുങ്ങിക്കൂടുന്നവരോട് പുച്ഛമായിരുന്നു. ജീവിതം ആഘോഷിക്കാൻ അറിയാത്തവർ, പുസ്തകം മാത്രം തിന്ന്  ഇവനൊക്കെ എന്തുടാക്കാനാനെന്നു അന്ന് ഞങ്ങൾ കമ്മന്റ് അടിച്ചിരുന്നു.

                                          യുവത്വം അങ്ങനെയാണ്. ഞങ്ങളുടെ വഴി മാത്രമാണ്  ശരി എന്നവർ വിശ്വസിക്കും.ഞങ്ങളും അങ്ങനെതന്നെ ആയിരിന്നു. കമ്മ്യൂണിസം സോഷ്യലിസം എന്നൊക്കെ ക്യാമ്പസ്സിൽ ആളാവാൻ വേണ്ടി വിളിച്ചു പറഞ്ഞ് നടന്നിട്ടുണ്ടെങ്കിലും ഞങ്ങൾക്കറിയാവുന്ന ഒരേ ഒരിസം ഗ്യാങ്ങിസം ആയിരുന്നു. എല്ലാവരും അങ്ങനെതന്നെ ആയിരുന്നു. അഞ്ചോ പത്തോ ആളുകൾ കൂടി സൌഹൃദത്തിന്റെ വിശാലമായ ലോകത്തെ വിഭചിച്ചു വേലി കെട്ടും. അതിനകത്തേയ്ക്കും പുറത്തേയ്ക്കും പിന്നീട് വഴികൾ  ഉണ്ടാവില്ല. ശേഷം ഞങ്ങൾ വലിയവരെന്നു മറ്റുള്ളവരെ കാണിക്കാനുള്ള കോമാളിത്തരങ്ങൾ. ഈ ആൾക്കൂട്ടങ്ങൾക്കിടയിൽ , ഒച്ചപാടുകൾക്കിടയിൽ ആരാലും തിരിച്ചറിയപ്പെടാതെ സ്വയം തെളിച്ച വഴികളിൽ  ഒറ്റയ്ക്ക് നടന്നുനടന്നു പയവനായിരുന്നു ജോജി. അവനെക്കുറിച്ചു ചുരുങ്ങിയ വാക്കുകളില പറഞ്ഞാൽ
'' അവൻ ഒറ്റയ്ക്കൊരു ഗ്യാങ്ങായിരുന്നു.''
                         പത്രത്തിലുള്ള അവന്റെ ചിത്രത്തിൽ നിന്നും മടങ്ങി വരാൻ കണ്ണ് മടികാണിച്ചു. അവനിപ്പോഴും ചുള്ളൻ തന്നെ.മരിച്ചവർക്ക്  പ്രായം കൂടില്ലല്ലോ. ഇന്നലെ കണ്ണാടി  നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് തലയിൽ  വെള്ളിവരകൾ തലപോക്കിതുടങ്ങിയിരിക്കുന്നു. യവ്വനത്തിലേക്ക് വാർദ്ധക്യം വിരുന്നു വന്നു തുടങ്ങി. ആറേഴു വർഷങ്ങൾ കൊണ്ട് ഒരു പതിനഞ്ചു വയസ്സ്   അധികമായതുപോലെ. കലാലയത്തിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും അപരിചിതമായ മറ്റൊരു ലോകം നമ്മെ  തിന്നാൻ കാത്ത്‌നിൽപ്പുണ്ടാകും. കുട്ടിക്കാലത്ത് കുപ്പിയിൽ പിടിച്ചിടുന്ന മീനുകള പോലെയാണ് നമ്മൾ ഓരോരുത്തരും. ചിലത് സാഹചര്യങ്ങളോട് പൊരുത്തപ്പെടും മറ്റുചിലത്   ശ്വാസംമുട്ടി  ചാകും.
 '' അനൂ ......ചായ....'
അടുക്കളയിലേക്കു നീട്ടി വിളിച്ചു.
'' ദേ ...എത്തി.....''
ചായ കൊണ്ടുവരുന്നതിനിടയ്ക്ക് അനു  ചോദിച്ചു  
'' എന്താ ഇന്ന് പത്രത്തില് കാര്യായിട്ട്.....?''
ഞാൻ പത്രം അവൾക്കു നീട്ടി.പത്രത്തില നിന്നും കണ്ണെടുക്കാതെ അവൾ ചോദിച്ചു.
''ജോജി ജേംസ് .......ഇയാളാണോ ആ കത്തുകളുടെ ഉടമസ്ഥൻ ''
'' അതെ...''
ഒരു നിശ്വാസത്തിനോടുവിൽ അനു  സങ്കടപ്പെട്ടു.
'' പാവം ആൻ, അവളിപ്പോ എവിടെയാണാവോ..'' 
                                    ഞാൻ റൂമിലേക്ക്‌ നടന്നു.പഴയ പുസ്തകക്കെട്ടുകൾക്കിടയിൽ നിന്നും ആ കവർ കണ്ടെത്തി.ജോജിക്ക് വന്ന കത്തുകളും ഡയറിയും. ജോജിയുടെ മരണ ശേഷം അച്ഛനും അമ്മയും റൂമിൽ  നിന്നും അവന്റെ സാധനങ്ങൾ  തിരികെ കൊണ്ടുപോയപ്പോൾ എടുക്കാൻ മറന്ന കവര്‍. ഒരുപക്ഷെ ജോജിയെ സംമ്പന്ധിച്ച്  ഏറ്റവും വിലപിടിപ്പുള്ള വസ്തു അതായിരിക്കണം. എം.എച്ചിൽ  നിന്നും പടിയിറങ്ങുമ്പോൾ യാദ്രിശ്ചികമായി അതെന്റെ ബാഗിൽ പെട്ടുപോയി. ഞാൻ കാ തത്തുകളിൽ ഒരെണ്ണം എടുത്ത് ഫ്രം അഡ്രസ്‌ നോക്കി. 

 '' ആൻ ജോസഫ്
   വലിയ പുരയ്ക്കൽ
ഫോർട്ട്‌ കൊച്ചി
എറണാകുളം ''
'' അനൂ എനിക്കൊന്ന്  എറണാകുളം വരെ പോവണം''
'' എന്താ പെട്ടെന്നൊരു എറണാകുളം യാത്ര.....?''
അനു  ഒന്നും മനസ്സിലാവാതെ ചോദിച്ചു.
'' ഇതോക്കെ ഇനി  അതിന്റെ അവകാശികളുടെ കയ്യിലിരിക്കട്ടെ....''
ഞാൻ കത്തുകളെല്ലാം അടുക്കി വെച്ചു.അനു അതെല്ലാം നോക്കി കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.
'' ശരത്തേട്ടാ, ഞാനും വരട്ടെ? എനിക്കൊന്ന്  ആനിനെ കാണണംന്നുണ്ട്.''
പ്രതീക്ഷയോടെ എന്നെ നോക്കുന്ന അനുവിനോട്  മറുത്തൊന്നും പറയാൻ തോന്നിയില്ല.
'' എങ്കിൽ നീയും പോര് .''
                                  ജോജിയെയും ആനിനെയും അവൾക്ക് നേരിട്ട് പരിചയം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ജോജിക്ക് ആൻ എഴുതിയ കത്തുകളിൽ നിന്നും അവർ അനുവിന്റെ പരിചയക്കാരായി മാറിയിരുന്നു.

                             കോടികൾ സമ്പാദിക്കുന്ന എൻ .ആർ.ഐ ബിസിനസ്സ്  ദമ്പദികളുടെ മകനായിരുന്നു ജോജി. ബിസ്സിനസ്സ് വളർത്താനുള്ള  ഓട്ടത്തിനിടയ്ക്ക് മകനെ നോക്കാൻ അവർക്ക്  സമയം തികയില്ലായിരുന്നു. അഞ്ചാം  വയസ്സിൽ  മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെ ജീവിക്കാൻ അവൻ കേരളല്തിലെത്തി. അതവന്  പുതിയൊരു ലോകം സമ്മാനിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ഭഗത്സിങ്ങിന്റെ  എച്ച്.എസ്.ആർ.എ  യിൽ അംഗമായിരുന്ന മുത്തശ്ശന്റെ   കഥകൾ  കേട്ട് സ്വപ്നലോകത്ത് അവനൊരു വിപ്ലവകാരിയായി. പതിനാറാം വയസ്സിൽ  ബ്രിട്ടീഷ് പോലീസ് മേധാവിയെ വധിക്കാൻ ശ്രമിച്ചതിനു കഴുമരത്തിലേറ്റപ്പെട്ട   ഖുദിറാം  ബോസ്സിന്റെ ചിത്രം അവൻ പെഴ് സിൽ  സൂക്ഷിച്ചുവെച്ചു. അവനന്നു കേട്ട കഥകളിൽ  കാക്കയും പൂച്ചയും ആനയും മുയലും മന്ത്രവാദികളും ഒന്നും ഉണ്ടായിരുന്നില്ല.
എർണാകുളത്തേയ്ക്കുള്ള യാത്രയിൽ ഞങ്ങളുടെ സംസാരത്തിൽ ജോജി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
'' ശരത്തേട്ടന് ജൊജിയുമായി ഒട്ടും കമ്പനി ഇലായിരുന്നോ.......?"
അനു  ചോദിച്ചു.
                                   ജോജിയോട് കുറച്ചെകിലും  അടുക്കുന്നത് അവന്റെ അവസാന നാളുകളിലായിരുന്നു. ജോജി ഇപ്പോഴും അവന്റെതായ മറ്റൊരു ലോകത്തായിരിക്കും. റൂമിലായിരികുമ്പോൾ ലാപ്ടോപ്പും പുസ്തകങ്ങളുമായിരിക്കും അവന്റെ കൂടെ, പഠിക്കാനുള്ളതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങൾ, മാഗസീനുകൾ അതല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ടെറസ്സിനുമുകളിൽ  ഒരു ഗിറ്റാറും വായിച്ച്  അവൻ ഇരിപ്പുണ്ടാവും. എന്നും കുളിപ്പിച്ച് വൃത്തിയാക്കുന്ന അവന്റെ കറുത്ത സ്കൂട്ടറും കൊണ്ട് അവൻ എവിടെയ്ക്കാന് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് പലയിടങ്ങളിൽ വെച്ച് അവനെ ഞാൻ യാദ്രിശ്ചികമായി  കണ്ടുമുട്ടി. ബീച്ചിൽ, ലൈറ്റ് ഹൗസിന്  മുകളിൽ , ഒരു ക്യാമറയും തൂക്കി മാടായിപ്പാറയിൽ, ബിയർ  പാർലറുകളിൽ,പടം റിലീസ് ചെയ്യുന്ന ദിവസങ്ങളിൽ  തിയേറ്ററിലെ ക്യൂവിൽ... എല്ലായ്പ്പോഴും അവൻ തനിച്ചായിരിക്കും. അതുപോലെ സന്തോഷവാനുമായിരിക്കും.

ഒറ്റയ്ക്ക് ഒരാൾക്ക്‌ എങ്ങനെയാണ് ജീവിതം ഇത്രത്തോളം ആഘോഷിക്കാൻ കഴിയുന്നത്‌ എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.
                              എന്റെ അഹങ്കാരരത്തിന് ആദ്യത്തെ അടിതന്ന്, ഒരു കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞ് നയന പോയ ദിവസം ഫോർട്ടിനടുത്തുള്ള കടലിലേക്ക്‌ ഇറങ്ങി നില്ക്കുന്ന പാറക്കൂട്ടങ്ങൾക്കടുത്ത്  ജോജി ഉണ്ടായിരുന്നു. കടലിന്റെ കാറ്റിലും ചുരുട്ടിന്റെ പുകയിലും ഒരുപോലെ ലയിച്ചിരിക്കുന്ന അവന്റെ അടുത്തേയ്ക്ക് പൊട്ടിയ ഹൃദയവുമായി ഞാൻ നടന്നു. കണ്ടപാടെ ചിരുട്ട്  അവൻ എനിക്ക് നീട്ടി.

'' ഈ പരിപാടീം ഉണ്ടോ....?''
ഒരു കവിൾ  പുകയെടുത്ത്‌ ഞാൻ ചോദിച്ചു.
'' വല്ലപ്പോഴും മാത്രം, ചിന്തകൾക്കൊന്നു തീപ്പിടിപ്പിക്കാൻ. ''
നാനോ പ്രണയങ്ങൾ പോളിയുംബോഴുള്ള സങ്കടം രണ്ട് ദിവസത്തെയ്ക്ക്  മാത്രമായിരിക്കും എന്നറിയാമെങ്കിലും ഞാൻ വിഷാദത്തോടെ കടലിലേക്ക്‌ നോക്കി ഇരുന്നു.
ജോജിയുടെ ക്യാമറ കടലിന്റെ സൌന്ദര്യം ഒപ്പിയെടുക്കുകയായിരുന്നു.
'' ഡാ ഒന്നിങ്ങോട്ടു നോക്കിയേ"
എനിക്ക് നേരെ ക്യാമ ഫോക്കസ് ചെയ്ത്  ജോജി നിന്നു.
   ക്ലിക്ക്, ഫോട്ടോയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു .
'' എന്തുപറ്റി രാമണാ ....?''
ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചു.ചുമ്മാ ഞാൻ അവനോട്  ചോദിച്ചു. 
'' ജോജി നീയെന്താ  അധികം ആരുമായിട്ടും കൂട്ടുകൂടാതെ ഇങ്ങനെ ഒറ്റയ്ക്ക്.......... ''
ആദ്യമായി കേൾക്കുന്ന  ചോദ്യം പോലെ അവൻ എന്നെ ഒന്ന് നോക്കി.
                             '' അങ്ങനെ ചോദിച്ചാ ഞാനിപ്പോ എന്നാപറയാനാ, പ്രത്യേകിച്ചൊരു കാരണം ഒന്നുമില്ലെഡാ. പിന്നെ ഒറ്റയ്ക്കിങ്ങനെ നടക്കുമ്പോഴുള്ള സ്വാതന്ത്രം അതൊരു രസാണ്. മനസ്സ് പറയുന്നിടതെയ്ക്ക് ആരുടേയും സമ്മദത്തിനും അഭിപ്രായത്തിനും കാത്തുനില്ക്കാതെ നമുക്ക് പോകാം. ഒരുപാട് ചങ്ങാതിമാരില്ലെന്നെ ഉള്ളൂ , നമ്മളെ കേള്ക്കാനും മനസ്സിലാക്കാനും ഇണങ്ങാനും പിണങ്ങാനും ഒക്കെ ഒരു നല്ല സുഹൃത്ത്‌ കൂടെ ഉണ്ടെങ്കിൽ പിന്നെന്തിനാ ഒരുപാട് പേർ  ?''
                             ആ ഒരാള് ആരാണെന്ന് ജോജി പറഞ്ഞില്ല, അവന്റെ വാക്കുകള അന്നെന്നെ ചിന്തിപ്പിച്ചു. എനിക്ക് അങ്ങനെ ഒരു സുഹൃത്ത്‌ ഉണ്ടോ? കുടിച്ചു കൂത്താടാനും അലമ്പ്കളിക്കാനും ഇഷ്ട്ടം പോലെ കൂട്ടുകാർ. അതിൽ ഹൃദയത്തോട് ചേർത്ത് വെക്കാൻ വേണ്ടി ഒരാളെ തിരഞ്ഞപ്പോൾ ആരെയും കണ്ടില്ല. ആയിരം വാക്കുകൾ  കൊണ്ട് വർണിച്ച്   ഒരൊറ്റ വാക്കുകൊണ്ട് മുറിച്ചെരിയാവുന്ന പ്രണയം. എന്റെ ശരികൾ പലതും തെറ്റായിരുന്നോ?
                             ടി.സി.എസ്  ഇന്റർവ്യുവിന്റെ തലേ ദിവസം, കൂട്ടുകാരന്റെ പിറന്നാൾ ആയിരുന്നു. മൂക്കറ്റം കുടിച്ച് ഞങ്ങൾ ആഘോഷിച്ചു. നടക്കാൻ പറ്റാത്ത അവസ്ഥയായതുകൊണ്ട്‌ ടെറസ്സിൽ തന്നെ കിടന്നുറങ്ങി. പിറ്റേ ദിവസം ഉണർന്ന്   നോക്കുമ്പോൾ  മണി പന്ത്രണ്ട്. കൂടെ ഉള്ളവന്മാരെല്ലാം ഇന്റർവ്യുവിനു പോയി. ഒരു ജോലി കിട്ടാനുള്ള അവസസരം അന്ന് കുടിച്ചു നശിപ്പിച്ചു. എന്റെ ശരികളിൽ ഒന്ന് കൂടെ തെറ്റി. ദേഷ്യം കടിച്ചമർത്തി  ഞാൻ റൂമിലേക്ക്‌ നടന്നു. ഹോസ്റ്റലിന്റെ ഒഴിഞ്ഞ വരാന്തയിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ ആരൊക്കെയോ എന്നെ കൊഞ്ഞനം കാട്ടുന്നതുപോലെ തോന്നി. ഒരൊറ്റ നിമിഷം പ്രതീക്ഷയോടെ വീട്ടിലൽ  കാത്തിരിക്കുന്ന രണ്ടു മുഖങ്ങൾ മനസ്സിൽ മിന്നിമറഞ്ഞു. എന്നെ കണ്ടപാടെ ജോജി ഗിറ്റാർ വായന നിർത്തി. കോളേജിൽ വന്ന ശേഷം ഞാനാദ്യമായി പൊട്ടിക്കരഞ്ഞു. ആ കരച്ചിലിൽനിന്നും അവനെല്ലാം വായിച്ചെടുത്തിരിക്കണം. ജോജി അടുത്ത് വന്നിരുന്നു സമാധാനിപ്പിച്ചു.
'' പോട്ടെഡാ , അത് വിട് , നല്ല കമ്പനികൾ ഇനീം വരും.കോളേജ് വിറപ്പിക്കുന്ന നീയൊക്കെ ഇങ്ങനെ കരഞ്ഞാൽ മോശാട്ടോ , എണീറ്റ്  ഫ്രഷ്‌ ആയി വാ, നമുക്ക് ഒരിടം വരെ പോകാം."
എവിടെയ്ക്കാനെന്നോ എന്തിനാണെന്നോ ഒന്നും ചോദിക്കാതെ ജോജിയോടൊപ്പം ഹോസ്റ്റലിൽ  നിന്നും ഇറങ്ങി.വഴിക്ക് വെച്ച് അവൻ കുറെ മിട്ടായികളും മധുര പലഹാരങ്ങളും വാങ്ങി.
                                    അവനെന്നെ കൊണ്ട് പോയത് ഒരു ചെറിയ സ്കൂളിലേക്കായിരുന്നു. സംസാരിക്കാനോ

കേൾക്കാനോ കഴിയാത്ത കൊച്ചു കുട്ടികൾ താമസിച്ച്  പഠിക്കുന്ന സ്കൂൾ. ജോജിയെ കണ്ടതോടെ  കുട്ടികളെല്ലാം ചുറ്റും കൂടി. കൊച്ചു മുഖത്ത് വിരിഞ്ഞു നില്ക്കുന്ന നിഷ്ക്കളങ്കത , അവരുടെ ചിരി, മിട്ടായി വാങ്ങി അതിലേറെ മധുരമുള്ള സ്നേഹം കൈമാറുന്ന കൊച്ചു മാലാഖമാർ. ആ സന്തോഷങ്ങളിൽ എന്റെ സങ്കടങ്ങൾ അലിഞ്ഞില്ലാതായി. ഞാനും അവരിലൊരാളായി. ജോജി അവിടുത്തെ ഒരു സ്ഥിരം സന്തർശകനായിരുന്നു. കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ മുതൽ അവനവിടെ ഉണ്ടാകും. മുത്തൂന്റെം ചക്കീടെം കുഞ്ഞി മുഹമ്മദിന്റെം ഒക്കെ ആംഗ്യങ്ങൾ മറ്റൊരേക്കാളും  മനസ്സിലാവുന്ന അവരുടെ ജോജി മാമൻ. സ്കൂളിലെ പ്രിന്സിപ്പാലിനെ കണ്ട് സംസാരിച്ചു തിരികെ പോരുമ്പോൾ റ്റാറ്റാ  തരാൻ കുട്ടിപ്പട്ടാളം കാത്തുനിൽപ്പുണ്ടായിരുന്നു. മടക്കയാത്രയിൽ ഞാൻ ജോജിയോട് ചോദിച്ചു.
'' നല്ല മാർക്കുണ്ടായിട്ടും നീയെന്താ  ഇന്റർവ്യൂവിന് പോവാതിരുന്നത്."

''അതൊന്നുല്ലഡാ, കുറെ പൈസക്കുവേണ്ടി നമ്മുടെ തല മറ്റുള്ളോർക്ക് പണയം വെക്കാൻ താല്പര്യം ഇല്ല,പിന്നെ നമ്മുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെ നഷ്ടപ്പെട്ട് പോവില്ലേ?'' 

അതുവരെ  ശ്രദ്ധിക്കാതിരുന്ന അവന്റെ വയലറ്റ് ടീ ഷർട്ടിലെ വെളുത്ത അക്ഷരങ്ങള ഞാൻ പെറുക്കി എടുത്തു.
''   RARE SPECIES '' 
                                അന്നെനിക്ക് അവൻ പറഞ്ഞത് പൂർണമായും മനസ്സിലായിരുന്നില്ല.പക്ഷെ അവന്റെ സ്വപ്‌നങ്ങൾ എനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാമായിരുന്നു.പിന്നീട് വർഷങ്ങൾക്കപ്പുറം ജോജിയുടെ ഡയറിത്താളുകളിൽ നിന്നും വിരിയാതെ പോയ അവന്റെ സ്വപ്‌നങ്ങൾ ഞാൻ വായിച്ചെടുത്തു. 


'' 21.07.2010 

''എനിക്കൊരു സ്വപ്നമുണ്ട് '' മാർട്ടിൻ ലൂഥർക്കിങ്ങിന്റെ   പ്രസിദ്ധമായ പ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്.ആ സ്വപ്‌നങ്ങൾ യാഥാർതഥ്യമായി കാണാൻ അദ്ദേഹം ഉണ്ടായിരുന്നില്ലെങ്കിലും ആ വാക്കുകൾ കടമെടുത്ത് ഞാനിവിടെ കുറിച്ച്  വെയ്ക്കട്ടെ.എനിക്കും ഒരു സ്വപ്നമുണ്ട്.സ്വന്തമായി ഒരു ടി.വി. ചാനൽ .ഇന്ത്യയിൽ വളരുന്ന യുവത്വത്തെ ഒന്നടങ്കം സ്വാധീനിക്കുന്ന ഒരു ചാനൽ .ഒരു മലയാളം ചാനൽ  കൊണ്ടോ ഹിന്ദി ചാനൽ  കൊണ്ടോ അത് സാധിച്ചെന്നു വരില്ല.കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ആളുകൾക്ക് ഒരുപോലെ മനസ്സിലാകണമെങ്കിൽ ചാനൽ  ലോകഭാഷ സംസാരിക്കണം.ലളിതമായ ഇംഗ്ലീഷിൽ നിലവിലുള്ള ചാനൽ സങ്കല്പ്ങ്ങൾ തകർത്തെറിയുന്ന ഒരു ടി. വി. ഭാഷയുടെയും സംസ്ഥാനങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം യുവ ഇന്ത്യ ഒരാളെ വായിച്ചിട്ടുണ്ടെങ്കിൽ അത് ചേതൻ ഭഗതിനെ ആയിരിക്കും.അതുപോലെ അതിരുകളുടെ വേർതിരിവുകളില്ലാതെ  ഇന്ത്യൻ യുവത്വത്തിനു കാഴ്ച്ചയുടെ പുതിയ ലോകം നല്കാൻ എന്റെ ചാനലിനു കഴിയും.ചിന്തിക്കുന്ന യുവാക്കൾ ചാനലിനോപ്പം ഉണ്ടാകും, തീപ്പൊരി ചർച്ചകൾ നടക്കണം.സംഗീതവും രാഷ്ട്രീയവും സിനിമയും പ്രണയവും സൌഹൃദവും അതിലുണ്ടാവണം.കാണാതെ പോകുന്നതും മറ്റുള്ളവർ കണ്ടില്ലെന്ന് നടിക്കുന്ന കാഴ്ചകളും ഉണ്ടാകും.ടീ ഷർട്ടിനു മുകളിലും പോസ്റ്റിലും പോസ്റ്ററുകളിലും കാണുന്ന ചുരുട്ട് വലിക്കുന്ന ആളുടെ ചിത്രം മാത്രമല്ല വിപ്ലവം എന്ന് ഞാൻ അവരെ പഠിപ്പിക്കും.അഹിംസാ  സമരത്തിലൂടെ അർധനഗ്നനാന മഹാത്മാവ് നേടിത്തന്ന സ്വാതന്ത്ര്യം എന്ന് പറഞ്ഞു പഠിച്ചവർ മനസ്സാക്ഷി ഇല്ലാതെ ചരിത്ര താളുകളിൽ നിന്നും പുറത്താക്കിയ തിളച്ച് മറിഞ്ഞ ഇന്ത്യൻ യുവത്വത്തെ ഞാനവർക്ക് പരിചയപ്പെടുത്തും.
                                    നിഷ്പക്ഷം എന്നാ ഒന്ന് ഇല്ലെന്നറിയാം.അത് ആളികളുടെ കണ്ണില പൊടിയിടാനുള്ള ഒരു തന്ത്രം മാത്രമാണ്.ഇവിടെ രണ്ടു പക്ഷം മാത്രമേ ഉള്ളൂ.അത് ഇടതും വലതും അല്ല.നേരിന്റെയും നെറിയുടെയും പക്ഷങ്ങൾ മാത്രമാണ്.എന്റെ ചാനല ഒരു നിഷ്പക്ഷ ചാനല ആയിരിക്കില്ല.അത് നേരിന്റെ ചാനലായിരിക്കും.


ജോജിയുടെ സ്വപ്നം മറ്റാരിലൂടെയെങ്കിലും എന്നെന്ന്കിലും യാഥാർധ്യമാവാതിരിക്കില്ല.
                                      ജോജിക്ക് നിറയെ കത്തുകൾ വരുമായിരുന്നു. ആഴ്ചയിൽ മൂന്നും നാലും
കത്തുകളൊക്കെ ഉണ്ടാവും. ഹോസ്റ്റലിൽ കത്തുകൾ വരുന്ന ഏക വ്യക്തിയും അവനായിരുന്നു. ചില ദിവസങ്ങളി പോസ്റ്റ്മാൻ വരുന്നതും കാത്ത്  അവൻ ഹോസ്റ്റലിനു പുറത്ത് നില്പ്പുണ്ടാവും. അവന്  അന്ന് വന്ന കത്തുകൾ അത്രയും കൊണ്ടാണ് ഇന്നെന്റെ യാത്ര. ജീവൻ  തുടിക്കുന്ന അക്ഷരങ്ങളുടെ ഉടമയെത്തേടിയുള്ള  യാത്ര. അവരെ ഇതുവരെ കണ്ടിട്ടില്ല, അവരെപ്പറ്റി കൂടുതലൊന്നും അറിയുകയുമില്ല. പക്ഷെ ഒന്നറിയാം ജോജി അന്ന് പറഞ്ഞ അവന്റെ ഏക സുഹൃത്ത്‌ അതവളായിരുന്നു ' ആൻ ജോസഫ്'. 'കേൾക്കാനും  സംസാരിക്കാനും കഴിയില്ലെങ്കിലും അക്ഷരങ്ങളിലൂടെ വാതോരാതെ സംസാരിച്ച പെണ്‍കുട്ടി. അവളൊരു കത്തിൽ എഴുതിയത് എനിക്കിന്നും ഓർമയുണ്ട്.


  '' ജോജി.... ഈ ലോകത്ത് എനിക്ക് കേൾക്കാനാവുന്ന  ഒരേ ഒരു ശബ്ദം നിന്റെതുമാത്രമാണ്.....'' 
                                                 
                                  കോളേജിലെ അവസാന വർഷത്തെ ഇലക്ഷൻ. അതൊരു കറുത്തിരുണ്ട സപ്റ്റംബർ മാസമായിരുന്നു. ഇലക്ഷന് രണ്ടാഴ്ച മുൻപ് മുതൽ ഞങ്ങൾ രണ്ട് പക്ഷകാരും തമ്മിൽ ഉരസൽ തുടങ്ങിയിരുന്നു. സംഘർഷത്തിന്റെ  കാർമേഘങ്ങളായിരുന്നു എവിടെയും. അതിനിടയ്ക്ക് ഫേസ്ബുക്കിൽ  താരമായി മാറിയ ഒരു ഫെയ്ക്ക് പ്രൊഫൈൽ രണ്ട് പക്ഷക്കാർക്കും നല്ല പണി കൊടുത്തുകൊണ്ടിരുന്നു. ഹോസ്റ്റൽ മെസ്സിലെ തട്ടിപ്പുകളും, മദ്യ നിരോദനം ഏർപ്പെടുത്തിയ നേതാക്കന്മാരുടെ മദ്യപാനവും, ക്യാമ്പസ്സിൽ ആളാവാൻ  പാർട്ടിക്കൊടി  പിടിച്ചുനടക്കുന്നവരുടെ ചരിത്രവുമെല്ലാം അവൻ തെളിവ് സഹിതം നിരത്തിയപ്പോൾ ക്യാമ്പസ്സിന്റെ കണ്ണ് തള്ളിപ്പോയി. അത് രണ്ട് പക്ഷക്കാര്ക്കും നല്ലൊരു ക്ഷീണമായിരുന്നു. ഇരു പക്ഷത്തിനും മുഖം രക്ഷിക്കേണ്ടതും വിജയം അനിവാര്യവുമായ തിരഞ്ഞെടുപ്പായതുകൊണ്ട്  എന്തും സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു ക്യാമ്പസ്. ' ആസാദ്'' എഫ്ഫക്റ്റ്‌ കൊണ്ടായിരിക്കണം പലരും കള്ള രാഷ്ട്രീയക്കളിക്ക് കൂട്ട് നില്ക്കാതെ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്ന്. ഇലക്ഷൻ കഴിഞ്ഞതോടെ തല്ലു തുടങ്ങി. പൊരിഞ്ഞ തല്ല്. മനസ്സിന്  ശരീരത്തെ നിയന്ത്രിക്കാൻ പറ്റാതെപോയ ഒരു നിമിഷത്തിൽ കയ്യിൽ  കിട്ടിയ ഒരു കരിങ്കല്ലുകൊണ്ട് രക്ഷപ്പെടാൻ വേണ്ടി ഒരുത്തനെ തല്ലേണ്ടി വന്നു. പണി പാളി, തല പൊട്ടി അവൻ ഐ.സി.യു വിലായി.സംഘർഷാവസ്ഥ പരിഗണിച്ച് കോളേജ് ഒരാഴ്ചത്തേയ്ക്ക്  പൂട്ടി. പിന്നീട് നേതാക്കന്മാർ ഇടപെട്ട്  പ്രശ്നം ഒരു വിധം ഒത്തുതീർത്തു. താൽക്കാലത്തേയ്ക്ക് പുറമേ മാത്രം കോളേജ് ശാന്തമായി. ക്ലാസ്സുകൾ തുടങ്ങി.  
                                     ഒരു ദിവസം കോളേജിൽ പോസ്റ്റ്‌മാനെ കണ്ടപ്പോൾ ജോജിക്കുള്ള കത്ത് അയാൾ  എന്നെ ഏൽപ്പിച്ചു.യുണിയൻ മീറ്റിംഗ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ കത്ത് അവിടെവെച്ച്  മറന്നുപോയി. രാത്രി ഹോസ്റ്റലിൽ എത്തിയപ്പോൾ പോസ്റ്റ്മാൻ വല്ലതും തന്നിരുന്നോ എന്ന് ജോജി അന്വേഷിച്ചപ്പോഴാണ് പിന്നീട ആ കാര്യം ഓർമ വന്നത്. ജോജി ആ കത്തിന് എത്രത്തോളം വിലമതിക്കുന്നു എന്ന് മനസ്സിലായത് അന്നായിരുന്നു. അവനു പിറ്റേ ദിവസം വരെ കാത്തിരിക്കാനാവില്ലായിരുന്നു. അവന്റെ വണ്ടിയിൽ പെട്രോൾ ഇല്ലാത്തതുകൊണ്ട് എന്റെ ബൈക്കും എടുത്തു ആ രാത്രി അവൻ കോളെജിലേക്ക് പോയി. അതവന്റെ അവസാന യാത്രയായിരുന്നു.കോളേജ് ഗേറ്റിനടുത്ത് വെച്ച് ഒരപകടം. ഏതോ ഒരു കാർ അവനെ ഇടിച്ചിട്ടു കടന്നുപോയി. ജോജി എന്ന റെയർ സ്പീഷീസ് അവിടെ അവസാനിച്ചു.
                                       വർഷങ്ങൾക്കപ്പുറം ഒരു യാത്രക്കിടയിൽ യാദ്രിശ്ചികമെന്നോണം പണ്ട് ഞാൻ തല്ലി ഐ.സി.യു വിലാക്കിയ പഴയ സഹപാഠിയെ കാണാനിടയായി. ക്യാമ്പസ്സിൽ നിന്നുണ്ടാവുന്ന ശത്രുത പുറത്തിറങ്ങുമ്പോ ആരും കൂടെ കൊണ്ടുപോകാറില്ലല്ലോ. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. ഓർമ്മകൾ അയവിറക്കി. പിരിയാൻ നേരം കരഞ്ഞു കൊണ്ട് അവൻ പറഞ്ഞ വാക്കുകൾ  എന്റെ ഹൃദയത്തിൽ വെടിയുണ്ട തുളച്ചു കയറുന്നത് പോലെ കയറിപ്പോയി. ജോജിയുടെ മരണം വെറുമൊരു അപകടം മാത്രമായിരുന്നില്ല.
                                        അതൊരു കൊലപാതകമായിരുന്നു.അവർക്ക്  വേണ്ടിയിരുന്നത് ജോജിയെ ആയിരുന്നില്ല.കോളേജിൽ  രണ്ടാഴ്ച മുൻപ്   നടന്ന സംഭവങ്ങൾക്കുള്ള പ്രതികാരം.അവരുടെ ഉന്നം ഞാനായിരുന്നു.ബൈക്കിന്റെ നമ്പർ മാത്രം നോക്കി പണി തീർത്തപ്പോൾ നിറമുള്ള ഒരുപാട് സ്വപ്‌നങ്ങൾ അന്ന് ചോരചാലുകളായി ഒഴുകിപ്പോയി.
                                    ജോജിയുടെ മരണം കോളേജിൽ ഒരനക്കം പോലും ഉണ്ടാക്കിയില്ല. ആരും കണ്ണീർ  വാർത്തില്ല. ഒരുകൂട്ടം മിണ്ടാപ്രാണികൾ മാത്രം കരഞ്ഞു കാണും. മധുര മിട്ടായികളുമായി കറുത്ത സ്കൂട്ടറിൽ വരുന്ന ജോജി മാമനെയും കാത്തിരിക്കുന്ന കുട്ടികളും, ജോജിയുടെ കത്ത്  കാത്തിരിക്കുന്ന ആനും. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. കോളേജിൽ തരംഗം സൃഷ്ട്ടിച്ച ഫേസ്ബുക്കിലെ ഫേക്ക് പ്രൊഫൈൽ ആസാദ് പിന്നെ ഒരക്ഷരം എഴുതിയില്ല. ആരെയും  പേടിക്കാതെ എന്തും തുറന്നെഴുതുന്ന ആസാദ് . അവന്റെ പോസ്റ്റുകൾ വായിക്കാത്തവർ അന്ന് ചുരുക്കമായിരുന്നു. അവന്റെ എഴുത്തുകളിൽ പ്രണയവും രാഷ്ട്രീയവും തമാശയും ലൈംഗീകതയും ഒക്കെ ഉണ്ടായിരുന്നു. പ്രതികരണത്തിന്റെ ചുട്ടുപൊള്ളുന്ന വരികളുണ്ടായിരുന്നു. പലരും ഭയം കൊണ്ട് പറയാൻ മടിച്ചത് ആസാദ് പറയുമായിരുന്നു. മീശ പിരിച്ചു നില്ക്കുന്ന ചന്ദ്രശേഖർ ആസാദിന്റെ ചിത്രമുള്ള പ്രൊഫൈലിനു പിറകിൽ  ഒളിഞ്ഞ് നിന്നിരുന്നവൻ ജോജി തന്നെ ആയിരുന്നോ?
                                      എർണാകുളത്തെത്തി ഒരു വിധം ആനിന്റെ  വീട് തപ്പി കണ്ടുപിടിച്ചു. വീട്ടിലേക്കു കയറി ചെല്ലുമ്പോൾ  മനസ്സ് നിറയെ ആധിയായിരുന്നു. ആൻ അവിടെ ഉണ്ടാകുമോ? കല്യാണം കഴിഞ്ഞ് മറ്റെവിടെയെങ്കിലുമാണെങ്കിൽ ഈ കത്തുമായി ചെല്ലുന്നത് മോശമാവില്ലേ? അവളിപ്പോഴും ജോജിയെ ഒർക്കുന്നുണ്ടാകുമോ? ഇന്നത്തെ കാലത്ത് ഓർമ്മകൾ മനസ്സിന്റെ സെമിത്തേരിയിൽ അടക്കം ചെയ്യാൻ നിമിഷങ്ങൾ  മാത്രം മതി എന്നിരിക്കെ ഏഴു വര്ഷം ഒരു വലിയ യുഗം തന്നെയല്ലേ? മനസ്സിൽ  പല പല ചോദ്യങ്ങൾ  മിന്നി മറഞ്ഞു. കോളിംഗ്  ബെൽ  അമർത്തിയപ്പോൾ പ്രായമായ ഒരു സ്ത്രീ വന്ന്  വാതിൽ  തുറന്നു.ഞങ്ങൾ സ്വയം പരിചയപ്പെടുത്തി.
'' ആനിന്റെ  പഴയ കൂട്ടുകാരാ, കണ്ണൂരിന്നു വരുന്നതാ .....''
ആ  സ്ത്രീയുടെ കണ്ണില ഒരു തിളക്കം കണ്ടു.
'' ജോജി മോനാണോ ?''
ഒരു നിമിഷം വാക്കുകൾ  തൊണ്ടയിൽ കുരുങ്ങി.
 '' അല്ലമ്മച്ചി. ''
 '' മക്കള് കയറി ഇരിക്കൂ, ഞാനിപ്പോ വരാം.....''
അവർ അകത്തേക്ക് പോയി ഞങ്ങള്ക്ക് കുടിക്കാനുള്ള വെള്ളവുമായി തിരിച്ചു വന്നു.എനിക്ക് എങ്ങനെ തുടങ്ങണം എന്നറിയില്ലായിരുന്നു.
'' അമ്മച്ചി ആൻ  ഇവിടെയില്ലേ?''
 ''ഇല്ല."
'' ഇപ്പൊ വരുമോ?''
അതിനുള്ള മറുപടി രണ്ടുതുള്ളി കണ്ണുനീർ മാത്രമായിരുന്നു.അടുത്തിരിപ്പു
ണ്ടായിരുന്ന ആണ് ഒന്നും മനസിലാവാതെ എന്നെ നോക്കി.
'' മക്കളെ അവള് പോയിട്ട് ഇന്നേയ്ക്ക് ഏഴു വര്ഷമായി.'രാത്രി ഉറങ്ങാൻ കിടന്ന എന്റെ മോള് പിന്നെ ഉണർന്നിട്ടില്ല.അറ്റാക്കാണെന്നാ ഡോക്ടർമാര്  പറഞ്ഞത്....''
സെപ്റ്റെമ്പർ 16 ജോജിപോയ അതെ ദിവസം അവൻ പോയതറിയാതെ ആനും  യാത്രയായി.ലോകത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്താണ് ദൈവം.  ചില ട്വിസ്റ്റുകൾ ഒളിപ്പിച്ചു വെയ്ക്കും.
മടങ്ങി വരുമ്പോൾ ജോജി അന്ന് വായിക്കാതെപോയ ആനിന്റെ  അവസാനത്തെ കത്തിലെ വരികളായിരുന്നു മനസ്സ് നിറയെ.
'' ജോജി........നീ ഇന്നലെ ചോദിച്ചില്ലേ എന്റെ ഹൃദയത്തിന്റെ കോണിൽ ഒത്തിരി സ്ഥലം നിനക്ക് തരാമോ എന്ന്. ഈ ഹൃദയം നിറച്ചും നീ മാത്രമാണെന്നിരിക്കെ എന്തിനായിരുന്നു അങ്ങനെ ഒരു ചോദ്യം.ജോജി നീ ഇല്ലെങ്കിൽ ഇ.സി.ജി സ്ക്രീനിലെ നീണ്ട ഒരു രേഖ മാത്രമായിരിക്കും ഞാൻ.''  






തിങ്കളാഴ്‌ച, സെപ്റ്റംബർ 23, 2013

നീ ഇന്നും


-അവന്തിക-

ഈ മഴയിലും എന്റെ വിരലുകള്‍ക്കിടയില്‍ 
നിന്റെ വിരലുകളുടെ ചൂടുണ്ട്.
വേദനിക്കുന്ന നെറ്റിത്തടങ്ങളില്‍
നിന്റെ കൈകളുടെ സാന്ത്വനം.
പരാജയങ്ങളില്‍ നിന്റെ
കൈത്താങ്ങിന്റെ ബലം.
കാഴ്ചകള്‍ മറയുമ്പോള്‍ 
നിന്റെ കണ്ണിന്റെ വെളിച്ചം.
ഉറക്കമില്ലാത്ത രാത്രികളില്‍ 
നീ ഒരു താരാട്ട്.
ഒറ്റപ്പെടലുകളില്‍ നിന്റെ 
നിഴലുണ്ട് ഇന്നും കൂട്ടിന്  

വ്യാഴാഴ്‌ച, ഓഗസ്റ്റ് 22, 2013

ഓര്‍മയുടെ ചൂളംവിളി

 -ഷിബിന്‍-



ഉച്ചഭക്ഷണം കഴിഞ്ഞ് ക്ലാസ്സില്‍ വട്ടം കൂടിയിരുന്ന് സൊറപറയുന്നതിനിടയ്ക്കാണ്‌ ആ കോള്‍ വന്നത്.എന്റെ ഫോണില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന യദു ഉറക്കെ വിളിച്ച്  പറഞ്ഞു 
                     'എടാ ജിത്തൂ........ഏതോ ഒരു അഞ്ചൂസ് വിളിക്കുന്നു.' 
ഫോണ്‍ വാങ്ങി  പുറത്തിറങ്ങുമ്പോള്‍ പെണ്‍കുട്ടികള്‍ ഒരു ആക്കിച്ചിരി  സമ്മാനിച്ചു. ഫോണെടുക്കാന്‍ വൈകിയതിനുള്ള തെറി പ്രതീക്ഷിച്ച്  ഞാന്‍ കോള്‍ അറ്റെന്റു ചെയ്തു.
                        'ഹലോ........മിസ്റ്റര്‍ എങ്ങിനീയര്‍, എനിക്കിന്ന് ഉച്ചയ്ക്ക് കോളേജ് വിട്ടു. നമുക്കിന്ന് രണ്ടേ മുക്കാലിന്റെ ലോക്കലിന്   പോയാലോ?' 
         ഉച്ചയ്ക്ക് ശേഷമുള്ള ഷൈനി മിസ്സിന്റെ ക്ലാസ്സിനെക്കുറിച്ച്    ഓര്‍ത്തപ്പോള്‍ രണ്ടാമതൊന്ന്   ആലോചിച്ചില്ല.ഞാന്‍ ഓക്കെ പറഞ്ഞു.ബാഗെടുത്ത്  ക്ലാസ്സീന്നൊരു  പോക്ക് പോകുമ്പോള്‍  പുറകില്‍ നിന്നുമുള്ള ചോദ്യങ്ളൊന്നും  കേട്ടില്ലെന്നു നടിച്ചു.കണ്ണൂര് ബസ്സിറങ്ങി റെയില്‍വേ  മുത്തപ്പന്റെ അമ്പലത്തിനടുത്തു കൂടെ പോയി പ്ലാറ്റ്ഫോമിലേക്ക്   കയറി.അവള്‍ രണ്ടാമത്തെ  പ്ലാറ്റ്ഫോമില്‍ ട്രേനിന്റെ    എനജിനിനടുത്ത്  കപ്പ വറുത്തതും കൊറിച്ച് പാട്ടും കേട്ട്  ഇരിപ്പുണ്ടായിരുന്നു.കണ്ടപാടെ ഒരു ചിരി സമ്മാനിച്ച് തീരാറായ പായ്ക്കറ്റ്   എനിക്ക് നീട്ടി.
                                   'ഇന്നും ഇതുതന്നെയാണോടീ  വാങ്ങിച്ചേ ? '
കപ്പയോടുള്ള എന്റെ നീരസം രേഖപ്പെടുത്തി.
                                     'നല്ല രസോണ്ടെഡാ ,  കഴിച്ച് നോക്ക്. '
ഒരു കഷണം  എടുത്ത്‌ ഞാന്‍  ചവച്ചു.
                                    ' നിന്റെ കോളേജില്‍ ക്ലാസ്സോന്നും  ഇല്ലെടീ.....?'
        എന്തോ കള്ളത്തരം ഒപ്പിച്ച ചിരി ചിരിച്ച്  പാതി ശ്രദ്ധ കപ്പയിലും ബാക്കി സംസാരത്തിലും  നല്കി  അവള്‍ പറഞ്ഞു.   
                 ' ക്ലാസ്സോക്കെണ്ട്, ഉച്ചവരെ ഇരുന്നപ്പോ ബോറടിച്ചു, ഞാന്‍ എണീറ്റിങ്ങു പോന്നു.'
        ഇനി ട്രെനില്‍ കയറാന്‍ പ്ലാറ്റ്ഫോമിന്റെ മറ്റേ അറ്റം വരെ നടക്കണം.പുറകിലെ ബോഗിയില്‍ തിരക്കുണ്ടാവില്ല.ചെറിയ സ്റെഷനില്‍ ആ ബോഗികള്‍ പ്ലാറ്റ്ഫോമിനു പുറത്തായിരിക്കും  എന്നതിനാല്‍ അധികം ആള്‍ക്കാരുണ്ടാവില്ല.സംസാരിച്ച്  സംസാരിച്ച് നടത്തം തീര്‍ന്നതും   കപ്പ വറുത്തത് തീര്‍ന്നതും ഒരുമിച്ചായിരുന്നു.  
                                  'ഡാ , ഒരു പായ്ക്ക്  കൂടി വാങ്ങിയാലോ ? ' 
       എന്റെ  ഉത്തരം  വരുന്നതിനും മുന്‍പേ അവള്‍ സാധനം വാങ്ങി തിരിച്ചു വന്നു.നുണക്കുഴി കവിളില്‍ ഒരു   ചിരിയും നിറച്ച്  ട്രെനില്‍ കയറി.അവള്‍ കപ്പ തിന്നാന്‍ വേണ്ടി മാത്രമാണോ  ജീവിക്കുന്നത് എന്നുപോലും ചിലപ്പോള്‍ ഞാന്‍ ആലോചിച്ചു പോകാറുണ്ട്.ട്രെനിലെ ജനാലയ്ക്കരികില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു.നിറയെപ്പൂക്കളുള്ള   ചുരിദാര്‍ അവള്‍ക്കു നന്നായി ചേരുന്നുണ്ടായിരുന്നു.
       ഞങ്ങളുടെ സൌഹൃദത്തിന് അഞ്ച് വയസ്സ് കഴിഞ്ഞിരിക്കുന്നു.അതിനിടയ്ക്ക് പതിനൊന്നാം ക്ലാസ്സുകാരി
 പെണ്‍കുട്ടി വളര്‍ന്ന്  ഒരു സ്ത്രീയായി മാറിയിരിക്കുന്നു.എനിക്ക്  തോന്നാറുണ്ട്  അവളുടെ മനസ്സ് മാത്രം പ്രായത്തിനൊത്ത്  വളരുന്നില്ലെന്ന്.ഇപ്പോഴും കുട്ടിക്കളി മാറീട്ടില്ല.നിസ്സാര കാര്യത്തിന്  പിണങ്ങിയും ചെറിയ തമാശകള്‍ക്ക് പൊട്ടിച്ചിരിച്ചും കുസൃതികള്‍ ഒപ്പിച്ചും.......എന്റെ നോട്ടം കണ്ടിട്ടാവണം അവള്‍ ചോദിച്ചു  
                                           'പുതിയ ചുരിദാര്‍ നല്ല രസോല്ലേ ? '
       അവളെ ദേഷ്യം പിടിപ്പിക്കുന്നത് എന്റെ ഒരു ശീലം ആയതു കൊണ്ട് ഞാന്‍ മറുപടി കൊടുത്തു.
                                            'പിന്നേ......നല്ല ബോറായിട്ടുണ്ട്  .'
       ട്രേന്‍ ചൂളം വിളിച്ച് കണ്ണൂരിനോട് ബൈ  പറഞ്ഞു.മെസ്സീടെ ചിത്രമുള്ള ബാഗിന്റെ കള്ളി തുറന്ന്   L.I.C യുടെ നീലച്ചട്ടയുള്ള ഡയറിയെടുത്ത്  അവള്‍ക്ക് നീട്ടി. 
                                             'ഡീ , ഒരു പുതിയ കഥണ്ട് .'
          പതിനൊന്നാം ക്ലാസ്സ് മുതല്‍ ഞാനെന്ന എഴുത്തുകാരന് ഈ ലോകത്തുള്ള ഏക വായനക്കാരി കപ്പ വറുത്തതിന്റെ പൊടിയുള്ള കയ്യുമായി ആ ഡയറി വാങ്ങി.പേജുകള്‍ ഓരോന്നായി    മറിച്ചിടുന്നതിനിടയ്ക്കു അവള്‍ സൂചിപ്പിച്ചു    
                  'ഡാ , മോനെ, പതിവ് പോലെ ആര്ക്കും മനസ്സിലാവാത്ത സാഹിത്യവും ബുദ്ധിജീവി സാധനങ്ങളുമാണെങ്കില്‍ ഈ ഡയറി  പാലത്തില്‍ കിടക്കും'  
          അവള്‍ക്കറിയില്ലല്ലോ സ്വന്തം കാര്യത്തോടടുക്കുമ്പോള്‍ ഓരോരുത്തരും ആദര്‍ശങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കുമപ്പുറം വെറും പൈങ്കിളികളാണെന്ന്. അവളെ സ്വസ്ഥമായ വായനയ്ക്കു  വിട്ട് ഞാന്‍ ഡോറിന്റെ സ്റ്റെപ്പിന്‍മേല്‍ ഇരുന്നു.ചീകിവെച്ച നീണ്ടമുടിയിഴകളെ  പറപ്പിച്ച് കളഞ്ഞ കാറ്റിന്  അന്നൊരു പ്രത്യേക സുഖം ഉണ്ടായിരുന്നു.അഞ്ജലി ഡയറിയുടെ താളുകള്‍ ഒന്നൊന്നായി മറച്ചിട്ടു.ആളൊഴിഞ്ഞ മുന്‍സീറ്റിലേക്ക് കാലു നീട്ടി വെച്ച് അവള്‍ വായന തുടങ്ങി.
              
                                           ഓര്‍മയുടെ പാലങ്ങളിലൂടെ 
      
              കല്യാണം  കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം വീണ്ടും ഒരു കണ്ണൂര്‍ യാത്ര.അമ്മ മുന്‍പേ നേര്‍ന്ന് വച്ചതാണ് കൊച്ചുമോന്റെ ചോറൂണ് മുത്തപ്പന്റെ  തിരുസന്നിധിയില്‍ വച്ചാവണം എന്ന്.ചോറൂണ്കാരന്‍   പതിവിലും ഉന്‍മേഷത്തോടെ മുത്തച്ഛന്റെയും  മുത്തശ്ശിയുടെയും കൂടെ കളിച്ചുകൊണ്ടിരിക്കുന്നു.അവളിതുവരെ ഒരുങ്ങി കഴിഞ്ഞില്ല.അല്ലെങ്കിലും യാത്രപോകുമ്പോള്‍ സ്ത്രീകള്‍ക്ക്  അവസാന നിമിഷം വരെ ഒരുക്കമാണല്ലോ. 
                     'നീ ഇതുവരെ റെഡിയായില്ലേ  ? ഇനീം വൈകിയാല്‍ പാസഞ്ചര്‍ അതിന്റെ പാട്ടിനു പോകും.'
               പാസഞ്ചര്‍ കഴിഞ്ഞാല്‍ വേറെ  ട്രെയിന്‍ ഇല്ലാഞ്ഞിട്ടല്ല, അതും അല്ല പുതുതായി വാങ്ങിയ കാറെടുത്ത്  പോകാവുന്നതെയുള്ളൂ.എന്നിട്ടും ഈ പാസഞ്ഞറിനു തന്നെ    പോവാന്‍ ഞാന്‍ വാശി പിടിക്കുന്നത്‌ എന്തിനാണെന്ന് അച്ഛനും അമ്മയും അന്വേഷിച്ചു.അവര്‍ക്കറിയില്ലല്ലോ  എന്റെ ജീവിതത്തിന്റെ നിര്‍ണായക നിമിഷങ്ങളുടെ ഓര്‍മകളില്‍  കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ ഓടിക്കൊണ്ടേയിരിക്കുന്നത്. 
                നിറയെ സ്നേഹവും കുറെ മിട്ടായികളുമായി മംഗലാപുരത്തുനിന്നും അച്ഛന്‍ വരുന്നതും നോക്കി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അമ്മയുടെ കയ്യും പിടിച്ച് കാത്തുനില്‍ക്കുന്നതായിരുന്നു കുട്ടിക്കാലത്തെ ആദ്യത്തെ തീവണ്ടി ഒര്‍മ.പിന്നീട് അച്ഛനോടോത്തുള്ള തീവണ്ടി യാത്രകള്‍.നീലക്കുപ്പായമിട്ട  ആ  വണ്ടിയോട് അക്കാലം തൊട്ട് വല്ലാത്തൊരു ഇഷ്ടമായിരുന്നു.കുട്ടിക്കാലത്തെ സ്വപ്നങ്ങളില്‍  അറ്റം കാണാന്‍  പറ്റാത്തത്ര വലിപ്പം ഉള്ള തീവണ്ടിയുടെ ഡ്രൈവറായിരുന്നു ഞാന്‍.
                പത്താം ക്ലാസ്  റിസള്‍ട്ട് വന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കിട്ടി  .നാട്ടുനടപ്പ് പ്രകാരം അതരക്കാര്‍ക്കുള്ള  ശിക്ഷ ടൌണിലെ ഫുള്‍ A+ കാര്‍ മാത്രം പഠിക്കുന്ന സെയ്ന്‍റ്റ്  സ്കൂളില്‍   +1 നു ചേര്‍ന്ന്  പഠിക്കുക എന്നതായിരുന്നു.എന്റെ കാര്യത്തിലും മറിച്ചൊന്നും സംഭവിച്ചില്ല.
                  നാട്ടിലെ ചങ്ങാതിമാരില്‍നിന്നും , പാടത്തെ ഫുട്ബോള്‍  കളിയില്‍നിന്നും ,തെക്കെടത്തെ  കുളത്തിലെ തിമിര്‍ക്കലില്‍ നിന്നും അപരിചിതമായ മറ്റൊരു ലോകത്തേയ്ക്കുള്ള പറിച്ചു നടല്‍ .ഏക ആശ്വാസം രാവിലെയും വൈകിട്ടുമുള്ള ട്രെയിന്‍യാത്രകള്‍   ആയിരുന്നു.ആദ്യ ദിനങ്ങളില്‍ നിറയെ അപരിചിതമായ മുഖങ്ങളായിരുന്നു.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പലരെയും വീണ്ടും  കണ്ടു.വൈകാതെ ഒരു കൂട്ടുകാരനെ കിട്ടി,പേര് സഹീര്‍.കോഴിക്കോട്ടെ മറ്റൊരു സെയ്ന്‍റ്റ് സ്കൂളില്‍ +1 കാരന്‍.അങ്ങനെ മിണ്ടാട്ടമില്ലാത ആ യാത്രകള്‍ക്ക്  നാവു വെച്ച് തുടങ്ങി.ചവയ്ക്കാന്‍ അവന്റെ ഉമ്മ കൊടുത്തു വിടുന്ന ചിപ്സും.ഒരിക്കല്‍ സീറ്റ് കിട്ടാതായപ്പോള്‍ ഞങ്ങള്‍  ബെര്‍ത്തില്‍ കയറി ഇരുന്നു.മിണ്ടാതിരുന്നപ്പോള്‍ വനൊരു ചോദ്യം ചോദിച്ചു.
                                 'ഡാ , ജിത്തൂ ഇജ്ജ്  പ്രേമിച്ചിട്ടുണ്ടോ '
                   എന്തോ ഒരു ചീത്ത ചോദ്യം കേട്ടത് പോലെ തോന്നി.ഞാന്‍ ഉടന്‍ ഇല്ല എന്ന് മറുപടി കൊടുത്തു.അന്നവന്‍ ലൈല മജ്നു കഥ പറഞ്ഞു.
                                  'മാപ്പിള സ്കൂളില് ഒന്പതാം ക്ലാസില്‍  പഠിക്കുമ്പോ ഒരു ചെക്കന്  ഒരു പെണ്ണിനോട് വല്ലാത്തൊരിഷ്ട്ടം തോന്നി .അങ്കണവാടി മുതല്‍  പത്തുകൊല്ലം ഒരേ ക്ലാസ്സില്‍ പഠിച്ചെങ്കിലും അവനതുവരെ അവളോട്  സംസാരിച്ചിട്ടുപോലും ഇല്ലായിരുന്നു.ആദ്യത്തെ മിണ്ടല്‍  പ്രേമം പറയാനും.പക്ഷെ ഓനതിനുള്ള  ധൈര്യം ഇല്ലായിരുന്നു.ഓന്‍  ഓളെത്തന്നെ നോക്കി ഇരുന്നു.ഇടയ്ക്ക് എപ്പോഴോ അവരുടെ
കണ്ണുകള്‍ തമ്മിലുടക്കി.ചെക്കന്  ഓന്റെ ഇക്കാക്കാനെ വല്യ പേടീം ബഹുമാനോം ഒക്കെ ആയിരുന്നു.കുഞ്ഞുനാളില് ബാപ്പ മരിച്ചേ പിന്നെ ഓനെ പോറ്റിയത് ഓന്റെ ഇക്കാക്കയായിരുന്നു.കുരുത്തക്കേട് കാട്ടി ഇക്കാക്കാനെ പറയിപ്പിക്കാന്‍ ഓന്  ആകുമായിരുന്നില്ല.അതുപോലെ കുരുത്തക്കേട് കാണിക്കാന്‍  ഓക്കും വ്ലല്യ  പേട്യായിരുന്നു.അവസാനം പത്താം ക്ലാസ്സ്  പരീക്ഷേം കഴിഞ്ഞ് ഓള്  പോകുന്നത് ഓന്‍ സങ്കടത്തോടെ  നോക്കി നിന്നു .കുറച്ചു ദൂരം നടന്നപ്പോള്‍ ഓള്  തിരിഞ്ഞ് നോക്കി.അന്നേരം ഒള്ടെ കണ്ണ് ന്ന്  വെള്ളം വരുന്നുണ്ടായിരുന്നു.അന്ന് ഓല്ക്ക് രണ്ടാക്കും ഒരുറപ്പും ഇല്ലായിര്ന്നു ഇനി കാണാന്‍ പറ്റുമോന്ന്.പക്ഷെ പിറ്റത്തെ കൊല്ലത്തെ മഴക്കാലത്ത് ഓല് കോഴിക്കോട് പാസ്സന്ജറില്‍  വെച്ച് വീണ്ടും കണ്ടു മുട്ടി. '
                           'കഥ കൊള്ളാം ,ആരാ ആ ചെക്കന്‍ .'    ഞാന്‍  ചോദിച്ചു.    
      ഒരു കള്ള ചിരീം ചിരിച്ച് അവന്‍  പറഞ്ഞു.
               'ഞാന്‍  തന്നെ അല്ലാണ്ടാരാ.'
               'അപ്പൊ പെണ്ണോ.'
      അവന്‍  പതുക്കെ പറഞ്ഞു.
               ' ആ വാതിലിന്റെ അട്‌ത്ത്‌ നിക്കണ പെണ്ണ് '
               ' ആ ചാംബക്കെടെ നെറോള്ള പെണ്ണോ? '
               'അല്ലടാ ചെക്കാ , ഓളെ കൂടുള്ള പെണ്ണ്, രമീസ.'
           ഞാന്‍  നോക്കിയപ്പം കാര്യം സത്യമാണ്.അവള്‍ ഇടയ്ക്കിടെ ഇങ്ങോട്ട്‌ നോക്കുന്നുണ്ട്.കുറേക്കാലം അവരത് തുരര്‍ന്നുകൊണ്ടേ  ഇരുന്നു.രണ്ടുപേരും ഒന്നും സംസാരിച്ചില്ല പക്ഷെ സംസാരിക്കാതെ അവര്‍ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു.ഒരിക്കല്‍  ഞാന്‍ ഈ കാര്യം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.
                  'നിനക്കതൊന്നും പറഞ്ഞാല്‍ മനസ്സിലാകൂല മോനെ, ഈ ടൈപ്പ്  പ്രേമത്തിന് ഒരു പ്രത്യേക സുഖാണ്.'    
               +1  ഒരു വിധം തീരാറായി.കുറേ  ദിവസങ്ങളായി രമീസയെ കാണാറില്ല.സഹീര്‍ വോള്‍ട്ടേ ജില്ലാതെ കത്തുന ബള്‍ബുപൊലെയായി.ഞാന്‍ ചാംബക്കെടെ നിറമുള്ള അവളുടെ കൂട്ടുകാരിയോട് കാര്യം   തിരക്കി.അവളുടെ കല്യാണം ഉറപ്പിച്ചെന്നും ഇനി പഠിക്കാന്‍ വിടില്ലെന്നും അറിഞ്ഞു.പ്രസവിക്കാന്‍ പാകമായാല്‍ കേട്ടിച്ചയക്കുന്ന, സ്ത്രീയെ വെറും ഗര്‍ഭപാത്രമായി മാത്രം കാണുന്ന ഒരു സമൂഹത്തോട് അന്ന് പുച്ഛം തോന്നി.  
                 സഹീര്‍ പിന്നീട് ട്രേനില്‍ വരാതായി.അവന്‍ യാത്ര ബസ്സിലാക്കി .വീണ്ടും മിണ്ടാട്ടമില്ലാത്ത യാത്രകള്‍, പരീക്ഷാ തിരക്കുകള്‍ .റമീസയുടെ കൂട്ടുകാരി  ഇടയ്ക്ക്  ഓരോ ചിരി സമ്മാനിച്ചു.വിരസമായ കുറെ ദിവസങ്ങള്‍ കടന്നു പോയി.തലേ ദിവസം ഇന്ത്യ -പാക്കിസ്ഥാന്‍ കളീം  കണ്ടിരുന്നത്‌ കൊണ്ട് പരീക്ഷയ്ക്ക് ഒന്നും പഠിച്ചിട്ടുണ്ടായിരുന്നില്ല.ട്രേനില്‍  അടുത്തിരിക്കുന്ന റമീസയുടെ കൂട്ടുകാരിയുടെ പെരും പഠിപ്പ് കണ്ടപ്പോള്‍ ആകെ  ടെന്‍ഷനായി .ആടിക്കൊണ്ടും ക ണ്ണുകളടച്ചും ആംഗ്യം കാണിച്ചും  , അവള്‍ പുസ്തകത്തിലുള്ളത് എന്തൊക്കെയോ വിഴുങ്ങിക്കൊണ്ടിരുന്നു.സഹിക്കാതായപ്പോള്‍ ഞാന്‍   വെറുതെ ഒരു ഡയലോഗ്  ഇട്ടു.
                          'ഡീ, ഇതൊന്നും പരീക്ഷയ്ക്ക് വരില്ല .നീ വെറുതെ പഠിക്കണ്ട.' 
               പഠിച്ചിട്ടും പഠിച്ചിട്ടും ടെന്‍ഷന്‍ മാറാത്ത പെണ്‍കുട്ടികളുടെ സ്ഥിരം ഭാവത്തോടെ അവളെന്നെ ക്രൂരമായി നോക്കി.
              വൈകുന്നേരം ട്രെയിന്‍ പുറപ്പെടാന്‍ അല്പം വൈകി.സ്റ്റേഷനില്‍  കടലയും ചവയ്ചിരിക്കുമ്പോള്‍   എന്റെ മുന്നിലതാ  ദേഷ്യം വന്ന മുഖവുമായൊരു പെണ്‍കുട്ടി.അവളുടെ നോട്ടം  കണ്ടപ്പോള്‍   തല്ലുകിട്ടുമോ എന്നുവരെ ഞാന്‍ പേടിച്ചുപോയി . 
                           'ദുഷ്ട്ടാ , നീ പറഞ്ഞതുപോലെ  തന്നെ സംഭവിച്ചു.അതൊന്നും പരീക്ഷയ്ക്ക് ചോദിച്ചില്ല.ഞാന്‍ പൊട്ടും.'
                 എനിക്ക് ചിരി വന്നു.ക്ലാസ്സില്‍ എന്തായാലും കൂടെ പൊട്ടാന്‍ ഒരാളെ കിട്ടിയില്ല.എന്റെ അതെ അവസ്ഥയില്‍ പോട്ടിപ്പാളീസായി വേറൊരാളിതാ  മുന്നില്‍ നില്‍ക്കുന്നു. അതൊരു നല്ല സൌഹൃദത്തിന്റെ തുടക്കമായിരുന്നു.ആ ദേഷ്യക്കാരി പെണ്ണാണ് പിന്നീടുള്ള എന്റെ യാത്രകള്‍ക്ക്  നാക്കുമുളപ്പിച്ച അഞ്ജലി.
                 ആണും പെണ്ണും അടുത്തിരുന്നു പഠിച്ചാല്‍ ചീത്തയാകുമെന്ന ചിന്താഗതിയുള്ള , പുറമേ മാത്രം വെളുത്ത  ഉടുപ്പണിഞ്ഞ മത മേധാവികള്‍ ആണിനും പെണ്ണിനും പ്രത്യേകമായി മതിലുകെട്ടി വേര്‍തിരിച്ച രണ്ട്  സ്കൂളുകളില്‍ ഞങ്ങള്‍ പഠിച്ചു.പരസ്പരം കാണാതിരിക്കാന്‍  അവര്‍ രണ്ടു പേര്‍ക്കും  രണ്ടു സമയത്ത് ക്ലാസ്സ് തുടങ്ങുകയും രണ്ട്  സമയത്ത് വിടുകയും ചെയ്തു.അതുകൊണ്ട് തിരിച്ച് വരുമ്പോള്‍ ഓവര്‍ ബ്രിഡ്ജിനു  മുകളില്‍ അവള്‍ കാത്തു നില്ക്കും.വൈകുന്നേരത്തെ ചെന്നൈമെയിന്‍ C.H ബ്രിട്ജിന്  താഴെക്കൂടി കൂകിപ്പാഞ്ഞു കഴിഞ്ഞാല്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കും.സ്കൂളിലെ ഗ്യാങ്ങുകളില്‍ നിന്നും ആഘോഷങ്ങളില്‍ നിന്നും ഞാനേറെ ദൂരെ ആയിരുന്നു.കൂട്ടുകാര്‍ക്ക്  ഞാന്‍ ഒരു അവാര്‍ഡ്  പടമായിരുന്നു.അതേ  ഞാന്‍ തന്നെ ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഇത്ര വാചാലനാകുന്നതെങ്ങനെയെന്ന്  സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട് .ക്ലാസ്സ്‌ കഴിഞ്ഞാല്‍ ഒരു പായ്ക്ക് കപ്പ വറുത്തതും  വാങ്ങി ട്രെയിന്‍ കയറും.കോരപ്പുഴ പാലത്തിന് മുകളില്‍ എത്തുമ്പോഴേക്കും ഒരുപാട് വര്‍ത്താനങ്ങളോ ടൊപ്പം കപ്പ വറുത്തതും തീരും.കവറ് സ്ഥിരം പുഴയിലേക്ക് പറപ്പിക്കും.     
                     വെള്ള ഷര്‍ട്ടും , നീല ഓവര്‍ക്കൊട്ടും ,ടൈയ്യും ഒക്കെ ഇട്ടാല്‍ അവളെ കാണുമ്പോള്‍ വീട്ടിലെ പൂച്ചക്കുട്ടിയെപ്പോലുണ്ടെന്ന്   പറഞ്ഞ്‌  പലവട്ടം  ഞാന്‍ അവളെ കളിയാക്കിയിട്ടുണ്ട്.അതുകൊണ്ട് വീട്ടിലെത്തി അമ്മയുടെ പൂച്ചക്കുട്ടിയെ കാണുമ്പോള്‍ അവളെയും അവളെക്കാണുമ്പോള്‍  പൂച്ചക്കുട്ടിയെയും ഓര്‍മ  വരും. രണ്ട് പേര്‍ക്കും ആ കളിയാക്കല്‍ ഇഷ്ടമല്ലാത്തത്‌  കൊണ്ട് അന്ന് എന്റെ കയ്യില്‍ കുറെ മാന്തലിന്റെ പാടുകള്‍ ഉണ്ടായിരുന്നു.
                      മനംമടുക്കുന്ന രാസസൂത്രങ്ങളില്‍ നിന്നും സമവാക്യങ്ങളില്‍ നിന്നും പൊങ്ങച്ചത്തിന്റെയും  ആര്‍ഭാടതിന്റെയും പരിഷ്ക്കാരത്തിന്റെയും  ആധുനിക സൌഹൃദങ്ങളില്‍ നിന്നും (അവരതിനെ ഗ്യാങ്ങ് എന്നൊക്കെ വിളിക്കുന്നു.) രക്ഷപ്പെടാന്‍  വെമ്പിയ എനിക്ക് നിഷ്ക്കളങ്ക  സൌഹൃദത്തിന്റെ മറ്റൊരു ലോകം അവളെനിക്കു സമ്മാനിച്ചു. പക്ഷെ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍    +2 കാലം പാഞ്ഞ്  പോയി,പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട് ഒരു +4 എങ്കിലും വേണമെന്ന്.അവസാന ക്ലാസും കഴിഞ്ഞ്  ഒടുവിലത്തെ കപ്പ വറുത്തതും വാങ്ങി ട്രെനില്‍ കയറുമ്പോള്‍  വാചാലതയെക്കാള്‍ നിറഞ്ഞ മൌനം ഞങ്ങള്‍ക്കിടയില്‍  തളം  കെട്ടി  നിന്നിരുന്നു.
                  ബോയ്സ്  സ്കൂളിന്റെ എല്ലാ അലംബുകളും  നിറഞ്ഞ എന്റെ ഓട്ടോഗ്രാഫ് പുസ്തകത്തിന്റെ അവസാന താളില്‍  അവളെഴുതി വെച്ചു .
                                                '' Like two rivers flow
                                                  to the open sea
                                                  some day we will reunite
                                                  from all eternity.''
                    
                വായിച്ചപ്പോള്‍ മനസ്സ് ഒന്നുകൂടെ കനത്തു.
                    'ഇത് നിന്റെ വരിയാണോ ?'
                    'അല്ലേട പൊട്ടാ , എവ്റില്‍ ലെവിങ്ങിന്റെ ഒരു ഫെയ്മസ് പാട്ടാ.എന്റെ ഇഷ്ട്ടപ്പെട്ട പാട്ടുകാരിയാ .കിട്ടുകയാണെങ്കില്‍ ആ പാട്ട് നീയൊന്നു കേള്‍ക്കണം .'
              വീട്ടിലേക്കു ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ മനസ്സ് നിറയെ ആ വരികള്‍ മാത്രമായിരുന്നു.അച്ഛന്റെ പാട്ടു പെട്ടിയിലെ ബാബുരാജും,സൈഗാളും ,റാഫിയും അപ്പോഴേക്കും എവിടെയോ പോയിരുന്നു.
              +2 കഴിഞ്ഞപ്പോഴേക്കും സയന്‍സ് പഠിച്ചവന് നാട്ട് നടപ്പ് പുതിയ ശിക്ഷ വിധിച്ചു.എന്ട്രന്‍സ് കോച്ചിംഗ് .വീണ്ടും ഒരു പറിച്ച് നടല്‍ .കോഴിക്കോടിന്റെ മനവും മണവും വിട്ട് തൃശൂരിലേക്ക്.ദിവസങ്ങള്‍  ഇഴഞ്ഞിഴഞ്ഞ് നീങ്ങി.ജീവിതം മള്‍ട്ടിപ്പിള്‍  ചോയ്സ് ചോദ്യങ്ങളുടെ നാലഴികള്‍ക്കിടയില്‍ തളയ്ക്കപ്പെട്ടു,വല്ലപ്പോഴും കിട്ടുന്ന അവധിക്ക് തൃശ്ശൂരില്‍  നിന്നും കൊയിലാണ്ടി വരെ യുള്ള  തീവണ്ടി യാത്ര മാത്രമായിരുന്നു ഏക ആശ്വാസം.
                പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട്  വന്നപ്പോള്‍  ആദ്യ അലോട്ട്മെന്റില്‍   കണ്ണൂര്‍ എഞ്ചി നീയറിംഗ് കോളേജില്‍   അഡ്മിഷന്‍ കിട്ടി.വീണ്ടും ഒരു തീവണ്ടി യാത്രാ കാലം.ഈ യാത്രയ്ക്ക് വേണ്ടി മാത്രം ഞാന്‍ ഡേ സ്കോളറായി.ഹോസ്റ്റലില്‍  അഡ്മിഷന്‍  കിട്ടുമായിരുന്നിട്ടും ഞാനത് മനപ്പൂര്‍വം വേണ്ടെന്ന്  വെച്ചു. fb യില്‍ സ്റ്റാറ്റസ്  മാറ്റിയും മറിച്ചും ഒക്കെയിട്ട് ഒരുപാട് ലൈക് വാങ്ങിക്കൂട്ടുന്ന ഒരു കൂട്ടുകാരന്‍ ഈയിടെ മെന്‍സ് ഹോസ്റ്റലിനെ സ്വര്‍ഗത്തേക്കാള്‍ വലുതെന്ന്  വിശേഷിപ്പിച്ചത് കണ്ടു .ആ സ്വര്‍ഗ്ഗം  ഈ തീവണ്ട് പ്രേമം കൊണ്ട് ഉപേക്ഷിച്ചത് വട്ടായിപ്പോയെന്ന്  എനിക്കിന്നും തോന്നീട്ടില്ല.
     
       രാവിലെ  6 മണിക്ക് തുടങ്ങുന്ന യാത്ര.കോളേജില്‍ സമയത്ത് എത്തണമെങ്കില്‍  6.40ന്റെ എക്സ്പ്രെസ്സിനു കയറണം.അത് കിട്ടണമെങ്കില്‍  6 മണിയുടെ ശ്രീകൃഷ്ണ ബസ്സ്‌ കിട്ടണം.ഈ സമയം ഒപ്പിച്ചുള്ള ഓട്ടം ഒരു രസം തന്നെയാണ്.    
             അന്ന് രാവിലെ ഞാന്‍ എത്തുമ്പോഴേക്കും ബസ്സ് പോയി.ഓടിച്ചെന്നു സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ട്രേനും പോയി.ഇനി കണ്ണൂര്‍ പാസ്സഞ്ചര്‍ ,അത് എത്തുമ്പോഴേക്കും ആദ്യത്തെ പിരീഡ് ഗോവിന്ദ .തോറ്റ്  പണ്ടാരടങ്ങിയ കളീം കണ്ട് നാട്ടപ്പാതിരാവരെ ഇരിക്കുമ്പോ ഓര്‍ക്കണമായിരുന്നു.പാസ്സഞ്ചര്‍  ഒരു ഞെരക്കത്തോടെ ദീര്‍ഖ  ശ്വാസത്തിനോടുവില്‍ സ്റ്റേഷനില്‍ നിന്നു.പണ്ട് കോഴിക്കോട് നിന്നും തിരിച്ച് വരാരുള്ളതും ഇതേ ട്രേനിലായിരുന്നു.പുറകിലെ കംബാര്‍ട്ട് മെന്റില്‍ തന്നെ കയറി.ചെവിയില്‍ തിരുകിയ ഹെഡ് സെറ്റില്‍ നിന്നും ഏവരില്‍ ലെവിങ് ഉറക്കെ പാടി .
                                             '' Like two rivers flow
                                               to the open sea
                                               some day we will reunite
                                                from all eternity.''
            പാട്ടിനൊത്ത് ഒരാള്‍ നടന്ന് വരുന്നുണ്ടായിരുന്നു .അവള്‍ എന്റെ കമ്പാര്‍ട്ടുമെന്റില്‍ കയറി.എന്റെ നേരെ മുന്പിലുള്ള സീറ്റില്‍ വന്നിരുന്നു.ഞാന്‍ സ്പ്നത്തിലാണെന്നു കരുതി കണ്ണ് മുഴുക്കെ തുറന്ന് നോക്കി.ഇടതു കൈ കൊണ്ട് വലതു  കൈ നുള്ളി നോക്കി ഉറപ്പു വരുത്തി .സ്വപ്നവും സിനിമയും ഒന്നുമല്ല.
                                     'എന്താടാ ഇങ്ങനെ നോക്കുന്നെ?'
              അവളും  സത്യമാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഒന്നായൊഴുകി രണ്ടായ് പിരിഞ്ഞ പുഴകള്‍ വീണ്ടും ഒന്നായി യാത്ര തുടരുന്നു.മറ്റൊരു നഗരത്തില രണ്ട് കലാലയങ്ങളില്‍ ......അടുത്ത അലോട്ട് മെന്റില്‍   NSS  ലോ   RIT യിലോ  കിട്ടുമായിരുന്നിട്ടും അന്ന് വൈകുന്നേരം ആരുമറിയാതെ ഹയര്‍ ഒപ്ഷന്‍  ഞാന്‍ ക്യാന്‍സല്‍ ചെയ്തു.
              രാവിലെയും വൈകിട്ടുമുള്ള പാസ്സന്ജര്‍ യാത്ര കുറെ നല്ല ബന്ധങ്ങള്‍  സമ്മാനിച്ചു.ബ്രണ്ണനില്‍  മലയാളം പഠിപ്പിക്കുന്ന  രാധാകൃഷ്ണന്‍ മാഷ്‌, ലുലു സാരീസില്‍ ജോലി ചെയ്യുന്ന ബീനേച്ചി,വൈകുന്നേരം കുടിച്ച് പൂസായി മാഹിയില്‍  നിന്നും തിരിച്ച് പോകുന്ന ശ്രീധരേട്ടന്‍,ബാങ്കില്‍ ജോലി ചെയ്യുന്ന ജയേഷേട്ടന്‍,യുനിവേഴ്സിറ്റി ക്യാമ്പസ്സില്‍ പഠിക്കുന്ന മോനിഷും അശ്വതിയും, GVHSS  ലെ  ഷൈനി ടീച്ചര്‍.അങ്ങനെ ഒരുപാട്പേര്‍.കൂടാതെ പല സ്റ്റേഷനുകളില്‍ നിന്നും കയറി   പല  സ്റ്റേഷനുകളില്‍ ഇറങ്ങിപ്പോകുന്ന നൂറുകണക്കിന് അപരിചിത മുഖങ്ങള്‍.
                 മൂക്കറ്റം കുടിച്ച് മാഹിയില്‍ നിന്നും ട്രെയിനിന്‍ കയറുന്ന സ്രീധരേട്ടനെ കാണുമ്പോള്‍  ആദ്യം വെറുപ്പായിരുന്നു.പിന്നീടെപ്പോഴോ ആ വെറുപ്പ് അലിഞ്ഞില്ലാതായി.തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍  പരിചയക്കാരായ കോളേജ് പിള്ളേര്‍ ഒരുമിച്ച് കൂടുമ്പോള്‍ ഞങ്ങള്‍ തമാശയ്ക്ക് പാട്ട് പാടും.മോനിഷ് പാട്ടുകാരനായത് കൊണ്ട് അന്നത്തെ തീവണ്ടി കച്ചേരികളുടെ മുഖ്യ കര്‍മ്മി അവനായിരുന്നു.ഒരിക്കല്‍ അറിയാവുന്ന പാട്ടൊക്കെ പാടി പാട്ടിനൊരു മുട്ട് വന്നപ്പോഴാണ് ശ്രീധരേട്ടന്‍ കൂടെ ചേര്‍ന്ന് കവിത പാടിയത്.കവിത കേട്ടപ്പോള്‍  രാധാകൃഷ്ണന്‍മാഷും കൂടെ കൂടി.അന്നുമുതല്‍ വൈകുന്നേരത്തെ യാത്രകളില്‍ ശ്രീധരേട്ടന്റെ കവിത സ്ഥിരം സാനിധ്യമായി.അയാളെപ്പറ്റി ഞങ്ങള്‍ക്കൊന്നും അറിയില്ലായിരുന്നു. എവിടെയാണെന്നോ,എന്ത് ചെയ്യുന്നെന്നോ ഒന്നും.കൊയിലാണ്ടി സ്റ്റേഷനില്‍ ഞങ്ങളിറങ്ങുമ്പോള്‍  ഒരു ചിരിയോടെ ശ്രീധരേട്ടന്‍ പറയും 
                                                 ' മക്കളെ, നാളെ കാണാം......'
                                             ''നന്ദി! നീ നല്‍കാന്‍ മടിച്ച പൂചെണ്ടുകള്‍ക്കെ-
ന്റെ വിളക്കില്‍ എരിയാത്ത ജ്വാലകള്‍ക്കെന്‍-
മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്കെന്നെ-
തഴുകാതെയെന്നില്‍ തളിര്‍ക്കാതെ
എങ്ങോ മറഞ്ഞൊരുഷസന്ധ്യകള്‍ക്കെന്റെ
കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ക്കെല്ലാം
എനിയ്ക്കു നല്‍കാന്‍ മടിച്ചവയ്ക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!
''
                    അന്ന് അവസാന വരികളും പാടി ഞങ്ങളെ യാത്ര അയച്ച ശ്രീധരേട്ടനെ പോന്നീട്  കണ്ടിട്ടില്ല.അയാള്‍ ഒരുപക്ഷെ കുടി നിര്‍ത്തിക്കാണും അല്ലെങ്കില്‍  ചുണ്ടില്‍  കവിതയുമായി ട്രെയിന്‍ പിടിച്ച് പോവാന്‍ പറ്റാവുന്നതിലും ദൂരേയ്ക്ക് അയാള്‍ യാത്ര പോയിട്ടുണ്ടാവും.
                   രാധാകൃഷ്ണന്‍മാഷ്‌ സ്വന്തം മക്കളെ പോലെ ഞങ്ങളെ സ്നേഹിച്ചിരുന്നു.ഉപദേശങ്ങളും ,തമാശകളും കഥകളുമൊക്കെയായി മാഷെന്നും ട്രെയിനില്‍  ഉണ്ടാവും.അഞ്ജലി ലീവായിരുന്ന ഒരു ദിവസം മാഷെന്നോട് ചോദിച്ചു 
                                              'നിനക്കവളെ ഇഷ്ടാനോടാ .......?'
                         ഞാന്‍  ആദ്യം ഒന്ന് പരുങ്ങി.നല്ല സൌഹൃദത്തിനപ്പുറത്ത് ഒന്നും ഇല്ല എന്ന് പറയാന്‍ എനിക്കാവുമായിരുന്നില്ല.അതിനുമപ്പുറം എന്തോ ഉണ്ടായിരുന്നു.മാഷിനത് മനസ്സിലാവുകയും ചെയ്തു.ഒടുവില്‍ ഞാന്‍ പറഞ്ഞു.
                                             'മാഷെ,ഇഷ്ടാണ്. കല്യാണം കഴിക്കണന്നുണ്ട്.കോഴ്സ് കഴിഞ്ഞ് ജോലി കിട്ടിയാല്‍ ഞാന്‍ അക്കാര്യം വീട്ടില് പറയും.പക്ഷെ മാഷെ ഞാനിതുവരെ അവളോടിത് പറഞ്ഞിട്ടില്ല.'
                     മാഷ്‌  സ്നേഹത്തോടെ ഒരു ചിരി സമ്മാനിച്ച് എന്റെ പുറത്ത് തട്ടി.ആ നിമിഷം അതുവരെ ഇല്ലാതിരുന്ന ഒരു ധൈര്യം കൈവന്നപോലെ എനിക്കനുഭവപ്പെട്ടു.
                     ജനലിനപ്പുറം ദൂരേയ്ക്ക് കണ്ണും നട്ട് ഓര്‍ മ ളിലേക്ക് ഒരു യാത്രപോയി വന്ന് മാഷെന്നൊട് പറഞ്ഞു  
                   'നിങ്ങളെ കാണുമ്പോള്‍  ഞാനറിയാതെ പത്തു മുപ്പതുകൊല്ലം പുറകൊട്ടുപോകും.ഞങ്ങളും അന്ന് ഇതേ ട്രെനിലായിരുന്നു യാത്ര.അവളുടെ പേര് സുലോചന, നിന്റെ അടുത്ത നാട്ടില്,മോടക്കല്ലൂരായിരുന്നു വീട്.അവളന്ന് ബ്രണ്ണനില്‍ BSC
ഞാന്‍ B.A . വിപ്ലവോം,സാഹിത്യോം ഒക്കെ തലയ്ക്കു പിടിച്ച് താടീം മുടീം നീട്ടി ജെബ്ബേം ഇട്ട് നടന്ന കാലത്ത് അറിയാതെ മനസ്സില് കയറിക്കൂടിയതാ.അവളുടെ കണ്ണ് ഒരു പെടമാനിന്റെത് പോലായിരുന്നു.വിപ്ലവകാരിക്ക്  പക്ഷെ അന്ന് പ്രേമം പറയാനുള്ള ധൈര്യം ഇലായിരുനു.അങ്ങനെ ഇരിക്കെ എവിടെന്നോ കിട്ടിയൊരു ഊര്‍ജത്തില്‍ അവളുടെ കൂട്ടുകാരിയുടെ കയ്യില്‍ ഒരു കവിത കൊടുത്തയച്ചു.ആദ്യത്തെ പ്രണയ ലേഖനം ഒരു കവിത ആയിരുന്നു.അവളന്ന് മറുപടി തന്നില്ലെങ്കിലും ആ കണ്ണിലെ കവിത ഞാന്‍ വായിച്ചെടുത്തു.കിതയ്ക്കുന്ന ആ തീവണ്ടി യാത്രകളില്‍ പിന്നീട് രണ്ട് വര്ഷം ഞങ്ങള്‍ പ്രണയിച്ചു.ഒരവധിക്കാലത്തിനു തലേനാള്‍ അവളൊരു കറുത്ത ചരട് എനിക്ക് നീട്ടി അത് കഴുത്തില്‍ കെട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു.ട്രെനില്‍നിന്നും ഇറങ്ങാന്‍ നേരം അവള്‍  പറഞ്ഞു.  
                          'നിനക്കറിയോ , സ്വന്തം വീടോ ചുറ്റുപാടോ  നല്‍കാത്ത  ഒരു സുരക്ഷിതത്വം എനിക്കിപ്പോ ഈ ചരട് നല്കുന്നുണ്ട് .'
                 'അന്നും എനിക്കവളുടെ കണ്ണിലെ ഭയത്തിന്റെ കാരണം വായിച്ചെടുക്കാന്‍ പറ്റിയില്ല,പക്ഷെ, രണ്ടു മാസത്തെ അവധി കഴിഞ്ഞ്  വീണ്ടുമൊരു കോളേജ് യാത്രയ്ക്ക് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ശവത്തെപ്പോലും നീലക്കണ്ണ്  കൊണ്ട് നോക്കുന്ന ഒരാള്‍ക്കൂട്ടത്തെ   കടന്നു ചെന്ന് ഞാനെത്തുമ്പോള്‍ ട്രാക്കില്‍ ജീവനില്ലാതെ കിടക്കുന്ന അവളുടെ  അവളുടെ കഴുത്തില്‍ ആ ചരട് ഒട്ടിപ്പിടിച്ചുതന്നെ ഉണ്ടായിരുന്നു.അന്നവളുടെ വയറ്റില്‍ ഒരു പിഞ്ചു ജീവന കൂടെ ഉണ്ടായിരുന്നു.'
                 മാഷ്‌ കണ്ണീരോളിപ്പിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു.പക്ഷെ എന്റെ കണ്ണില്‍ നിന്നും ഇറ്റി  വീണ കണ്ണീര്‍ തുള്ളികളെ എനിക്ക് ഒളിപ്പിക്കാന്‍ പറ്റിയില്ല .
                 ക്യാമ്പസ് കാലം ട്രെനിന്റെ മൂളിപ്പാച്ചില്‍ പോലെ പെട്ടെന്ന് കടന്നു പോയി.ഒരുപാട് ഓര്‍മകളുമായി കോഴിക്കോട് കണ്ണൂര് പാസ്സന്ജര്‍ മനസ്സിന്റെ പാലങ്ങളിലൂടെ ഇന്നും ഓടുന്നു. 
                 

                    മുത്തപ്പന്റെ മുന്നില്‍വെച്ച്‌ വാവയുടെ ചോറൂണ് കഴിഞ്ഞു.എന്നെപ്പോലെതന്നെ അവനും ഒരുപാട് സന്തോഷത്തിലായിരുന്നു.എന്റെ ക്യാമറയില്‍ ഞാനവന്റെ ഓരോ തുടിപ്പും ഒപ്പിയെടുത്തു.കോളേജ് കാലം തൊട്ടേ ക്യാമറ എന്റെ ഹരമാണ്.ചലിക്കുന്ന ലോകത്തെ ഒരൊറ്റ ക്ലിക്കില്‍ നിശ്ചലമാക്കുന്ന അദ്ഭുത യന്ത്രം.കൂട്ടുകാരുടെ ക്യാമറയില്‍ ചിത്രങ്ങളെടുത്ത് പലപ്പോഴും ചിത്രങ്ങളില്‍ ഞാനില്ലാതെ പോയിട്ടുണ്ട്.......പുഴയിലൊരു ബൊട്ട് യാത്രയും ചില്ലറ ഷോപ്പിങ്ങും  കഴിഞ്ഞ് രണ്ടേ മുക്കാലിന്റെ പാസ്സന്ജറില്‍ കയറാനുള്ള വ്യഗ്രതയില്‍ ഞാന്‍ എല്ലാവരെയും വേഗത്തില്‍   നടത്തി.ക്ലാസ്സ്‌ കട്ട്‌ ചെയ്ത് സിഗരറ്റ് ഊതിവിടാന്‍  പോയിരിക്കാറണ്ടായിരുന്ന പറ ശ്ശിനി പാലവും , M.H   ഉം പുറകിലോട്ട് പാഞ്ഞു.എഞ്ചിനീയറിംഗ് കോളേജ് ഒരു നിമിഷം മുന്നിലൂടെ കടന്നു പോയി.ഓര്‍മയുടെ ഒരു വലിയ തിര മനസ്സിന്റെ തീരത്ത് വന്നടിച്ച് ചിന്നിച്ചിതറി.കണ്ണൂരിന്റെ മണം  ഒരിക്കല്‍ കൂടി ഞാന്‍ ആസ്വദിച്ചു.എന്റെ യാവ്വനത്തിന് ചൂടും കുളിരും തണലും നല്‍കിയ നഗരമേ വീണ്ടും വരാം......... 
                    ഭാഗ്യം ,പാസ്സന്ജര്‍ പോയിട്ടില്ല.ഇനി തിരികെ യാത്ര.
                    ട്രേന്‍ ഒരു ചൂളം വിളിയോടെ, നിറയെ ചിന്തകളും പ്രതീക്ഷകളും ദിഖങ്ങളും നിരാശയും ചിരിയും കരച്ചിലും പേറുന്ന ഒരുപാട് ജനങ്ങളെയും വലിച്ച് യാത്ര തുടങ്ങി.ജൂനിയര്‍  ജിത്തു എന്റെ നെഞ്ചില്‍  ശാന്തനായി കിടന്നുറങ്ങുന്നുണ്ട്.ചാമ്പക്കാ നിറമുള്ള അവന്റെ കുഞ്ഞുമുഖത്ത് ഞാനൊരു മുത്തം കൊടുത്തു.തലശ്ശേരി സ്റ്റേഷനില്‍ ട്രേന്‍  നിര്‍ത്തിയപ്പോള്‍  അഞ്ജലി ജനലിനു പുറത്തേക്കു നോക്കി പറഞ്ഞു       
                                               'ദേ  കപ്പവറുത്തത്ത്........' 

                                     * ** ** **       * * * * *      * ** ** **
                              കഥ വായിച്ച് തീര്‍ന്നപ്പോഴേക്കും ട്രേന്‍ കൊയിലാണ്ടി സ്റ്റേഷനില്‍ എത്തി.അഞ്ജലി ഡയറി നടക്കി എഴുന്നേറ്റു.എന്റെ മനസ്സില് ചിന്തകള് ടോമിനെയും ജറിയെയും പോലെ തല്ലുകൂടിക്കൊണ്ടേയിരുന്നു.ട്രെനില്‍  നിന്നിറങ്ങി രണ്ടുപേരും ബസ്സ്റ്റാന്റിലേക്ക്  നടന്നു.ഞങ്ങള്‍ക്കിടയില്‍ ശൂന്യാകാശത്തിലേതെന്നപോലെ  ഒരു മൌനം നിറഞ്ഞു.അന്ന് രാധാകൃഷ്ണന്‍  മാഷ്‌ സുലോചനയ്ക്കു കവിത കൊടുത്തിടത്ത് ഞാനെന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ഭൂതവും ഭാവിയും വര്‍ത്തമാനവും അക്ഷരങ്ങളില്‍ ആവാഹിച്ച്  ഒരു കഥ എഴുതിക്കൊടുത്തിരിക്കുന്നു.യഥാര്‍ത്തില്‍   അതൊരു കഥ ആയിരുന്നില്ല.എന്റെ മനസ്സ് അക്ഷരങ്ങളുടെ രൂപം പ്രാപിച്ചതായിരുന്നു.പക്ഷെ ഈ കഥ, ഒരിക്കലും
നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത    ഒരു നല്ല സൌഹൃദത്തിനു ഫുള്‍ സ്റൊപ്പിടാന്‍ കാരണമായേക്കാം എന്നോര്‍ത്തപ്പോള്‍ ഈ വലിയ ലോകത്തുനിന്നും ഞാന്‍ പുറത്തേയ്ക്ക് വലിച്ചെറിയപ്പെടുന്നത് പോലെ തോന്നി.അവള്‍ ഒന്നും മിണ്ടാതെ കൂടെ നടന്നു.കല്യാണി ബാര്‍  കഴിഞ്ഞു പുതിയ ഓവര്‍ ബ്രിഡ്ജിനു താഴെക്കൂടെ ബസ്സ്‌സ്റ്റാന്റ്റിലേക്ക് കയറുമ്പോള്‍  ചളിയില്‍ വീഴാതിരിക്കാന്‍ അവളെന്റെ കൈ പിടിച്ചു.സ്റ്റാന്റില്‍ എത്തിയപ്പോള്‍  നുണക്കുഴിക്കവിളില്‍ നൂറ് പത്തുമണിപ്പൂക്കള്‍  വിടര്‍ത്തി  അവളെന്നോട് ചോദിച്ചു 
                     'ഡാ ഞാന്‍ ആലോചിക്കുകയായിരുന്നു, ജൂനിയര്‍ ജിത്തൂന് നമ്മളെന്ത് പേരിടും ?'  
                     
                                     ***************************************

തിങ്കളാഴ്‌ച, ജൂലൈ 22, 2013

വെട്ടയാടപ്പെടുന്നവര്‍

-ഷിബി-

                  ട്രെയിനിന്റെ ജനാലയ്ക്കരികില്‍ അവര്‍ രണ്ടുപേരും അഭിമുഖമായി ഇരുന്നു.അവരന്ന്  പരസ്പരം കണ്ണുകളില്‍ നോക്കിയില്ല.അടുത്തിരിക്കുമ്പോഴും  അവര്‍ അകലങ്ങളിലായിരുന്നു.അവളുടെ മനസ്സ് മനുവിനെ വെറുത്ത്  തുടങ്ങിയിരുന്നു .മനസ്സ് ആവര്‍ത്തിച്ച്  പറഞ്ഞു കൊണ്ടിരുന്നു  'നീ തിരയുന്ന പിശാചിന്റെ  അംശം അവനിലുമുണ്ട്  ,മനുവിനെ വെറുക്കുക' .പക്ഷെ കാലം ലോകത്തെ വെറുക്കാന്‍ മാത്രം പഠിപ്പിച്ചപ്പോള്‍ സ്നേഹത്തിന്റെ ആദ്യ പാഠം പഠിപ്പിച്ചത് അവനായിരുന്നല്ലൊ .താനെന്തിന്  മനുവിനെ വെറുക്കണം, അവനൊരു തെറ്റും ച്യ്തിട്ടിട്ടല്ലോ. മനസ്സുമായി അവള്‍ തര്‍ക്കിച്ചു  കൊണ്ടെയിരുന്നു. ആ  ചിത്രം ഒരിക്കല്‍ കൂടി അവളുടെ മനസ്സില്‍  മിന്നി മറഞ്ഞു. ചിന്തകളില്‍  നിന്നും ഞെട്ടിയുണര്‍ന്ന് അവള്‍ മനുവിനെ നോക്കി. അവന്റെ  കണ്ണുകള്‍  അയാളുടേത് പോലെയല്ല, ചുണ്ട്,മൂക്ക്,മുടി.... അവള്‍ അവനെ ഒന്നുകൂടെ നോക്കി. അയാളുടെ ഒരംശം പോലും അവള്‍ക്ക്  കാണാന്‍ കഴിഞ്ഞില്ല.

                   പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.അവരുടെ മനസ്സുകളില്‍  മൂടിക്കെട്ടിയ ആകാശവും ,ഇടിയും മിന്നലും മാത്രമേ ഉണ്ടായിരുന്നുള്ളൂ, മഴ മാത്രം പെയ്തില്ല.ജനല്‍ കമ്പികളില്‍  ഇടറ്റി വീഴാന്‍   തയ്യാറായി നില്‍ ക്കുന്ന  മഴത്തുള്ളികളെ നോക്കി അവളിരുന്നു.കാലം തന്നെ ജീവിതത്തിന്റെ  പുറത്തേക്കു വലിച്ചെറിഞ്ഞിട്ട്‌ ഇന്നേക്ക്   പന്ത്രണ്ട്  ര്‍ഷം തികയുന്നു.അങ്ങനെയെങ്കില്‍  ജീവിച്ചത് വെറും ആറു  വര്‍ഷം  മാത്രം .പിന്നീടുള്ള പന്ത്രണ്ട്  ര്‍ഷം  പകയുടെ കനല്‍ പൊള്ളിച്ച മനസ്സുമായി ജീവിതത്തിന്റെ പരിധിക്ക്  പുറത്ത്  അയാളെ അന്വേഷിച്ചു നടക്കുകയായിരുന്നു.
                    തീവണ്ടി കൂവിക്കൊണ്ട് യാത്ര തുടര്‍ന്നു.ഓര്‍മകള്‍ അതിലും വേഗത്തില്‍ മനസ്സിന്റെ ഇടവഴികളിലൂടെ പുറകിലേക്ക് പാഞ്ഞു.കാവിലെ ഉത്സവത്തിന്റെ ചെണ്ടയുടെ താളം മുറുകി. അന്നത്തെ ആറുവയസ്സുകാരി അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ച് ഉത്സവപ്പറമ്പിലൂടെ നടന്നു.വാശി പിടിച്ച് കരഞ്ഞപ്പോള്‍ അച്ഛന്‍ ഐസ്ക്രീം  വാങ്ങി കൊടുത്തു. ചന്തയിലെത്തിയപ്പോള്‍  അവള്‍ക്ക്  പാവക്കുട്ടി വേണമായിരുന്നു  .അവളുടെ വെളുത്ത  കൈ നിറയെ അമ്മ കരിവള അണിയിച്ചു.അച്ഛന്റെ കയ്യില്‍ തൂങ്ങി തന്റെ പാവക്കുട്ടിയും പിടിച്ച് അവള്‍ തുള്ളിച്ചാടി നടന്നു .മഞ്ഞു വീഴുന്നതിനും മുന്‍പ് വീട്ടില്‍ പോവാമെന്നു പറഞ്ഞപ്പോള്‍ അവള്‍ക്കു നാടകം നാടകം കാണണമെന്നായി.അമ്മ ശകാരിച്ചപ്പോള്‍ ഉണ്ടകണ്ണ് നിറച്ച് അവള്‍ അച്ഛനെ നോക്കി.അച്ഛന്‍ കണ്ണ് തുടച്ച് നാടകം കാണിക്കാന്‍ കൊണ്ട്പോയി .സ്നേഹം നിറഞ്ഞ ദേഷ്യത്തോടെ അമ്മ പറഞ്ഞു
            "ഇവളുടെ കിന്നാരം ഇച്ചിരി കൂടുന്നുണ്ട് , കൂട്ട് നില്‍ക്കാന്‍  അച്ഛനും ....ഒരച്ഛനും മോളും". 
                 നാടകം പകുതി  ആയപ്പോള്‍  അവള്‍ക്കു വീട്ടില്‍  പോകണം എന്നായി.വീണ്ടും ചന്തയുടെ അടുത്തെത്തിയപ്പോള്‍  വാശി പാവക്കുട്ടിക്ക്‌ കളിക്കാന്‍ ബലൂണ്‍ വേണം "ഞാന്‍  സ്കൂളില്‍ പോയാല്‍  പാവക്കുട്ടി എന്ത് ചെയ്യും ?"
 
                  അങ്ങനെ ഒരു ബലൂണ്‍ കൂടെ വാങ്ങി.വിജനമായ റോഡിലൂടെ  അവര്‍ നടന്നു.ഇരുട്ട് വിഴുങ്ങിയ റോഡില്‍ അവളുടെ കൊഞ്ചലും ചിരിയും മാത്രമേ  കേള്‍ക്കാനുണ്ടായിരുന്നുള്ളൂ.പെട്ടെന്നാണ് ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക്  മുന്നില്‍ ചാടി വീണത്‌.ഭീകരനായ ഒരാള്‍ വടിവാളുകൊണ്ട് അച്ഛനെ തുരുതുരാ വെട്ടി .  ആര്‍ത്തു  കരഞ്ഞപ്പോള്‍  അമ്മയുടെ വയറ്റില്‍ അയാള്‍  കത്തി കുത്തി ഇറക്കി.ഓരോ വെട്ടും ആ പിഞ്ചു മനസ്സില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി.ചത്തെന്ന് ഉറപ്പാക്കി ആ കാലന്‍ ചിരിച്ച ചിരി അവളുടെ മനസ്സില്‍  മായാതെ കിടന്നു.ഊണിലും ഉറക്കിലും അയാളുടെ  മുഖം മനസ്സില്‍ മിന്നി മറഞ്ഞുകൊണ്ടിരുന്നു.അവള്‍  ആ ചിത്രം മനസ്സില്‍ നിന്നും മായാന്‍ അനുവദിച്ചില്ല എന്ന് പറയുന്നതാകും ശരി.അതൊരിക്കലും മങ്ങിപ്പോവാതിരിക്കാന്‍ അവള്‍  ര്‍ത്ത് കൊണ്ടെയിരിക്കുകയായിരുന്നു.ഇന്ന്‌ പന്ത്രണ്ടു വര്‍ഷം  കഴിഞ്ഞിരിക്കുന്നു.അയാള്‍ രൂപത്തിലും ഭാവത്തിലും ഒരുപാട് മാറിയിരിക്കാം.പക്ഷെ  മാറിയാലും അവള്‍ക്കയാളെ തിരിച്ചറിയാനാകും.രക്തസാക്ഷിത്വത്തിന്റെയും   രാഷ്ട്രീയ മുതലെടുപ്പുകളുടെയും അന്വേഷണങ്ങള്‍ അവസാനിപ്പിച്ച് അനാഥമന്ദിരത്തിന്റെ ചുവരുകള്‍ക്കിടയിലേക്ക്  വലിച്ചെറിയപ്പെട്ടനാള്‍ മുതല്‍ അവള്‍ കാത്തിരിക്കുകയാണ് അയാളെ  ഒന്ന്   കാണാന്‍.അയാള്‍ക്ക്‌ മാത്രം   തരാന്‍  കഴിയുന്ന തന്റെ ചോദ്യങ്ങള്ക്കുള്ള ഉത്തരത്തിനായി.
 

                ഒരു ഞെരക്കത്തോടെ വണ്ടി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍  നിന്നു. ഒരപരിചിതരെപ്പോലെ ഒന്നും മിണ്ടാതെ അവര്‍ നടന്നു. അവള്‍ തന്നോട്  ഇനി പഴയതു പോലെ  സംസാരിക്കില്ലായിരിക്കും . അവളുടെ സ്ഥാനത്ത്  താനായിരുന്നെങ്കിലും ഇത് തന്നെ ആയിരിക്കും സംഭവിക്കുന്നത്‌. തന്റെതല്ലാത്ത കാരണം കൊണ്ട് സമൂഹം വേട്ടയാടാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക്  പന്ത്രണ്ട്  വര്‍ഷം തികയുന്നു. സെന്‍ട്രല്‍  ജയിലിലേക്ക് ബസ്സ് കയറുമ്പോള്‍ അവന്റെ ചിന്തകള്ക്ക് തീപിടിക്കാന്‍ തുടങ്ങിയിരുന്നു.ഓരോ കുട്ടിയുടെയും ആദ്യത്തെ ഹീറോ സ്വന്തം അച്ഛനാണെന്ന് പറയാറുണ്ട്‌.തനിക്കും അങ്ങനെ തന്നെയായിരുന്നു.പക്ഷെ അന്നത്തെ ആ പുലരി താന്‍ പണിത  സങ്കല്പ്പത്തിന്റെ കൊട്ടാരങ്ങളെ തകര്‍ത്തു കളഞ്ഞു.അച്ഛന്റെ മടിയില്‍  ഇരുന്ന് ചായ കുടിക്കുംബോഴായിരുന്നു മുറ്റത്ത് പോലീസ് ജീപ്പ് വന്ന് നിന്നത്.വിലങ്ങുകളണിഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍  അച്ഛന്‍  തിരിഞ്ഞു നോക്കിയത് ഓര്‍മയുണ്ട്.പക്ഷെ അന്ന് തന്റെ മനസ്സില്‍  നിന്നും അയാള്‍ ഇറങ്ങിപ്പോയിരുന്നു.പിന്നീട് അച്ഛന്‍ എന്ന വാക്ക് ഉച്ചരിക്കാന്‍  അറപ്പായിരുന്നു.കൊലയാളിയുടെ മകനെന്ന പേര്, നാട്ടുകാരും കൂട്ടുകാരും പറഞ്ഞ കുത്തുവാക്കുകള്‍  അതിനിടയില്‍ അമ്മയുടെ നേര്‍ത്ത കരച്ചില്‍ "നിന്റെ അച്ഛന് അതിന് കഴിയില്ല മോനെ".അച്ഛന്‍ ജയിലില്‍ പോയതിന്റെ കാരണം ഇതുവരെ അന്വേഷിച്ചിട്ടില്ല.അറിയാന്‍ ആഗ്രഹവും ഇല്ലായിരുന്നു.ഒടുവില്‍ തന്റെ കൂട്ടുകാരിയുടെ കണ്ണില്‍ തളം  കെട്ടി നില്‍ക്കുന്ന  ഭയത്തിന്റെ ഉത്തരവാദി തന്റെ അച്ഛനാണെന്ന സത്യം അറിയുമ്പോഴേക്കും ആഗ്രഹിച്ച്  പോയിരുന്നു ജീവപര്യന്തം ശിക്ഷ അന്ന് വധ ശിക്ഷ ആയാല്‍ മതിയായിരുന്നു  എന്ന്.ഒരു മകനും ആഗ്രഹിക്കാന്‍  പാടില്ലാത്തത്.
                              ബസ്സിലിറങ്ങി അവര്‍ ജയിലിലേക്ക് നടന്നു.രണ്ടുപേരുടെയും ഹൃദയത്തില്‍ പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു.വര്‍ഷങ്ങളായി  താന്‍ കൊണ്ട് നടക്കുന്ന ചോദ്യങ്ങളുടെ ഉത്തരം തേടി അവള്‍ വേഗത്തില്‍ നടന്നു.കുറ്റവാളിയെങ്കിലും  അറുത്തുമാറ്റാന്‍ പറ്റാത്ത അച്ഛനെന്ന സത്യത്തിലേക്ക് അവനും.
                              ജയിലിന്റെ ഗേറിന് മുന്നില്‍ അവര്‍ കാത്തു നിന്നു.വാതില്‍  തുറന്ന് വാര്‍ദ്ധക്യം നേരത്തെ പിടിച്ചു ഞെരുക്കിയ ഒരാള്‍ പന്ത്രണ്ട് വര്ഷത്തെ തന്റെ സമ്പാദ്യത്തിന്റെ പൊതിക്കെട്ടുമായി പുറത്തിറങ്ങി.അതുവരെ തല താഴ്ത്തി നിന്ന അവള്‍ വര്‍ഷങ്ങളുടെ  എരിയുന്ന പുകയുമായി അയാളെ നോക്കി .പഴയ ചിത്രം പലതവണ മനസ്സില്‍ മിന്നി മാഞ്ഞു.മനസ്സില്‍ ആയിരം മുറിവുകള്‍ക്കൊപ്പം ഒരു മുറിവുകൂടി ഏറ്റപ്പോള്‍ അവള്‍ കരഞ്ഞു. "ഇത് അയാളല്ല..........ഇത് അയാളല്ല.........." മനു അപ്പോഴേക്കും തിരിഞ്ഞ്  നടന്നിരുന്നു.നിറകണ്ണുകളോടെ അയാള്‍ വിളിച്ചു "മോനെ മനു......"അവനത് കേട്ടതേയില്ല.അയാളുടെ കണ്ണുകളില്‍ നിന്ന് വെട്ടയാടപ്പെടുന്നവന് പറയാനുള്ളത് അവള്‍ക്ക് വായിച്ചെടുക്കാമായിരുന്നു. 
Protected by Copyscape DMCA Takedown Notice Infringement Search Tool