"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

തിങ്കളാഴ്‌ച, ഫെബ്രുവരി 01, 2016

പഴയ പുസ്തകത്തിന്‍റെ മണം

-ഷിബി

പഴയ പുസ്തകത്തിന്‍റെ മണം ഇഷ്ടാണോ?
ഇതെന്തൊരു ചോദ്യം എന്നാകും. ജൂണ്‍ മാസത്തിലെ മഴ നനഞ്ഞ പുതിയ യുനിഫോമിന്റെ മണം..., പുള്ളിക്കുടയുടെ മണം...ഗള്‍ഫീന്ന് കൊണ്ടുവന്ന പെന്നുകൊണ്ട് എഴുതിയ നോട്ടുബുക്കിന്‍റെ മണം.. പുതിയ പുസ്തകത്തിന്‍റെ മണം....ഇതൊക്കയല്ലേ നമ്മുടെ നൊസ്റ്റാള്‍ജിയ. പക്ഷെ എന്റെ ഓര്‍മകള്‍ക്ക് ഇപ്പഴും പഴയ പുസ്തകത്തിന്‍റെ മണം ആണ്.അനു തന്ന പുസ്തകത്തിലെ കുട്ടികൂറ പൌഡര്റിന്റെ മണം( അവള്‍ അത് ഇടക്ക് എടുത്ത് പൂശാന്‍ വച്ചതാണോ അല്ല പുസ്തകത്തിന്‌ മണം വരുത്താന്‍ വച്ചതാനോന്നു അറിയില്ല.)... കുട്ടന്‍ തന്ന പുസ്തകങ്ങളിലെ കരിഞ്ഞ കാറ്റാടി ഇലയുടെ മണം..അന്ന് വെളിച്ചം കാണാതെ വച്ചു വിരിയിക്കാന്‍ മയില്‍ പീലി കിട്ടാത്തത് കൊണ്ട് കാറ്റാടി മരത്തിന്‍റെ ഇല അടവച്ച് വെറുതെയെങ്കിലും കാതിരിക്കരുണ്ടായിരുന്നു ഞങ്ങള്‍..പുസ്തകം തീനി പുഴുവിന്റെ മണം..മണ്ണെണ്ണ വിളക്കിന്റെ പുകയുടെ മണം..വായന ശാലയിലെ പുസ്തകെട്ടുകള്‍ക്കിടയില്‍ നിന്ന് തപ്പിയെടുക്കുന്ന പെജിളകിയ കഥാ പുസ്തകത്തിന്‍റെ മണം..ഓര്‍മകള്‍ക്കും പഴമയുടെ മണം..
ആ കാലത്ത് സ്കൂള്‍ പൂട്ടിയാല്‍ ആദ്യത്തെ പരിപാടി അടുത്ത കൊല്ലത്തേക്കുള്ള പുസ്തകം മുതിര്‍ന്ന ക്ലാസ്സുകാരുടെ അടുത്ത് ആദ്യമേ പറഞ്ഞു വെക്കല്‍ ആണ്.അല്ലെങ്കില്‍ പിന്നെ കിട്ടി എന്ന് വരില്ല.ഇന്നത്തെ പോലെ സ്കൂളില്‍ പോവുന്ന എല്ലാരും പാസ്സാകുന്ന കാലം അല്ലാത്തത് കൊണ്ട് റിസള്‍ട്ട് വന്നിട്ട് തരാം എന്നാകും മറുപടി. അതുകൊണ്ട് തന്നെ അവര് പാസ്സാകണേ എന്ന് നമ്മളും പ്രാര്‍ഥിക്കും.അങ്ങനെ നമ്മടെ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ട് അവരങ്ങ്‌ പാസ്സാകും. വീണ്ടും ചെല്ലുമ്പോ അല്‍പ്പം വിഷമത്തോടെ അവര് പുസ്തകം എടുത്ത് തരും.ഒരുകൊല്ലം മുഴുവന്‍ പഠിച്ച പുസ്തകതോടുള്ള ആദ്മ ബന്ധം കൊണ്ടുള്ള വിഷമം അല്ലാ എന്ന് അടുത്ത ഡയലോഗ് കേട്ടാല്‍ മനസിലാകും.
“ പുസ്തകം വേറെ ആര്‍ക്കെങ്കിലും കൊടുത്തിരുന്നേല്‍ പകുതി കാശ് കിട്ടിയേനെ.നിന്‍റെ അടുത്ത് നിന്നും ഇപ്പൊ എങ്ങനാ കാശ് മേടിക്കുന്നെ.”
അത് കേട്ടില്ലെന്നു നടിച്ചു സന്തോഷത്തോടെ ഞാന്‍ പുസ്തകം വാങ്ങും.വീട്ടില്‍ എത്തിയാല്‍ ആദ്യത്തെ പണി അറ്റം മടങ്ങിയ പേജുകളൊക്കെ നിവര്‍ത്തി നേരെയാക്കള്‍ ആണ്.എന്നിട്ട് അതിനു മുകളില്‍ കനമുള്ള വല്ലതും എടുത്ത് വെക്കും.പിറ്റേ ദിവസത്തേക്ക് നിവര്‍ന്നോളും.ഉപ്പൂത്തി മരത്തിന്‍റെ തളിരു ഭാഗം പൊട്ടിച്ചാല്‍ ഉരി വരുന്ന കറ നല്ല പശയാണ്. അതെടുത്തു പറഞ്ഞുപോയ ചട്ടയും കീറിയ പേജുകളും ഒക്കെ ഒട്ടിച് പുസ്തകത്തെ കുട്ടപ്പനാക്കി എടുക്കുന്നതാണ് അടുത്ത ഘട്ടം.അത് കഴിഞ്ഞ് നല്ല ബ്രൌണ്‍ പേപ്പര്‍ വാങ്ങി വൃത്തിയായി പൊതിഞ്ഞു അതില്‍ നെയിം സ്ലിപ്പ് ഒക്കെ ഒട്ടിച്ചു പത്രാസ് ആക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും, വിലകൂടിയ ആഗ്രഹം ആയതുകൊണ്ട് അതങ്ങ് വേണ്ടെന്നു വെക്കും.അടുത്ത ഒപ്ഷന്‍ പത്രം ആണ്.സ്പോര്‍ട്സ് പേജില്‍ , സെഞ്ചുറി അടിച്ചു, ബാറ്റും ഹെല്‍മെറ്റും പൊക്കി അട്ടം നോക്കി നില്‍ക്കുന്ന സച്ചിന്റെ ചിത്രം ഉണ്ടാകും.അതിലും മാസ് ഒന്നും അല്ല ഈ ബ്രൌണ്‍ പേപ്പറും നെയിം സ്ലിപ്പും ഒന്നും.പോതിയിട്ടു കഴിഞ്ഞാല്‍ അച്ഛന്റെ തയ്യല്‍ ഷോപ്പിലേക്ക് ഒരൊറ്റ ഓട്ടം ആണ്.അവിടെ മുണ്ടും സാരിയും ഒക്കെ കൊണ്ട് വരുന്ന പ്ലൈന്‍ പ്ലാസ്റ്റിക് കവര്‍ ഉണ്ടാകും അതെടുത്തു ഒരു പൊതി കൂടെ അങ്ങ് ഇടും.സംഗതി ക്ലാസ് ആയി.. ഈ പുസ്തകം പൊതിയല്‍ ഒരു കല തന്നെയാണുട്ടോ.
ലേബര്‍ ഇന്ത്യയും സ്കൂള്‍ മാസ്ററും ഇല്ലാത്ത അവസ്ഥ സങ്കല്പിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.ഒരെണ്ണം മേടിച്ചു തരാന്‍ പറഞ്ഞാല്‍ കാശില്ലെന്ന് പറയുന്നതിന് പകരം അച്ഛന്‍ നല്ല ഗൌരവത്തില്‍ പറയും.
“ ഇനി ഇപ്പൊ അതിന്റെ ഒരു കുറവും കൂടിയേ ഉള്ളു.ഒക്കെ അതും നോക്കി കോപ്പി അടിച്ചു വെക്കാനല്ലേ.”
പറഞ്ഞത് കാര്യം ആണെങ്കിലും അതില്ലാതെ വല്യ ബുദ്ധിമുട്ടാണ്.ഹോം വര്‍ക്കും അസൈന്‍മെന്റും പ്രോജെക്ടും ഒക്കെ എവിടുന്നെങ്കിലും പകര്‍ത്തി വെക്കണ്ടേ.അതുകൊണ്ട് ആരോടെങ്കിലും ചോദിച്ചു അതും പഴയത് അങ്ങ് ഒപ്പിക്കും.
എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയപ്പോള്‍ ടെക്സ്റ്റ്‌ ബുക്ക് എന്നാ സങ്കല്‍പ്പം പാടെ മാറി ഫോട്ടോസ്റ്റാറ്റു പുസ്തകങ്ങളുടെ കാലം ആയി.ആര്‍ക്കെയുടെ ഫോട്ടോസ്റ്റാറ്റുകടയില്‍ ചെന്നാല്‍ ഏതു വിഷയത്തിന്റെയും ടെക്സ്റ്റ്‌ കിട്ടും.അങ്ങേര്‍ക്കു ഞങ്ങളെക്കാളും പഠിപ്പിക്കുന്ന സാറുമാരെക്കാളും എഞ്ചിനീയറിംഗ് സിലബസ് നന്നായി അറിയാം.വില തുച്ഛം ഗുണം മിച്ചം.എന്നാലും അതും പുതിയതൊന്നും വാങ്ങില്ല കേട്ടോ.പരീക്ഷ അടുക്കുമ്പോ സീനിയേര്സിന്റെ റൂമില്‍ പോയി ഒന്ന് സോപ്പിടും. എന്നിട്ട് റാക്കിന്റെ മുകളിലെ പഴയ ബിയര്‍ ബോട്ടിലുകളുടെയും ആക്രി സാദനങ്ങളുടെയും ഇടയില്‍ നിന്നും പൊടിപിടിച്ച പഴയ പുസ്തകം തപ്പിയെടുക്കും.ഈ പരിപാടി സെമിസ്റ്ററിന്റെ തുടക്കത്തില്‍ ചെന്ന് ചോദിച്ചാല്‍ അവര്‍ കാശ് ചോദിക്കും.പരീക്ഷയുടെ തലേന്ന് ആണെങ്കില്‍ പഠിച്ചിട്ടു മറ്റന്നാള്‍ തരാം എന്ന് പറഞ്ഞാ മതീലോ.
അങ്ങനെ പഴയ പുസ്തകങ്ങളുടെ മണങ്ങളാല്‍ സമ്പന്നമായിരുന്നു. പഠന കാലം.ചില മണങ്ങള്‍ അങ്ങനെയാണ് ഓര്‍മകളില്‍ തങ്ങി നില്‍ക്കും മനസ് എത്ര അലക്കി ആറിയിട്ടാലും അത് പോവില്ല.
അങ്ങനവാടിയില്‍ പുസ്തകങ്ങള്‍ ഇല്ലാതിരുന്നത് നന്നായി.അല്ലെങ്കില്‍ ആ ഓര്‍മകള്‍ക്കും അതെ മണം തന്നെ ആയേനെ.തെക്കേലെ മാമാട്ടി ചേച്ചിയും, പുലരിലെ അര്‍ജുനും, ഒരവിലെ ജിമ്നെച്ചിയും കോളേജിലെ സഫീരിക്കായും ശാലിനി ചേച്ചിയും വിജെഷേട്ടനും ഒക്കെ പുസ്തകങ്ങള്‍ വൃത്തിയായി വച്ചു കടം തന്നു തന്നു സഹായിച്ചിട്ടുണ്ട് അതൊന്നും മറന്നിട്ടില്ല.ഇന്നും കോഴിക്കോട് സ്റ്റേഡിയത്തിന്റെ അടുത്തൂടെ പോകുമ്പോ എന്നെ മാടി വിളിക്കുന്നതും പഴയ പുസ്തകങ്ങള്‍ തന്നെ.
ഓര്‍മകളുടെ മണം ഒരുമാതിരി മത്ത് പിടിപ്പിക്കുന്ന മണം തന്നെയാണ്.

1 comments:

ajith പറഞ്ഞു...

പുസ്തകങ്ങൾ പഴകിയേക്കാം
അക്ഷരങ്ങൾ പഴയതാകുന്നതേയില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Protected by Copyscape DMCA Takedown Notice Infringement Search Tool