"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

തിങ്കളാഴ്‌ച, ജൂലൈ 22, 2013

വെട്ടയാടപ്പെടുന്നവര്‍

-ഷിബി-

                  ട്രെയിനിന്റെ ജനാലയ്ക്കരികില്‍ അവര്‍ രണ്ടുപേരും അഭിമുഖമായി ഇരുന്നു.അവരന്ന്  പരസ്പരം കണ്ണുകളില്‍ നോക്കിയില്ല.അടുത്തിരിക്കുമ്പോഴും  അവര്‍ അകലങ്ങളിലായിരുന്നു.അവളുടെ മനസ്സ് മനുവിനെ വെറുത്ത്  തുടങ്ങിയിരുന്നു .മനസ്സ് ആവര്‍ത്തിച്ച്  പറഞ്ഞു കൊണ്ടിരുന്നു  'നീ തിരയുന്ന പിശാചിന്റെ  അംശം അവനിലുമുണ്ട്  ,മനുവിനെ വെറുക്കുക' .പക്ഷെ കാലം ലോകത്തെ വെറുക്കാന്‍ മാത്രം പഠിപ്പിച്ചപ്പോള്‍ സ്നേഹത്തിന്റെ ആദ്യ പാഠം പഠിപ്പിച്ചത് അവനായിരുന്നല്ലൊ .താനെന്തിന്  മനുവിനെ വെറുക്കണം, അവനൊരു തെറ്റും ച്യ്തിട്ടിട്ടല്ലോ. മനസ്സുമായി അവള്‍ തര്‍ക്കിച്ചു  കൊണ്ടെയിരുന്നു. ആ  ചിത്രം ഒരിക്കല്‍ കൂടി അവളുടെ മനസ്സില്‍  മിന്നി മറഞ്ഞു. ചിന്തകളില്‍  നിന്നും ഞെട്ടിയുണര്‍ന്ന് അവള്‍ മനുവിനെ നോക്കി. അവന്റെ  കണ്ണുകള്‍  അയാളുടേത് പോലെയല്ല, ചുണ്ട്,മൂക്ക്,മുടി.... അവള്‍ അവനെ ഒന്നുകൂടെ നോക്കി. അയാളുടെ ഒരംശം പോലും അവള്‍ക്ക്  കാണാന്‍ കഴിഞ്ഞില്ല.

                   പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.അവരുടെ മനസ്സുകളില്‍  മൂടിക്കെട്ടിയ ആകാശവും ,ഇടിയും മിന്നലും മാത്രമേ ഉണ്ടായിരുന്നുള്ളൂ, മഴ മാത്രം പെയ്തില്ല.ജനല്‍ കമ്പികളില്‍  ഇടറ്റി വീഴാന്‍   തയ്യാറായി നില്‍ ക്കുന്ന  മഴത്തുള്ളികളെ നോക്കി അവളിരുന്നു.കാലം തന്നെ ജീവിതത്തിന്റെ  പുറത്തേക്കു വലിച്ചെറിഞ്ഞിട്ട്‌ ഇന്നേക്ക്   പന്ത്രണ്ട്  ര്‍ഷം തികയുന്നു.അങ്ങനെയെങ്കില്‍  ജീവിച്ചത് വെറും ആറു  വര്‍ഷം  മാത്രം .പിന്നീടുള്ള പന്ത്രണ്ട്  ര്‍ഷം  പകയുടെ കനല്‍ പൊള്ളിച്ച മനസ്സുമായി ജീവിതത്തിന്റെ പരിധിക്ക്  പുറത്ത്  അയാളെ അന്വേഷിച്ചു നടക്കുകയായിരുന്നു.
                    തീവണ്ടി കൂവിക്കൊണ്ട് യാത്ര തുടര്‍ന്നു.ഓര്‍മകള്‍ അതിലും വേഗത്തില്‍ മനസ്സിന്റെ ഇടവഴികളിലൂടെ പുറകിലേക്ക് പാഞ്ഞു.കാവിലെ ഉത്സവത്തിന്റെ ചെണ്ടയുടെ താളം മുറുകി. അന്നത്തെ ആറുവയസ്സുകാരി അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ച് ഉത്സവപ്പറമ്പിലൂടെ നടന്നു.വാശി പിടിച്ച് കരഞ്ഞപ്പോള്‍ അച്ഛന്‍ ഐസ്ക്രീം  വാങ്ങി കൊടുത്തു. ചന്തയിലെത്തിയപ്പോള്‍  അവള്‍ക്ക്  പാവക്കുട്ടി വേണമായിരുന്നു  .അവളുടെ വെളുത്ത  കൈ നിറയെ അമ്മ കരിവള അണിയിച്ചു.അച്ഛന്റെ കയ്യില്‍ തൂങ്ങി തന്റെ പാവക്കുട്ടിയും പിടിച്ച് അവള്‍ തുള്ളിച്ചാടി നടന്നു .മഞ്ഞു വീഴുന്നതിനും മുന്‍പ് വീട്ടില്‍ പോവാമെന്നു പറഞ്ഞപ്പോള്‍ അവള്‍ക്കു നാടകം നാടകം കാണണമെന്നായി.അമ്മ ശകാരിച്ചപ്പോള്‍ ഉണ്ടകണ്ണ് നിറച്ച് അവള്‍ അച്ഛനെ നോക്കി.അച്ഛന്‍ കണ്ണ് തുടച്ച് നാടകം കാണിക്കാന്‍ കൊണ്ട്പോയി .സ്നേഹം നിറഞ്ഞ ദേഷ്യത്തോടെ അമ്മ പറഞ്ഞു
            "ഇവളുടെ കിന്നാരം ഇച്ചിരി കൂടുന്നുണ്ട് , കൂട്ട് നില്‍ക്കാന്‍  അച്ഛനും ....ഒരച്ഛനും മോളും". 
                 നാടകം പകുതി  ആയപ്പോള്‍  അവള്‍ക്കു വീട്ടില്‍  പോകണം എന്നായി.വീണ്ടും ചന്തയുടെ അടുത്തെത്തിയപ്പോള്‍  വാശി പാവക്കുട്ടിക്ക്‌ കളിക്കാന്‍ ബലൂണ്‍ വേണം "ഞാന്‍  സ്കൂളില്‍ പോയാല്‍  പാവക്കുട്ടി എന്ത് ചെയ്യും ?"
 
                  അങ്ങനെ ഒരു ബലൂണ്‍ കൂടെ വാങ്ങി.വിജനമായ റോഡിലൂടെ  അവര്‍ നടന്നു.ഇരുട്ട് വിഴുങ്ങിയ റോഡില്‍ അവളുടെ കൊഞ്ചലും ചിരിയും മാത്രമേ  കേള്‍ക്കാനുണ്ടായിരുന്നുള്ളൂ.പെട്ടെന്നാണ് ഒരു കൂട്ടം ആളുകള്‍ അവര്‍ക്ക്  മുന്നില്‍ ചാടി വീണത്‌.ഭീകരനായ ഒരാള്‍ വടിവാളുകൊണ്ട് അച്ഛനെ തുരുതുരാ വെട്ടി .  ആര്‍ത്തു  കരഞ്ഞപ്പോള്‍  അമ്മയുടെ വയറ്റില്‍ അയാള്‍  കത്തി കുത്തി ഇറക്കി.ഓരോ വെട്ടും ആ പിഞ്ചു മനസ്സില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി.ചത്തെന്ന് ഉറപ്പാക്കി ആ കാലന്‍ ചിരിച്ച ചിരി അവളുടെ മനസ്സില്‍  മായാതെ കിടന്നു.ഊണിലും ഉറക്കിലും അയാളുടെ  മുഖം മനസ്സില്‍ മിന്നി മറഞ്ഞുകൊണ്ടിരുന്നു.അവള്‍  ആ ചിത്രം മനസ്സില്‍ നിന്നും മായാന്‍ അനുവദിച്ചില്ല എന്ന് പറയുന്നതാകും ശരി.അതൊരിക്കലും മങ്ങിപ്പോവാതിരിക്കാന്‍ അവള്‍  ര്‍ത്ത് കൊണ്ടെയിരിക്കുകയായിരുന്നു.ഇന്ന്‌ പന്ത്രണ്ടു വര്‍ഷം  കഴിഞ്ഞിരിക്കുന്നു.അയാള്‍ രൂപത്തിലും ഭാവത്തിലും ഒരുപാട് മാറിയിരിക്കാം.പക്ഷെ  മാറിയാലും അവള്‍ക്കയാളെ തിരിച്ചറിയാനാകും.രക്തസാക്ഷിത്വത്തിന്റെയും   രാഷ്ട്രീയ മുതലെടുപ്പുകളുടെയും അന്വേഷണങ്ങള്‍ അവസാനിപ്പിച്ച് അനാഥമന്ദിരത്തിന്റെ ചുവരുകള്‍ക്കിടയിലേക്ക്  വലിച്ചെറിയപ്പെട്ടനാള്‍ മുതല്‍ അവള്‍ കാത്തിരിക്കുകയാണ് അയാളെ  ഒന്ന്   കാണാന്‍.അയാള്‍ക്ക്‌ മാത്രം   തരാന്‍  കഴിയുന്ന തന്റെ ചോദ്യങ്ങള്ക്കുള്ള ഉത്തരത്തിനായി.
 

                ഒരു ഞെരക്കത്തോടെ വണ്ടി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍  നിന്നു. ഒരപരിചിതരെപ്പോലെ ഒന്നും മിണ്ടാതെ അവര്‍ നടന്നു. അവള്‍ തന്നോട്  ഇനി പഴയതു പോലെ  സംസാരിക്കില്ലായിരിക്കും . അവളുടെ സ്ഥാനത്ത്  താനായിരുന്നെങ്കിലും ഇത് തന്നെ ആയിരിക്കും സംഭവിക്കുന്നത്‌. തന്റെതല്ലാത്ത കാരണം കൊണ്ട് സമൂഹം വേട്ടയാടാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക്  പന്ത്രണ്ട്  വര്‍ഷം തികയുന്നു. സെന്‍ട്രല്‍  ജയിലിലേക്ക് ബസ്സ് കയറുമ്പോള്‍ അവന്റെ ചിന്തകള്ക്ക് തീപിടിക്കാന്‍ തുടങ്ങിയിരുന്നു.ഓരോ കുട്ടിയുടെയും ആദ്യത്തെ ഹീറോ സ്വന്തം അച്ഛനാണെന്ന് പറയാറുണ്ട്‌.തനിക്കും അങ്ങനെ തന്നെയായിരുന്നു.പക്ഷെ അന്നത്തെ ആ പുലരി താന്‍ പണിത  സങ്കല്പ്പത്തിന്റെ കൊട്ടാരങ്ങളെ തകര്‍ത്തു കളഞ്ഞു.അച്ഛന്റെ മടിയില്‍  ഇരുന്ന് ചായ കുടിക്കുംബോഴായിരുന്നു മുറ്റത്ത് പോലീസ് ജീപ്പ് വന്ന് നിന്നത്.വിലങ്ങുകളണിഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍  അച്ഛന്‍  തിരിഞ്ഞു നോക്കിയത് ഓര്‍മയുണ്ട്.പക്ഷെ അന്ന് തന്റെ മനസ്സില്‍  നിന്നും അയാള്‍ ഇറങ്ങിപ്പോയിരുന്നു.പിന്നീട് അച്ഛന്‍ എന്ന വാക്ക് ഉച്ചരിക്കാന്‍  അറപ്പായിരുന്നു.കൊലയാളിയുടെ മകനെന്ന പേര്, നാട്ടുകാരും കൂട്ടുകാരും പറഞ്ഞ കുത്തുവാക്കുകള്‍  അതിനിടയില്‍ അമ്മയുടെ നേര്‍ത്ത കരച്ചില്‍ "നിന്റെ അച്ഛന് അതിന് കഴിയില്ല മോനെ".അച്ഛന്‍ ജയിലില്‍ പോയതിന്റെ കാരണം ഇതുവരെ അന്വേഷിച്ചിട്ടില്ല.അറിയാന്‍ ആഗ്രഹവും ഇല്ലായിരുന്നു.ഒടുവില്‍ തന്റെ കൂട്ടുകാരിയുടെ കണ്ണില്‍ തളം  കെട്ടി നില്‍ക്കുന്ന  ഭയത്തിന്റെ ഉത്തരവാദി തന്റെ അച്ഛനാണെന്ന സത്യം അറിയുമ്പോഴേക്കും ആഗ്രഹിച്ച്  പോയിരുന്നു ജീവപര്യന്തം ശിക്ഷ അന്ന് വധ ശിക്ഷ ആയാല്‍ മതിയായിരുന്നു  എന്ന്.ഒരു മകനും ആഗ്രഹിക്കാന്‍  പാടില്ലാത്തത്.
                              ബസ്സിലിറങ്ങി അവര്‍ ജയിലിലേക്ക് നടന്നു.രണ്ടുപേരുടെയും ഹൃദയത്തില്‍ പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു.വര്‍ഷങ്ങളായി  താന്‍ കൊണ്ട് നടക്കുന്ന ചോദ്യങ്ങളുടെ ഉത്തരം തേടി അവള്‍ വേഗത്തില്‍ നടന്നു.കുറ്റവാളിയെങ്കിലും  അറുത്തുമാറ്റാന്‍ പറ്റാത്ത അച്ഛനെന്ന സത്യത്തിലേക്ക് അവനും.
                              ജയിലിന്റെ ഗേറിന് മുന്നില്‍ അവര്‍ കാത്തു നിന്നു.വാതില്‍  തുറന്ന് വാര്‍ദ്ധക്യം നേരത്തെ പിടിച്ചു ഞെരുക്കിയ ഒരാള്‍ പന്ത്രണ്ട് വര്ഷത്തെ തന്റെ സമ്പാദ്യത്തിന്റെ പൊതിക്കെട്ടുമായി പുറത്തിറങ്ങി.അതുവരെ തല താഴ്ത്തി നിന്ന അവള്‍ വര്‍ഷങ്ങളുടെ  എരിയുന്ന പുകയുമായി അയാളെ നോക്കി .പഴയ ചിത്രം പലതവണ മനസ്സില്‍ മിന്നി മാഞ്ഞു.മനസ്സില്‍ ആയിരം മുറിവുകള്‍ക്കൊപ്പം ഒരു മുറിവുകൂടി ഏറ്റപ്പോള്‍ അവള്‍ കരഞ്ഞു. "ഇത് അയാളല്ല..........ഇത് അയാളല്ല.........." മനു അപ്പോഴേക്കും തിരിഞ്ഞ്  നടന്നിരുന്നു.നിറകണ്ണുകളോടെ അയാള്‍ വിളിച്ചു "മോനെ മനു......"അവനത് കേട്ടതേയില്ല.അയാളുടെ കണ്ണുകളില്‍ നിന്ന് വെട്ടയാടപ്പെടുന്നവന് പറയാനുള്ളത് അവള്‍ക്ക് വായിച്ചെടുക്കാമായിരുന്നു. 

മനസ് പറഞ്ഞത്

-ശ്രീഹരി-

പറയരുതായിരുന്നു  ഞാനെന്റെ
മനസിലുയർന്ന
വാക്കുകളത്രയും ...
വിരിഞ്ഞതൊക്കെയും  കൊഴിഞ്ഞു
പോകവേ ,
വീണ്ടും
പൂക്കുവാൻ കായ്ക്കുവാൻ പിന്നെയാ 
തണലിൽ മയങ്ങുവാൻ ,
ചാഞ്ഞൊന്നുറങ്ങുവാൻ ,
ഇരുളിൻ മഹാമൌനം മനസ്സിൽ
കുറിച്ചിട്ട മൂകഗാനം
ഏറ്റു പാടുവാൻ ,
നീ ഉണ്ടാകുമായിരുന്നു ഞാനത്
പറഞ്ഞിരുന്നിലെങ്കിൽ .....
നീ ഉണ്ടാകുമായിരുന്നു എന്നെ
നീ അറിഞ്ഞിരുന്നെങ്കിൽ ....
പറഞ്ഞിരുന്നു  നീ കടുത്ത
വാക്കുകൾ പലപ്പോഴായെൻ
മുഖത്ത് നോക്കി -
യന്നൊരിക്കലും ഞാൻ പിണങ്ങിയില്ല
നിൻ കളിവാക്കു
മാത്രമായി കരുതി വന്നു ഞാൻ...
ഇന്ന് നീയെൻ  വാക്കു കേൾക്കവെ ,
മുഖം തിരിച്ചു നടന്നകലവേ  ,
ഓർക്കാമായിരുന്നു നിനക്ക് നമ്മളെ,
നാമാക്കി മാറ്റിയ
  കാലത്തെ യെങ്കിലും ......
കാണാമായിരുന്നു നിനക്കെൻ
മിഴിയിൽ നിറഞ്ഞു വന്നൊരാ കണ്ണു -
നീരെങ്കിലും .....
മനസിലുള്ളത് മറച്ചു വയ്ക്കാതെ
പറഞ്ഞു പോയതോ ഞാൻ ചെയ്ത
പാതകം ?
മാപ്പ് ചോദിക്കുന്നു ,
പറഞ്ഞുപോയതിൽ .....
പശ്ചാത്തപിക്കുന്നു ,അറിയാതെ
പോയതിൽ .....
പറയരുതായിരുന്നു  ഞാനെന്റെ
മനസിലുയർന്ന
വാക്കുകളത്രയും ...
അറിയണമായിരുന്നു
ഞാൻ നിൻറെ മനസിലുണ്ടാകുന്ന
വേദനകളത്രയും ....
Protected by Copyscape DMCA Takedown Notice Infringement Search Tool