"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ചൊവ്വാഴ്ച, മാർച്ച് 24, 2015

നിർഭയ

-അവന്തിക -

                                നേരം സന്ധ്യയാകുന്നു.സൂര്യൻ ചക്രവാളത്തിലേയ്ക്ക് മടക്കുവാനുള്ള ഒരുക്കം കൂട്ടുമ്പോഴും ശീതീകരിച്ച ആ വലിയ തുണിക്കടയിൽ മുഖത്ത് മായാത്ത പുഞ്ചിരിയുമായി മായ തന്റെ ജോലി തുടരുകയായിരുന്നു.കറുപ്പിൽ നിന്ന് വെളുപ്പിലെക്കും അതിൽ നിന്നും ചുവപ്പിലെക്കും മാറി മാറി പട്ടു വസ്ത്രങ്ങൾ കസ്റ്റമാറിന് മുന്നിൽ  നിരത്തുമ്പോൾ ഏസിയുടെ പതിനെട്ട് ഡിഗ്രി തണുപ്പിലും അവൾ വിയർത്തു.തല ഉയര്‍ത്തി ശശികലയെ നോക്കിയപ്പോൾ അവൾ കൈ കൊണ്ട് എന്തോ ആംഗ്യം  കാട്ടി.ഇല്ല മാനേജര്‍ ഇനിയും എത്തിയിട്ടില്ല.അയാൾ എത്തിയാൽ മാത്രമേ  എല്ലാർക്കും പോവാനാകു.ഇനി എഴ് മണിക്കേ അയാളെ പ്രതീക്ഷിക്കെണ്ടതുള്ളൂ.എല്ലാ നല്ല ദിവസവും അത് അങ്ങനെയാണ്.ചിലപ്പോൾ എട്ട് മണിവരെയൊക്കെ ജോലി  ചെയ്യേണ്ടി വന്നിട്ടുണ്ട്.ശമ്പളത്തിന്റെ കൂടെ എന്തെങ്കിലും അധികം കിട്ടുമ്പോൾ ഒന്നും മിണ്ടാതെ എല്ലാരും ജോലി  ചെയ്യും.ഇതിപ്പോൾ രാവിലെ എട്ട് മണിക്ക് തുടങ്ങിയ നിൽപ്പാണ് നാളെ വിഷു ആയത് കൊണ്ട് കടയിൽ  വല്ലാത്ത തിരക്കും.ഉച്ചയ്ക്ക് ഒരുവക ഉണ്ടെന്നു വരുത്തി.ആകെ കിട്ടുന്ന പതിനഞ്ചു മിനുട്ടിൽ ഉച്ചയൂണും ക്ഷീണം തീർക്കലും  ഒക്കെ കഴിക്കണം.ശരീരം തളർന്നു പോകുമ്പോഴും ജീവിക്കേണ്ട തത്രപ്പാടിൽ ആ തളർച്ചയോക്കെ കണ്ടില്ലെന്നു നടിച്ചു.നേരം 6 .45 ആയിട്ടും കടയിൽ ആളോഴിയുന്നില്ല.ഒരുവക 7 മണിയോടെ മാനേജർ  എത്തി.എല്ലാർക്കും വിഷുക്കോടിയായി ആരും വാങ്ങാതെ കിടന്ന സാരി വിതരണം ചെയ്തപ്പോൾ സാരി വേണ്ടെന്നു വെച്ചു,എന്നും യൂണിഫോം ധരിക്കുന്ന തനിക്കെന്തിനാണ് പുതിയ സാരി.മോൾക്ക്‌ ഒരു ചുരിദാർ എടുത്തു.പുതിയ കോളേജിൽ പോകുമ്പോൾ നല്ലൊരു ചുരിദാറെൻങ്കിലും അവൾക്കു വേണ്ടേ.അവൾ ഇപ്പോൾ വീട്ടിൽ  തനിച്ചാണെന്ന ബോധം മായയെ ഉലച്ചു.എങ്ങനെയെങ്കിലും വീട്ടിൽ  എത്തിക്കിട്ടിയാൽ മതിയെന്നായി.7.30 ഓടെ പതിവായുള്ള ദേഹപരിശോധനയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ആ നഗരം ഇരുളിൽ അലിഞ്ഞിരുന്നു.

                                അണ്ടർ ബ്രിഡ്ജ് കടന്ന് ബസ്സ്‌ സ്റ്റോപ്പിൽ എത്തേണ്ട കാര്യം ഓർത്തപ്പോൾ മായയുടെ മനസ്സൊന്നു പിടഞ്ഞു. നടക്കുന്നതിനിടെ സാരിത്തലപ്പ് ദേഹത്തേക്ക്  എടുത്തിട്ടു. കാരണം ശരീരം തുളച്ചു കയറുന്ന ചിലരുടെ നോട്ടത്തെ അവൾ ഭയന്നിരുന്നു. നടക്കുന്നതിനിടയിൽ തനിക്ക് നേരെ ഉയർന്നു വരുന്ന നോട്ടവും താളമടിയും പാട്ടും  അവളെ അസ്വസ്ഥയാക്കി. അണ്ടർ ബ്രിഡ്ജിന്റെ അരണ്ട വെളിച്ചത്തിൽ  നിന്നും നഗരത്തിന്റെ തിളക്കത്തിലേക്കെ ത്തിച്ച്ചേരാൻ അവളുടെ മനസ്സ് വെമ്പി. ഒരു വിധം ബസ്സ്‌ സ്റ്റോപ്പിൽ എത്തിയപ്പോൾ ശ്വാസം വീണു.


                                  സമയം 7.40  പല ബസ്സുകളും വരികയും പോവുകയും ചെയ്തു.അതിൽ നിന്നെല്ലാം തുറിച്ച് നോട്ടങ്ങളും ഉണ്ടായി.ബസ്സ്‌ സ്റ്റോപ്പിൽ താൻ തനിച്ചാണെന്ന് മനസ്സ്ലായിട്ടാവാം വഴിയെ പോകുന്നവരും തുറിച്ച്  നോട്ടവും ഒളിഞ്ഞു നോട്ടവും തുടങ്ങി.തൊലി ഉരിഞ്ഞ് പോകുന്ന നോട്ടം.മായ തല താഴ്ത്തി നിന്നു.അപ്പോൾ പിന്നിൽ  നിന്നും ഒരു ചോദ്യം.

                             ''  പെങ്ങളെ നൂറു രൂപ അധികം തരാം, ഇന്ന് എന്റെ കൂടെ വരാമോ? ''

                             തല പൊക്കി നോക്കിയപ്പോൾ ചെറിയൊരു പയ്യൻ. ഭയത്തെക്കാളേറെ സങ്കടമാണ് തോന്നിയത്. കണ്ണ് നിറഞ്ഞു പോയി. അവനെ മായ രൂക്ഷമായൊന്നു നോക്കി. അവൻ പിന്തിരിഞ്ഞു. പക്ഷെ ഈ നോട്ടത്തെയും എന്തിന് എതിർപ്പിനെപ്പോലും വക വെക്കാത്ത, അവൾക്ക് എതിർക്കാനും പ്രതികരിക്കാനും പോലും അവകാശമില്ലെന്നു വാദിക്കുന്ന ഒരുകൂട്ടം ഭ്രാന്തന്മാരെ എങ്ങനെ നേരിടണം എന്ന മായയ്ക്ക് അറിയില്ലായിരുന്നു.

                            വീട്ടിൽ മകൾ  ഒറ്റയ്ക്കാണ് എന്ന് വീണ്ടും ഓർത്തു. വീട്ടിൽ ഫോണും ഇല്ല. എണ്ണിപ്പെറുക്കി കിട്ടുന്ന ശമ്പളം കൊണ്ട് തന്റെ കയ്യിലുള്ള ഫോണിനു പോലും റീചാർജ് ചെയ്യാൻ പറ്റാറില്ല. പിന്നെങ്ങനെയാ വേറൊന്നു കൂടി വാങ്ങുന്നത്. സ്ത്രീ സുരക്ഷയ്കായി വില കൂടിയ ഫോണുകളിൽ എന്തൊക്കെയോ ഉണ്ടെന്ന് കടയിൽ  പലരും പറയുന്നത് കേട്ടിട്ടുണ്ട്....പണം ഇല്ലാത്തവർക്ക്‌ വില ഇല്ല സുരക്ഷയും.

                             സമയം 7.45, ബസ്സ്‌ വന്നു. രണ്ടോ മൂന്നോ സ്ത്രീകളുണ്ട്  ബസ്സിൽ. അതുകൊണ്ട് ഒരാശ്വാസം തോന്നി. ഡൽഹി സംഭവത്തിന്‌ ശേഷം രാത്രി ബസ്സിൽ കയറാൻ കൂടി ഭയമായിരിക്കുന്നു. ഒഴിഞ്ഞു കിടന്ന ഒരു സീറ്റിൽ ഇരുന്നു. ഹോ എന്തൊരു ആശ്വാസം. ആറേഴ് മണിക്കൂർ തുടർച്ചയായി നിന്നതിനു ശേഷം ഇപ്പോഴാണ്  ഒന്ന് ഇരിക്കുന്നത്. താൻ വല്ലാതെ തളർന്നു പോയിരിക്കുന്നു എന്ന്  അപ്പോഴാണ്‌ മായ ഓർത്തത്. ബസ്സ്‌ നീങ്ങി അലപനെരതിനുള്ളിൽ കണ്ണുകൾ  അടയാൻ തുടങ്ങി.ക്ഷീണം കൊണ്ട് മയങ്ങിപ്പോയ തന്റെ അടുത്ത സീറ്റിൽ ആരോ വന്നിരുന്നത് മായ അറിഞ്ഞതേയില്ല. പക്ഷെ തന്റെ ശരീരത്തിൽ  അയാളുടെ കൈ ഇഴഞ്ഞ് വരുന്നത് അവളറിഞ്ഞു.

                          തിരിഞ്ഞു നോക്കാനുള്ള ശക്തി പോലും ചൊർന്ന് പോയിരുന്നു. ഒച്ചവേക്കണോ അതോ എല്ലാം സഹിക്കണോ. ഒച്ചവെച്ചാൽ തന്നെ എല്ലാവരും മോശമായി കാണില്ലേ എന്ന ചിന്ത അവളെ ഭയപ്പെടുത്തി. ശരീരം വിറയ്ക്കുന്നു. ഇനിയും പ്രതികരിക്കാതിരുന്നാൽ.....വയ്യ ഇനിയും സഹിക്കാൻ വയ്യ. സർവ ശക്തിയും സംഭരിച്ച് വലതു കൈ ഉയരത്തി അയാൾടെ മുഖത്ത് തന്നെ കൊടുത്തു നല്ല ഒരു പെട.

                           പ്രതീക്ഷിക്കാതെ കിട്ടിയ ആ പ്രതികരണത്തിൽ അയാൾ സീറ്റിൽ നിന്നും താഴെ വീണു.ബസ്സ്‌ സഡൻ ബ്രേക്ക്‌ ഇട്ടു. അപ്പോഴാണ്‌ വീണ മഹാന്റെ മുഖം മായ കണ്ടത്. രണ്ട് വർഷം മുന്പ് സ്വഭാവ ദൂഷ്യം ആരോപിച്ച് തന്നെ ഉപേക്ഷിച്ചു പോയ തന്റെ ഭർത്താവായിരുന്നു ആ സൽസ്വഭാവി. ബസ്സിൽ എല്ലാവർക്കും കാര്യം മനസ്സില്ലായി.ബാക്കി അവർ ഏറ്റെടുത്തു. ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം തോന്നി മായയ്ക്ക്. ആരെയും ഭയക്കാതെ തല ഉയർത്തി അവൾ റോഡിലൂടെ നടന്നു.

വീട്ടിൽ എത്തി കോളിംഗ് ബെല്ലടിച്ചു.                                                            '' ആരാ ''
                                                   '' അമ്മയാണ് മോളെ ''പാർവതി വാതിൽ തുറന്നു.                              '' നാളെ വിഷുവായിട്ട് എന്താ അമ്മെ ഇത്രേം വൈകിയത് ''     '' നാളെ വിഷു ആയത് കൊണ്ടാണ് ഇത്രേം വൈകിയത്.....ദാ  നിന്റെ വിഷുക്കോടി, എങ്ങനെയുണ്ട്?."              " അമ്മേടെ വിഷുക്കൈനീട്ടം ഇനിക്ക് ഇഷ്ടായി...അല്ല അമ്മയ്ക്ക് ഒന്നും വാങ്ങീല്ലെ?''       '' ഇല്ല എനിക്ക് പിന്നെ ആവാംന്ന്  കരുതി.നിനക്കല്ലേ ഇനി കോളേജിലോക്കെ പോകേണ്ടത്......പിന്നെ അമ്മ വേറൊരാൾക്ക്‌ കൂടി കൈനീട്ടം കൊടുത്തുട്ടോ ''
                                                                                          '' ആർക്ക് ? "        '' പെണ്ണിനെ മനുഷ്യനായി കാണാതെ ശരീരം മാത്രമായി കാണുന്ന ഒരാൾക്ക്‌.....അല്ല ഒരു കൂട്ടം ഭ്രാന്തന്മാർക്ക് ''
                          അമ്മ ആ കഥ മകൾക്ക് പറഞ്ഞു കൊടുത്തു.കാരണം അവളും ഈ ദുഷിച്ച സമൂഹത്തിലേക്ക് ഇറങ്ങേണ്ടവളാണല്ലോ.സ്ത്രീകൾ അക്രമിക്കപപെട്ടാൽ അതിൽ കൂടുതൽ ഉത്തരവാദി അവളും അവളുടെ വസ്ത്ര ധാരണവും ആണെന്ന് ഉറക്കെ ഉറക്കെ പറയുന്ന,രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ മോശക്കാരാണ്  എന്ന് മുദ്ര കുത്തുന്ന, പിറക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങളെപ്പോലും മാംസപിന്ധമായി കാണുന്ന ഈ നശിച്ച ലോകത്തെ അവളും ആദ്യമേ അറിഞ്ഞിരിക്കട്ടെ.


Protected by Copyscape DMCA Takedown Notice Infringement Search Tool