"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

വെള്ളിയാഴ്‌ച, ജൂലൈ 10, 2015

ചെമ്പരത്തി

-ഷിബിൻ ബാലകൃഷ്ണൻ -

സിദാൻ മെറ്റരാസിയെ തല കൊണ്ട് ഇടിച്ചത് മാത്രം റഫറി കണ്ടു, ലോകം കണ്ടു. വധി പ്രഖ്യാപിക്കുന്നവർക്ക് കണ്മുന്നിലെ കാഴ്ചകൾ മാത്രം മതിയല്ലോ. കാരണങ്ങൾ  കാണാൻ
കണ്ണിൻറെ കാഴ്ച മതിയാവില്ല. ലോക കിരീടം നഷ്ട്ടപ്പെട്ട്, നായകൻറെ ബാൻഡ് ഊരിവെച്ച് തല താഴ്ത്തി നടന്നുപോകുന്ന സിദാന്റെ ചിത്രം മനുവിനെ ഒട്ടും വേദനിപ്പിച്ചില്ല. അയാൾക്കറിയാമായിരുന്നു ഫുട്ബോൾ ഒരു പന്തിന്റെ പുറകെ പത്തിരുപതുപേർ പാഞ്ഞു നടക്കുന്ന ഒരു കളി മാത്രമല്ല അതിനുള്ളിൽ പച്ചയായ ജീവിതവും വികാരങ്ങളും ഉണ്ടെന്ന്‌.
                പത്രം മടക്കി വെച്ച് ജയിലിന്റെ വരാന്തയിലൂടെ തിരിച്ചു നടന്നു. ഗ്യാലറിയുടെ ആരവം അയാളുടെ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
                ഓർമകളിലേക്കൊരു  യാത്ര പോവുകയാണെങ്കിൽ ആ യാത്രയിൽ ഉടനീളം  ഒരു നിഴൽ  പോലെ ഫുട്ബോൾ കൂട്ടിനുണ്ടാകും. കുട്ടിക്കാലത്് വിശന്നു കരയുമ്പോൾ അമ്മ പറയുമായിരുന്നു 
                   '' നിന്ന് മോങ്ങാതെ എവിടെയെങ്കിലും പോയ്‌ കളിക്ക്.''
                ഗ്രൗണ്ടിൽ ഇറങ്ങിയാൽ പിന്നെ ലോകം മുഴുവൻ ആ പന്തിലോട്ട്  ചുരുങ്ങും. വിശപ്പും സങ്കടങ്ങളും നിരാശകളും ഒക്കെ ആ പന്തിനു  മുന്നില് ഒന്നും അല്ലാതായിത്തീരും.
                    സ്കൂളിലും  കോളേജിലും ഒക്കെ എത്തിയപ്പോഴും ക്ലാസ്സു കഴിഞ്ഞാൽ ഉടൻ മൈതാനത്തെത്തും. ചിലപ്പോൾ ക്ലാസ്സുള്ളപ്പോഴും അവിടെത്തന്നെ ആയിരിക്കും. കളിക്കാൻ കൂട്ടിനാരും ഇല്ലെങ്കിലും ആ വലിയ മൈദാനത്ത് ഒറ്റയ്ക്ക് പന്ത് തട്ടി കളിക്കും. ഫുട്ബോളുമായി പിണങ്ങിയപ്പോഴാണ്‌ ഷഹാനയുമായി ചങ്ങാത്തത്തിലായത്.

                      കോളേജ് ഗെയിംസിൽ മേക്കാനിക്കലും ഇ.സിയും തമ്മിലുള്ള ഫൈനൽ മാച്ച്.
ബോക്സിനുള്ളിലെ ഒരു കൂട്ട പോരിച്ചിലിനോടുവിൽ തെറിച്ചു വീഴുംബൊൾ അത് കുറച്ചു
 കാലതതേക്കെങ്കിലുംഗ്രൗണ്ടിൽ ഇറങ്ങാതിരിക്കാനുള്ള ചുവപ്പ് കാർഡ്‌ ആകുമെന്ന് കരുതിയിരുന്നില്ല. ചോരയൊലിക്കുന്ന നെറ്റിയും എല്ലുപോട്ടിയ കയ്യും കുത്തിപ്പറിക്കുന്ന വേദനയുമായി കൂട്ടുകാരുടെ ചുമലിൽ താങ്ങി ഗ്രൌണ്ടിനുപുറത്തേക്ക്‌ നടന്നു. ഗ്രൗണ്ടിലും  പുറത്തും ഗോളടിച്ചതിന്റെ ആഘോഷങ്ങൾ. ഒരു പെണ്‍കുട്ടി ഷാൾ ഊരി  നെറ്റിയിലെ മുറിവിൽ കെട്ടി. ചുറ്റുപാടുകൾ ഒന്നടങ്കം കറങ്ങുന്നത് പോലെ. കണ്ണ് പതിയെ അടഞ്ഞു. ഒറ്റ വീഴ്ച.

                          ബോധം വരുംബോൾ നെറ്റിയിൽ സ്റ്റിച്ചിട്ട് കയ്യിൽ  സ്റ്ററിട്ട് ആശുപത്രി കിടക്കയിൽ ആയിരുന്നു.
                           ഒരാഴ്ച കഴിഞ്ഞ് പ്ലാസ്‌റ്ററിട്ട കൈ കഴുത്തിൽ കെട്ടിത്തൂക്കി ഗ്രൗണ്ടിൽ വൈകുന്നേരം പതിവുപോലെ കോളേജിലെത്തി. ഗ്രൗണ്ടിൽ പതിവുപോലെ വൈകുന്നേരം കളി നടക്കുന്നുണ്ടായിരുന്നു. ഗ്രൌണ്ടിനു വശങ്ങളിൽ ഗുൽമോഹർ മരങ്ങൾ  മുഖം ചുവപ്പിച്ചു നിൽക്കുന്നു. മരത്തിനു താഴെ കൽപ്പടവിൽ മനു ഇരുന്നു. അന്നാദ്യമായി അയാള് വെറുമൊരു കാഴ്ചക്കാരൻമാത്രമായി. പൊട്ടിയ കയ്യുടെ വേദനയെക്കാൾ പുറത്താക്കപ്പെട്ടവന്റെ മുറിഞ്ഞ മനസ്സായിരുന്നു കൂടുതൽ വേദനിപ്പിച്ചത്.
                   '' ഹലോ .......ഇയാള് വീണ്ടും ഗ്രൗണ്ടിൽ എത്ത്യോ  ?"
                ഒച്ച കേട്ട് മനു ചിന്തയിൽ  നിന്നും ഉണർന്നു.അലസമായി വലിച്ചിട്ട തട്ടം, നെറ്റിയിലേക്ക് ഊർന്നു വീണ മുടിയിഴകൾ , സുറുമയിട്ട കണ്ണുകൾ.ആളെ പരിചയമില്ലെങ്കിലും എന്തുകൊണ്ടോ അയാൾക്ക് അപരിചിതത്വം തോന്നിയതേയില്ല.
               
                 '' ഈ ഗ്രൌണ്ട് വിട്ട് അങ്ങനങ്ങ് പോവാൻ പറ്റുമോ ആ പന്തല്ലേ മ്മളെ ജീവിക്കാൻപ്രേരിപ്പിക്കുന്നെ.''
                                   '' ഇങ്ങള് ആള് കൊള്ളാലോ ''
ഊർന്നു  വീണ തട്ടം നേരെയാക്കി അവൾ കൽപ്പടവിൽ ഇരുന്നു.
                '' മനുന്നല്ലേ ഇങ്ങളെ പേര്.......ഇങ്ങക്കിവിടെ ഒരുപാട് ഫാൻസുണ്ടെന്ന്  പറഞ്ഞു കേട്ടിട്ടുണ്ട് ''
                   ആ പറഞ്ഞത് ഇഷ്ടപ്പെട്ടെങ്കിലും വിനയം നടിച്ച് മനു ചോദിച്ചു.
'' ഉം , എന്താ ഇയാള്ടെ പേര്.''
ഞാൻ ഷഹാന, ഈ സിയിലാ ''
കോളേജിലെ ആദ്യത്തെ പെണ്‍  സുഹൃത്ത്‌.മെക്കാനിക്കൽ ക്ലാസ്സിന്റെ വരണ്ട മരുഭൂമിയിൽ നിന്നും മഴ തേടി ഈസിയിലും സി എസ്സിലും സിവിലിലും ഒന്നും കയറി ഇറങ്ങാത്തത് കൊണ്ട് , ഫുട്ബോളും കുറച്ച്  ചങ്ങാതിമാരും അല്ലാതെ മറ്റൊരു ലോകം ഇല്ലായിരുന്നു.കുറച്ചു നേരം കൂടി വർത്തമാനം  പറഞ്ഞിരുന്ന് പോവാനോരുങ്ങിയപ്പോൾ ഷഹാന ചിരിച്ചുകൊണ്ട് ചോദിച്ചു.
                                '' മാഷെ........ഇന്റെ ഷാളേടെ....... ?''
                             '' അയ്യോ , അത് തന്റെ ഷാളായിരുന്നോ ?'' 
''മ്മള് ചാങ്ങായിമാരായ  സ്ഥിതിക്ക് അത് പറ്റ് ബുക്കിൽ എഴ്ത്തിക്കോ ''
                       പിന്നീടങ്ങോട്ട് പലപ്പോഴായി വാങ്ങിയ കടങ്ങൾ എഴുതി വെയ്ക്കാനാനെങ്കിൽ ഒരു പുസ്തകം മതിയാവില്ല.പണം കൊണ്ട് മാത്രം വീട്ടാനാവാത്ത എത്രയോ കടങ്ങൾ.
                        ആകസ്മികമായ ചില കണ്ടുമുട്ടലുകൾ, കൊച്ചു കൊച്ചു സംഭാഷണങ്ങൾ, വെറുതെ പറഞ്ഞു പോകുന്ന ചില തമാശകൾ, ഒരു നിറഞ്ഞ പുഞ്ചിരി ഇതിനിടയിൽ ഒരു മനോഹരമായ സൗഹൃദത്തിനു തുടക്കമായി അവർ പോലും അറിയാതെ.വർഷങ്ങൾക്കു  ശേഷം തിരിഞ്ഞു നോക്കുമ്പോൾ  ആ ഒരു നിസ്സാര കാര്യത്തിൽ  നിന്നാണല്ലോ അവർ പരസ്പരം അടുത്തതെന്നോർത്ത് അറിയാതെ പുഞ്ചിരിക്കും.
      '' ന്ന പിന്നെ ഞാൻ പോട്ടെ......................?"
''നാളെ കാണുമോ....................?''
ചിരിച്ചുകൊണ്ട്  അവൾ ചോദിക്കും 
'' എന്തിനാ കാണുന്നെ.......?''
'' ചുമ്മാ''
                            '' ഉം.........ചെലപ്പോ കാണും,ചെലപ്പോ കാണൂല്ല, ഒരിക്കെ ഒരു മാജിക് പോലെ പെട്ടെന്നങ്ങ് അപ്രത്യക്ഷമാകും.''

                       
 *********************************************
                           പരിക്കുകൾ ഭേദമായിതുടങ്ങി.കാഴ്ചക്കാരന്റെ വേഷം മാറ്റി കളിക്കാരന്റെ  ജേഴ്സി അണിഞ്ഞു.വാകച്ചുവട്ടിൽ ഷഹാന തനിച്ചായി.കളിക്കുന്നത് ഗ്രൗണ്ടിൽ ആണെങ്കിലും മനസ്സ് ആ മരച്ചുവട്ടിൽ നിന്ന് തിരിച്ചു വരാൻ വിസ്സമ്മദിച്ചു.ഫുട്ബാൾ പലതവണ പിണക്കം നടിച്ച് പിടി തരാതെ ഓടി മറഞ്ഞു.ഓരോ ഗോളും അവൾ കാണാൻ വേണ്ടി മാത്രം അടിക്കുന്നതായി അയാൾക്ക് തോന്നി.
                         ചില ദിവസങ്ങളിൽ അയാള് പതിവിലും നേരത്തേ കളി നിർത്തും.ഗുൽമോഹറിന്റെ തണലും , ഷഹാനയും ഫുട്ബോളുപോലെതന്നെ അയാളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു.
 '' ഷഹാനയ്ക്ക് ഫുട്ബോൾ ഇഷ്ടാണോ.............?''

                 '' അങ്ങനെ ചോയിച്ചാ ഞാനെന്താ പറയ്യാ.........ചെല ആൾക്കാരെ വെറുക്കുംബൊ അവരുമായി ബന്ധപ്പെട്ട പലരും നമ്മുടെ ഹേറ്റ് ലിസ്റ്റിൽ കടന്നു കൂടും.അങ്ങനെ വന്നപ്പോ ഫുട്ബോളും ഇഷ്ടല്ലാണ്ടായി.''
 
'' അതാരാപ്പാ ഫുട്ബോളിനെ പറയിപ്പിച്ച ചങ്ങായി ?''
                 '' ഇന്റെ ഇക്കാക്കാ......ഓൻ  ഓന്റെ കോളേജിലെ ടീമിന്റെ ക്യാപ്റ്റനൊക്കെ ആണുപോലും.''
'' ഇക്കാക്കെ ഒക്കെ ആരേലും വേറുക്ക്വോ?''
                        അവളാചോദ്യം കേട്ടതായിപ്പോലും നടിച്ചില്ല.കയ്യിലുള്ള പുസ്തകത്തിന്റെ താളുകൾ അലസമായി മറിച്ചിട്ട് അവൾ പറഞ്ഞു.
           '' മാഷെ, പറ്റ് ബുക്ക് നിറയാറായിട്ടോ.......എല്ലാം കൂടെ എത്രയായീന്ന് അറിയാമോ?''
                                  വല്ലപ്പോഴും സെവൻസ് കളിക്കാൻ പോയാൽ കിട്ടുന്ന കാശാണ്‌ ഏക വരുമാനം.അതിന്റെ ഒരു പങ്ക് വെച്ച് കടം വീട്ടാൻ ശ്രമിക്കാറുണ്ടെങ്കിലും  അടുത്ത ദിവസം തന്നെ പുതിയ ലോണ്‍ എടുക്കുന്നത് കൊണ്ട് കടം കൂടിക്കൊണ്ടേയിരിക്കും.
                          കളി തുടങ്ങിയതോടെ ഷഹാനയോടോത്തുള്ള സമയവും കുറഞ്ഞു തുടങ്ങി.ഇടയ്ക്ക് അവളുടെ ക്ലാസ്സിനടുത്തൂടെ രണ്ട് റൌണ്ടടിക്കും.കണ്ണിൽപ്പെട്ടാൽ ഉടനെ ഓടിവരും.
                         
                                   '' സഖാവിന് ഇന്നിനി എത്രയാണാവോ വേണ്ടത്.......?"
                                ക്ലാസുകൾ മടുത്ത് തുടങ്ങിയപ്പോൾ കട്ട് ചെയ്ത് പുറത്ത് ചാടുന്നത് പതിവായി.പലരും കളിയാക്കിത്തുടങ്ങി.മെക്കാനിക്ൽ ക്ലാസ്സിന്റെ ബോർഡിൽ ചങ്ങായിമാർ           '' തട്ടത്തിൻ മറയത്ത്  ii '' എന്നുള്ള കമ്മന്റ് വരെ ഇട്ടു.അവരതൊന്നും കാര്യമാക്കാതെ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളും കാര്യങ്ങളും പറഞ്ഞു ക്യാമ്പസ്സിൽ പാറി നടന്നു.
                  
                           മനുവിന്റെ പിറന്നാൾ ദിവസം, കൂട്ടുകാരോടോത്തുള്ള ആഘോഷങ്ങളും ട്രീടും കഴിഞ്ഞ് കോളേജിൽ എത്തുമ്പോൾ ഷഹാന മരച്ചുവട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നു.കണ്ടപാടെ ഷാളിനടിയിൽ ഒളിപ്പിച്ചു വെച്ച ചെമ്പരത്തിപ്പൂ നീട്ടി പറഞ്ഞു. ''ഹാപ്പി ബർത്ത് ഡേ ''
              ചെമ്പരത്തിപ്പൂ കണ്ടപ്പോഴേക്ക് മനുവിന് ചിരി വന്നു.പൂ വാങ്ങി നേരെ ഷഹാനയുദെ ചെവിയില വെച്ചു കൊടുത്തു.
'' ഇപ്പാണ് അടിപൊളി ആയത്.''
              അവളുടെ മുഖം വാടി വീണ ചെമ്പരത്തി പോലെയായി.
                           '' എല്ലാരും എന്താ ചെമ്പരത്തിയോട് ഇങ്ങനെ കാണിക്കുന്നേ ? ഒരു പാവം പൂവല്ലേ അത്.എപ്പോഴും തനിച്ചായിരിക്കും.ഒരു ഞെട്ടിൽ ഒരു പൂവേ കാണൂ.ഒരു അഹങ്കാരവും ഇല്ലാത്ത പാവം.ഇപ്പോഴും  താഴ്ത്തിയെ ഇരിക്കൂ.മുള്ളുള്ള റോസാപ്പൂവിനെക്കാൾ  എനിക്കിഷ്ട്ടം ചെമ്പരത്തി തന്നെയാ."
                  ഷഹാന നിലത്തിട്ട ചെമ്പരത്തി കയ്യിലെടുത്ത് അയാൾ ചെന്ന് അടുത്തിരുന്നു.
                              '' shahana................this is the best birthday gift i ever get......thanks.......പിന്നെ ഈ കടങ്ങളൊക്കെ ഇപ്പഴാണ് വീട്ടിത്തീർക്കുക എന്ന് എനിക്കൊരു ഐഡിയയും ഇല്ലാട്ടാ..."
                      അയാളുടെ മനസ്സുനിറയെ ചിന്തകളായിരുന്നു.താനൊരു കടക്കാരനാണ്.പണം കൊണ്ടും സ്നേഹം കൊണ്ടും.അവളൊന്നും മിണ്ടിയില്ല. സുറുമയിട്ട കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു തുളുമ്പി.
                   '' ഡാ.................എനിക്കൊരു താലിച്ചരടിന്റെ സുരക്ഷിതത്വം തരാമോ............? ''
                         അപ്രതീക്ഷിതമായൊരു ചോദ്യം.എന്തൊക്കെയോ പറയാനുണ്ടെങ്കിലും വാക്കുകൾ 
പുറതെത്ത്തുംബോഴേക്കും മരിച്ചു വീണു ഒരു നീണ്ട മൗനം.
                        '' മറുപടിക്ക് വേണ്ടി ചോദിച്ച ചോദ്യല്ല, വിട്ടേക്ക്.."
              ഷഹാന കണ്ണീരൊപ്പി ചിരിച്ചുകൊണ്ട് വീണ്ടും അവളുടെ ചെമ്പരത്തിയെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.പലതരം ചെമ്പരത്തികളുള്ള പൂന്തോട്ടതെക്കുറിച്ചും. നാളെ വിരിയാൻ കാത്തിരിക്കുന്ന വെള്ള ചെമ്പരത്തിയെക്കുറിച്ചും.അങ്ങനെ പലതും.
                         മനസ്സിൽ ചിന്തകളുടെ തിരയിളക്കം അവസാനിക്കാത്തത് കൊണ്ട് അയാള് എല്ലാം മൂളിക്കേട്ടു.സൂര്യൻ കോളേജ് മതിൽ ചാടിക്കടന്നിട്ടും ഷഹാന പോയില്ല.ആകാശം അവളുടെ കരഞ്ഞു കലങ്ങിയ കണ്ണ് പോലെ ചുവന്നപപോൾ അയാൾ ചോദിച്ചു
'' ഷഹാനാ, ഇരുട്ടാവാറായി ഒറ്റയ്ക്ക് പോവാൻ പേടിയാവില്ലേ.......?"
            ബാഗെടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു.
                         '' നട്ടപ്പാതിരയ്ക്ക് ഒറ്റയ്ക്ക് ഇവെടുന്ന് പോയാലും ഞാൻ
സുരക്ഷിതയായിരിക്കും.പക്ഷെ എനിക്കാ  വീട്ടിലേക്ക് പോവാൻ പേടിയാ......"
 
                         '' എനിക്കൊന്നും മനസ്സിലാകുന്നില്ല ഷഹാനാ........."
           മേഘങ്ങൾ ചിത്രങ്ങൾ തീർക്കുന്ന ആകാശം പോലെയാണ് അവളുടെ മുഖം.ഞൊടിയിടയിൽ ഭാവവും വിഷയവും മൂഡും എല്ലാം മാറി മറയും.പൂർണമായും വിരിയാത്ത ഒരു ചിരിയോടെ സിനിമാ സ്റ്റൈലിൽ അവൾ പറഞ്ഞു.
 
                '' നിനക്കൊന്നും മനസ്സിലാവില്ല................ാരണം, നീ കുട്ടിയാണ് കുട്ടി......പോട്ടെ...?''
  
                           രാത്രി മുഴുവൻ മനസ്സ് ഷഹാാനയുദെ ചോദ്യത്തിനുള്ള ഉത്തരത്തിന് വേണ്ടി പരതുകയായിരുന്നു.ചിന്തകൾ മൈദാനത്തെ ഫുട്ബാൾ പന്തുപോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു കളിച്ചു.ഒടുവിൽ ഗോളാവാതെ പോസ്റ്റിനു പുറത്ത് പോവുന്ന പെനാൾട്ടി  കിക്കുപോലെ ഉറക്കത്തിലെക്കുള്ള വീഴ്ച.
                  രാവിലെ കൂട്ടുകാർ വാതിലിന് മുട്ടുന്നത് കേട്ടാണ് കണ്ണു തുറന്നത്.
'' ഡാ ഷഹാന പോയി..............''
                            '' എന്ത്........?''
'' അളിയാ............അത് പിന്നെ...സൂയിസൈട് ആയിരുന്നു.''
                   താനിപ്പോഴും ഉറക്കമുണർന്നിട്ടില്ലെന്നും  എന്തോ ഒരു  ദുസ്വപ്നത്തിലാനെന്നും അയാൾക്ക് തോന്നി.ഒരവസരം  പോലും നൽകാതെ വലയിലേക്ക് തുളച്ചു കയറിയ പന്ത് നോക്കി നിൽക്കുന്ന ഗോളിയെപ്പോലെ അയാള് നിസ്സഹായനായി.ഓർമയുടെ മഴവെള്ളപ്പാച്ചിലിൽ പല വഴി ഒഴുകി.ചില ശബ്ദങ്ങൾ ചെവി പോട്ടുമാറൊച്ചത്തിൽ വീണ്ടും മുഴങ്ങിക്കേൾക്കുന്നു.
                      '' ചില ആൾക്കാരെ വെറുക്കുംബൊ അവരുമായി ബന്ധപ്പെട്ട പലരും നമ്മുടെ ഹേറ്റ് ലിസ്റ്റിൽ കടന്നു കൂടും.''

'' ആ വീട്ടിൽ പോവാൻ എനിക്ക് പെടിയാഡാ.''
'' എനിക്കൊരു താലിച്ചരടിന്റെ സുരക്ഷിതത്വം തരാമോ......."

....................................................................
                             മനസ്സിൽ , വാടി  വീണ ഒരു ചെമ്പരത്തിപ്പൂവുമായി അയാള് പിന്നെയും ക്യാമ്പസ്സിലെലെത്തി.കരയുംബോഴും ചിരിക്കുംബൊഴും കൂട്ടിനെന്നും ഫുട്ബോൾ ഉണ്ടായിരുന്നു.ചങ്ക് പറിച്ചെടുത്ത വേദനയിലും അയാൾ പന്ത് തട്ടി.ഗോളടിക്കുമ്പോൾ കയ്യടിക്കാൻ വാകമരച്ചോട്ടിൽ അവളില്ലെങ്കിലും കണ്ണ് ആ മരച്ചുവട്ടിൽ നിന്നും മടങ്ങി വരാൻ മടിച്ചു.ചില നഷ്ടപ്പെടലുകൾ അങ്ങനെയാണ്.ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് നമുക്കറിയാമെങ്കിലും മനസ്സ് അത് വിശ്വസിക്കാൻ കൂട്ടാക്കില്ല.
                           മുറിവുണങ്ങാത്ത ഒരു വർഷം, കോളേജിലെ അയാളുടെ അവസാനത്തെ ഫുട്ബോൾ മാച്ച്.എന്ജിനീയേർസ് ട്രോഫിയുടെ  ഫൈനലിനു ഗ്രൌണ്ടിലേക്ക് ഇറങ്ങുംബോൾ കൂട്ടുകാരൻ ചെവിയിൽ പറഞ്ഞു.
'' അവരുടെ ക്യാപ്ടൻ ഷഹീദ്, ഷഹാനയുദെ ഇക്കാക്കയാണ്."
                               കളി തുടങ്ങി, ആദ്യ ഗോൾ അയാളുടെ ബൂട്ടിൽ നിന്നായിരുന്നു.ഗ്യാലറി ഇളകി മറിഞ്ഞു.അയാൾ നിർവികാരനായി തിരിച്ചു നടന്നു.പതിവുപോലെ ആ മരച്ചുവട്ടിലേക്ക് ഒന്ന്നോക്കുകമാത്രം ചെയ്തു.
                                       ഗ്രൌണ്ടിനു നടുക്ക് നിന്ന് അസഭ്യം ചൊരിയുന്ന പൂശാൻ താടിക്കാരനെ അയാൾ ഒന്ന് തുറിച്ചു നോക്കി.ഫുട്ബോൾ നാക്കു കൊണ്ടുള്ള കളിയല്ലെന്ന് അയാൾക്കറിയാമായിരുന്നു.മനസ്സിൽ ഷഹാനയുദെ മുഖം മിന്നിമാഞ്ഞുസ്വയം നഷ്ടപ്പെട്ടു പോയ ഒരു നിമിഷം ഓടിച്ചെന്ന്  സർവ്വശക്തിയും  സംഭരിച്ച് പന്ത് വലയിലേക്ക് അടിച്ചു കയറ്റുംപോലെ ഷഹീദിന്റെ ആസ്ഥാനത് ആഞ്ഞ് ചവിട്ടിയ്ടപ്പോൾ ഗ്യാലറി നിശബ്ദമായി.മരണത്തിലേക്കുള്ള പിടച്ചു കരയൽ അയാൾ കേട്ടില്ല.ചെവിയിൽ ഒരൊറ്റ വാചകം മാത്രമേ ഉണ്ടായിരുന്നില്ല.
'' എനിക്കൊരു താലിച്ചരടിന്റെ സുരക്ഷിതത്വം തരാമോ ? '

.....................................................................................



കടപ്പാട്  : പിറന്നാളിന്  ചെമ്പരത്തിപൂ അയച്ചു തന്ന സുഹൃത്തിന്  :) 



1 comments:

ajith പറഞ്ഞു...

കഥ കൊള്ളാം കേട്ടോ. ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Protected by Copyscape DMCA Takedown Notice Infringement Search Tool