-അവന്തിക -
എനിക്ക് ചുറ്റിലും ഇന്ന് പൊയ്മുഖങ്ങള്‍ മാത്രമാണ്.
ഉള്ളിളിരിപ്പുകലെ ഭംഗിയായ് മറയ്ക്കുന്ന,
വിലകൂടിയ പൊയ്മുഖങ്ങള്‍.
കണ്ണിനുള്ളിലെ കഥകള്‍ മൂടിവെക്കുന്ന,
വിഡ്ഢിയായ പൊയ്മുഖം.
അത് സ്വയം ശപിച്ച് അന്യര്‍ക്ക് അനുഗ്രഹം ചൊരിയുന്നു.
എവിടെയോ കളഞ്ഞുപോയ നിഷ്കളങ്കതയുടെ,
ബാല്യത്തെ തിരഞ്ഞ് തളര്‍ന്നു പോയ,
ഭൂതകാലത്തിന്റെ പൊയ്മുഖം.
എന്നോ കളങ്കപ്പെട്ടുപോയ മനസ്സിനെ,
മറയ്ക്കാന്‍ ശരീരവും ധരിച്ചു സൗന്ദര്യത്തിന്റെ പൊയ്മുഖം.
മനസ്സ് കറുത്ത് കൊണ്ടിരുന്നപ്പോള്‍ മുഖം ചായത്തില്‍ കുളിച്ചുകൊണ്ടിരുന്നു.
കാലം സൃഷ്ട്ടിച്ച അകലം കൂടിയും കുറഞ്ഞുമിരുന്നപ്പോള്‍,
മനസ്സില്‍ പോറലുകള്‍ അവശേഷിപ്പിച് സൗഹൃദവും,
അണിഞ്ഞിരുന്നു അപരിചിതത്വത്തിന്റെ മുഖം മൂടി.
മൗനത്തിന്റെ ഉള്ളിലെ അര്‍ഥം തിരഞ്ഞപ്പോള്‍,
അഴിഞ്ഞു വീണത് ആശവറ്റിയ പ്രണയം മറച്ചുപിടിച്ച,
നോവിന്റെ പൊയ്മുഖം.
കൂട്ടിക്കിഴിച്ച ജീവിതം കൈവിട്ടു പോകുമ്പോള്‍,
ഞാനും അണിയുകയായിരുന്നു ഒരു പൊയ്മുഖം,
ആരും തോല്കാതിരിക്കാന്‍,
ആരെയും തോല്പ്പിക്കതിരിക്കാന്‍........ ......